റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ദുബൈ: യുഎഇയുടെ ഗതാഗത രംഗത്ത് വഴിത്തിരിവ് കുറിച്ച് ഇത്തിഹാദ് റെയിലിന്റെ ദുബൈ-അബുദാബി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് രാവിലെ 6.14-ന് ദുബൈയിലെ അല്‍ യലായീസ് സ്റ്റേഷനില്‍ നിന്നാണ് ആദ്യ ട്രെയിന്‍ അബുദാബിയിലേക്ക് പുറപ്പെട്ടത്. 1 മണിക്കൂര്‍ 4 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള യാത്ര, എമിറേറ്റുകള്‍ക്കിടയിലുള്ള യാത്രാസമയത്തില്‍ വന്‍ കുറവാണ് വരുത്തുന്നത്. രാവിലെ 6.14-ന് പുറപ്പെട്ട ആദ്യ ട്രെയിന്‍ 7.18-ന് അബുദാബിയിലെത്തിച്ചേര്ന്നു.
ആദ്യ സര്‍വീസിന് മുന്നോടിയായി പുലര്‍ച്ചെ 5.30 മുതല്‍ തന്നെ അല്‍ യലായീസ് സ്റ്റേഷനിലേക്ക് യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. തത്സമയ സംഗീത പരിപാടികളും നൃത്താവതരണങ്ങളുമായാണ് ആദ്യദിന യാത്രക്കാരെ അധികൃതര്‍ സ്റ്റേഷനിലേക്ക് സ്വീകരിച്ചത്. യുഎഇയുടെ റെയില്‍ ശൃംഖല ചിത്രീകരിക്കുന്ന കൂറ്റന്‍ പ്രകാശപൂരിതമായ മാപ്പും ലൈറ്റ് സെറ്റിങ്സും ക്രമീകരിച്ചിരുന്നു.
സര്‍വീസ് ആരംഭിച്ച ആദ്യ ദിനം തന്നെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിഞ്ഞത്. ഇത്തിഹാദ് റെയില്‍ ബുക്കിംഗ് പ്ലാറ്റ്ഫോമിലെ വിവരങ്ങള്‍ പ്രകാരം ഉച്ചയ്ക്ക് 1.14-ന്റെയും രാവിലെ 6.14-ന്റെയും പ്രീമിയം, കംഫര്‍ട്ട് ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു. വൈകുന്നേരം 5.14, 6.14 സര്‍വീസുകള്‍ക്ക് 39 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.
അല്‍ യലായീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ഡ്രോപ്പ് ചെയ്യുന്നതിനുമായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് നിലവില്‍ വന്നതോടെ, യുഎഇയിലെ റോഡ് ഗതാഗതത്തിലെ തിരക്ക് കുറയുമെന്നും യാത്ര കൂടുതല്‍ ആയാസരഹിതമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.