
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : മൂന്ന് ലക്ഷത്തിലധികം കോപ്പികള്‍ വിറ്റുപോയ റാം c/o ആനന്ദി എന്ന നോവല്‍ മുന്നൂറ് താളുകള്‍ എഴുതിയ ശേഷം പൂര്‍ണമായും ഒഴിവാക്കി വീണ്ടും എഴുതിയ പുസ്തകമാണെന്ന് അഖില്‍ പി ധര്മജന്. രണ്ടാമത് എഴുതിയപ്പോള്‍ കഥ പറയുന്ന രീതിയില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചുവെന്നും അഖില്‍ പറഞ്ഞു. 43ാമത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ‘പുസ്തകത്തിനപ്പുറമുള്ള കഥകള്‍ റാം C/O ആനന്ദിയുടെ കഥാകാരന് അഖില്‍ പി ധര്‍മജനുമൊത്ത് ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യ രചന പൂര്‍ത്തിയാക്കിയ ശേഷം 2018 എന്ന സിനിമയുടെ തിരക്കഥ എഴുതി. ഇതിന് ശേഷം ഒരിക്കല്‍ കൂടി വായിച്ചപ്പോള്‍ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ എഴുതാമായിരുന്നു എന്ന് ബോധ്യമായതുകൊണ്ടാണ് ആദ്യം എഴുതിയത് പൂര്‍ണമായും ഒഴിവാക്കിയതെന്നും അഖില്‍ വിശദീകരിച്ചു.
നോവല്‍ സിനിമയാക്കുമ്പോ ള്‍ പ്രണവ്,സായ് പല്ലവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് മനസില്‍ ഉണ്ടായിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇനി സംവിധായികയുടെ താത്പര്യം കൂടി മാനിച്ചാവും അഭിനേതാക്കളെ തിരഞ്ഞെടുക്കുകയെന്നും അഖില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മോശമായി ഒന്നും ചെയ്യുന്നില്ല. ആരെയും അക്രമിക്കുന്നില്ല. എന്നിട്ടും തനിക്കെതിരെ പല കോണുകളില്‍ നിന്നും അധിക്ഷേപങ്ങള്‍ വരുന്നു. ചിലര്‍ തന്റെ ശബ്ദത്തെയും വേഷത്തെയും പരിഹസിക്കുന്നു. മറ്റുചിലര്‍ ‘ബോഡി ഷെയ്മിങ്ങ് ചെയ്യുന്നു. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അവഗണിക്കാനും അതിജീവിക്കാനും പഠിച്ചു.
എഴുത്തുകാരനാവണം എന്നാഗ്രഹിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ട ഒരാളാണ് താന്‍. മുമ്പ് തന്നെ ആക്രമിച്ചവര്‍ ഇപ്പോള്‍ സുഹൃത്താണെന്ന് പരിചയപ്പെടുത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നത് തന്റെ മധുര പ്രതികാരമാണെന്ന് അഖില്‍ പറഞ്ഞു.
തന്റെ ഏറ്റവും പുതിയ നോവലിന് ഒരു ഫ്രഞ്ച് വെബ് സീരീസുമായി സാമ്യമുണ്ടെന്ന് വന്നതോടെ താന്‍ വിഷാദത്തിലേക്ക് വീണുപോയെന്ന് അഖില്‍ വെളിപ്പെടുത്തി. പിന്നീട് ചികിത്സയുടെ സഹായത്തോടെയാണ് എഴുത്തുജീവിതത്തിലേക്ക് തിരികെ വന്നതെന്നും അഖില്‍ പറഞ്ഞു. നോവല്‍ പുതിയ ഭാവുകത്വത്തോടെ എഴുതി പൂര്‍ത്തിയാക്കിയെന്നും അടുത്ത വര്‍ഷം ജനുവരിയില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാം C/O ആനന്ദി എന്ന നോവലിലെ തന്റെ ഇഷ്ട കഥാപാത്രം മല്ലിയാണെന്ന് അഖില്‍ വ്യക്തമാക്കി. നോവലിന്റെ രചനാഘട്ടത്തില്‍ ആനന്ദിയെക്കാള്‍ കൂടുതല്‍ സ്വീകാര്യത മല്ലിയ്ക്ക് കിട്ടുമെന്ന് തോന്നിയിരുന്നു. ട്രാന്‍സ് ജന്‍ഡേഴ്സിനോട് പൊതുവെ സമഭാവനയോടെ പെരുമാറുന്നവരാണ് മലയാളികളെന്ന് അഖില്‍ പറയുന്നു. മല്ലി തന്റെ ജീവിതത്തിലൂടെ കടന്നുപോയ കഥാപാത്രമാണ്. ഓരോ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യം നോവലില്‍ നല്‍കിയിട്ടുണ്ട്. സ്വന്തമായ അസ്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് നോവലില്‍ ഉള്ളത്. നോവല്‍ ഇനിയും വായിക്കാത്തവര്‍ ഉള്ളതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല എന്നും അഖില്‍ പറഞ്ഞു. തന്റെ ഹൃദയത്തിലുള്ള റാം C/O ആനന്ദി എഴുതിക്കഴിഞ്ഞു. നോവല്‍ സിനിമയാക്കുമ്പോള്‍ പ്രിയപ്പെട്ട പല രംഗങ്ങളും ഒഴിവാക്കേണ്ടി വരും. അത് വേദനാജനകമായതുകൊണ്ട് തിരക്കഥാ രചനയുടെ ഭാഗമാവുന്നില്ലെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ തീരുമാനം സിനിമയെ ബാധിക്കില്ലെന്നും തിരക്കഥ പൂര്‍ത്തിയായ ശേഷം ചര്‍ച്ച നടത്തുമെന്നും അഖില്‍ പറഞ്ഞു.
സ്കൂള്‍ പഠന കാലം മുതല്‍ ഫാന്റസിയുടെ ലോകത്തായിരുന്നു. മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍ മണ്ണിട്ട് അവിടം ദ്വീപാണെന്ന് സങ്കല്‍പ്പിച്ച് ഉറുമ്പുകളെ കയറ്റിവിടുകയും കടലാസ് വഞ്ചികള്‍ ഉണ്ടാക്കി വിടുകയും ചെയ്യുമായിരുന്നു. മെര്‍ക്കുറി ഐലന്‍ഡ് എന്ന നോവലിന്റെ പ്രചോദനം ഇതാണ്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എഴുത്ത് തുടങ്ങിയത്. ട്യൂഷന് ക്ലാസ്സിലെ സഹപാഠിയും അയല്‍ക്കാരനുമായ അഭിജിത്താണ് ആദ്യ വായനക്കാരനും വിമര്‍ശകനും.ഇന്നും തന്റെ രചനകളുടെ ആദ്യ പ്രൂഫ് റീഡര്‍ അഭിജിത്താണെന്ന് അഖില്‍ പറഞ്ഞു. സ്വപ്നങ്ങള്‍ക്ക് പരിമിതിയുണ്ടെന്ന് കരുതി ജീവിച്ച ഒരാളാണ്. പ്രസാധകര് നിരാകരിച്ച തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത് വായനക്കാരുടെ പിന്തുണ കൊണ്ടാണ്.അതുകൊണ്ട് തന്നെ വായനക്കാരാണ് തന്റെ സുഹൃത്തുക്കളെന്നും അഖില്‍ പി ധര്മജന് പറഞ്ഞു. എന്നാല്‍ ആദ്യ കടപ്പാട് ഫേസ്ബുക്കിനോടാണെന്നും അഖില്‍ പറയുന്നു. സുഹൃത്തായ ഹരിനാണ് സൗജന്യമായി കവര്‍ രൂപകല്പന ചെയ്തുനല്‍കിയത്. സുഹൃത്തായ വിഷ്ണുവാണ് ‘കളറിങ്ങ്’ ചെയ്തത്. പി ആര് ജോലികള്‍ക്കായി ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും അഖില്‍ പറഞ്ഞു, ആര് ജെ വൈശാഖ് മോഡറേറ്ററായിരുന്നു. റാം C/O ആനന്ദിയുടെ നിറ വിന്യാസത്തില്‍ രഞ്ജിത്ത് വരച്ച അഖിലിന്റെ ചിത്രം ചിത്രകാരന് തന്നെ ചടങ്ങില്‍ സമ്മാനിച്ചു. വായനക്കാര്‍ക്ക് പുസ്തകം ഒപ്പുവെച്ച് നല്കി. ഒപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷമാണ് റാം C/O ആനന്ദിയുടെ കഥാകാരന് മടങ്ങിയത്.