
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : പുരുഷന്മാര് ചെയ്യുന്നതൊക്കെ അതേപടി അനുകരിക്കുന്നതല്ല ഫെമിനിസമെന്ന് എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞു. നിരന്തരമായി പൊരുതുന്നതാണ് ഓരോ സ്ത്രീയുടെയും ജീവിതം. പ്രതിസന്ധികളില്‍ സ്ത്രീകള്‍ തന്നെ സ്ത്രീകളെ കൈവിടുന്ന പ്രവണത ഒഴിവാക്കണം. നിരന്തരമായ പൊരുതലാണ് സ്ത്രീജീവിതമെന്നും അശ്വതി പറഞ്ഞു. 43 മാത് ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ‘റേഡിയോ വീചികളില്‍ നിന്ന് ലിഖിതാക്ഷരത്തിലേക്ക് അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അശ്വതി. പെണ്‍കുട്ടികള്‍ ചെറുപ്പം മുതല്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കേള്‍ക്കുന്ന നിര്‍ദേശം ‘ശബ്ദം താഴ്ത്തി സംസാരിക്കൂ’ എന്നതായിരിക്കും. സ്ത്രീകള്‍ എപ്പോഴും സ്ത്രീകളെ പിന്തുണക്കണം. സ്ത്രീകള്‍ ഒരു പ്രശ്നത്തെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോള്‍ അതെക്കുറിച്ച് കൃത്യമായി അറിയുന്ന സ്ത്രീകള്‍ അതിനെ റദ്ദ് ചെയ്യരുത്. അങ്ങനെ വന്നാല്‍ അവര്‍ പങ്കുവെക്കുന്ന പ്രശ്നങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് അശ്വതി ചൂണ്ടിക്കാട്ടി.
ഒന്‍പത് കഥകള്‍ അടങ്ങിയ ‘കാളി’ എന്ന പുസ്തകം വേഗത്തില്‍ എഴുതിത്തീര്‍ത്ത പുസ്തകമാണ്. ഇതിലെ ചില കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കോവിഡ് കാലത്താണ് മറ്റുള്ളവരെ കൂടുതലായി കേള്‍ക്കാന്‍ തുടങ്ങിയത്.അപരിചിതരായ പലരും വിളിച്ച് സങ്കടങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ജീവിത പരിശീലക എന്ന ദൗത്യത്തിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് താഴെ വരുന്ന ചില കമന്റുകളില്‍ അശ്ലീല പ്രയോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ കരയുമായിരുന്നു, പിന്നീട് അവയെ അതിജീവിക്കാനും അത്തരം സമീപനങ്ങളെ തള്ളിക്കളയാനും പഠിച്ചു.
മക്കളെ വളര്‍ത്തുന്നതിനുള്ള സുപ്രധാനമായ ചില പാഠങ്ങള്‍ സ്വായത്തമാക്കിയത് മൂത്ത മകളില്‍ നിന്നാണെന്ന് അശ്വതി പറഞ്ഞു. ചെറുപ്പത്തില്‍ ഉണ്ടാകുന്ന മാനസിക ആഘാതങ്ങള്‍ കുട്ടികളുടെ സ്വഭാവത്തെ ബാധിക്കുമെന്നതിന് ഒരു അനുഭവം അശ്വതി പങ്കുവെച്ചു.
ബാല്യകാലത്ത് വഴക്ക് കൂടുമ്പോള്‍ ‘അമ്മ ‘ നിശബ്ദ ചികിത്സ’ നല്‍കുമായിരുന്നു. ദിവസങ്ങളോളം മിണ്ടാതിരിക്കുക എന്ന ശിക്ഷയായിരുന്നു ആ ചികിത്സ. ‘അമ്മ വീണ്ടും മിണ്ടുന്നത് വരെ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നു. പിന്നീട് ജീവിത പങ്കാളിയോ അടുത്ത സുഹൃത്തുക്കളോ തിരക്ക് മൂലമോ മറ്റോ മിണ്ടാതെയിരുന്നാല് അത് തന്നെ ശിക്ഷിക്കുന്നതിനാണെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ അത്തരം തോന്നലുകളില്‍ നിന്ന് മുക്തയായിയെന്നും അശ്വതി ശ്രീകാന്ത് പറഞ്ഞു. മാധ്യമ പ്രവര്ത്തകന് അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു.