
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : ജിപിടിയുടെ അറബി ഭാഷ ചരിത്ര നിഘണ്ടു പദ്ധതിക്ക് തുടക്കം. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍ നടന്ന ആദ്യ ഷാര്‍ജ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ എഐ ആന്റ് ലിംഗ്വിസ്റ്റിക്സില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ഷാര്‍ജയിലെ അറബിക് ലാംഗ്വേജ് അക്കാദമിയുടെ സുപ്രീം പ്രസിഡന്റുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും പങ്കെടുത്തു. അറബി ഭാഷയെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകളും കൃത്രിമ ബുദ്ധിയും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സാങ്കേതിക മുന്നേറ്റങ്ങളും എഐയും ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു. ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി പ്രസിഡന്റ് ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. എമിറേറ്റ്സ് ഫൗണ്ടേഷന് ഡിവിഷനായ എമിറേറ്റ്സ് സ്കോളര്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് സ്റ്റഡീസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാഭ്യാസം, ശാസ്ത്രം,ഗവേഷണം,സാങ്കേതിക വിദ്യ,സാംസ്കാരികം എന്നീ മേഖലകളില്‍ നിന്നുള്ള അമ്പതിലധികം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അറബി പദാവലിയുടെ ചരിത്രത്തിനും വേരുകള്ക്കുമായി എഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ നിഘണ്ടു പ്രോജക്റ്റിന്റെ ആദ്യ പതിപ്പിനെക്കുറിച്ചുള്ള ഒരു വിഷ്വല്‍ അവതരണവും പരിപാടിയുടെ ഭാഗമായി നടന്നു. ചരിത്ര നിഘണ്ടു പദ്ധതിയുടെ സമാരംഭം അറബി ഭാഷയുടെ പദവി ഉയര്‍ത്തുന്നതിനും സമകാലിക വെല്ലുവിളികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഷാര്‍ജ എമിറേറ്റിന്റെ പ്രതിബദ്ധതയാണ്. ആഗോളതലത്തില്‍ ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ആധുനിക കണ്ടുപിടുത്തങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നതാണ് സംരംഭം ലക്ഷ്യമിടുന്നത്.