
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : ഗ്ലോബല്‍ വില്ലേജ് 29ാം പതിപ്പിന് ഇന്നലെ വര്‍ണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് ആറു മണിക്കാണ് കൗതുക കാഴ്ചകളുടെ വിസ്മയ ലോകത്തിന്റെ വാതായനങ്ങള്‍ തുറന്നത്. ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ രണ്ട് പവിലിയനുകളും ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും ഒരു സംയോജിത പവിലിയനും ഉള്‍പ്പെടുത്തിക്കൊണ്ട് മൊത്തം പവിലിയനുകളുടെ എണ്ണം ഈവര്‍ഷം 30 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. അതത് രാജ്യങ്ങളുടെ പരമ്പരാഗത വസ്ത്രം, ഭക്ഷണം, കരകൗശല വസ്തുക്കള്‍, കലാ പ്രകടനങ്ങള്‍ എന്നിവയെല്ലാമാണ് പവിലിയനുകളില്‍ ഉള്ളത്.
കൂടാതെ നവീകരിച്ച റെയില്‍വേ മാര്‍ക്കറ്റ്, ഫീയസ്റ്റ സ്ട്രീറ്റ്, ഫ്ലോട്ടിങ് മാര്‍ക്കറ്റ് എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിക്കും.ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകള്‍ ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ കാര്‍ണിവല്‍ പ്രദേശത്തിന് സമീപത്തായി രണ്ട് നിലകളുള്ള റസ്റ്ററന്റ് പ്ലാസയും ഇത്തവണയുണ്ടാകും. ഷോപ്പിങ് പ്രേമികള്‍ക്കായി 3500ലേറെ ഷോപ്പിങ് കേന്ദ്രങ്ങളുമുണ്ട്. ഡൈനിങ് ഏരിയ, ഡ്രാഗണ്‍ തടാകം, ഫിയസ്റ്റ സ്ട്രീറ്റ്, റെയില്‍വേ മാര്‍ക്കറ്റ്, ഫ്ലോട്ടിങ് മാര്‍ക്കറ്റ്, 200ലേറെ റൈഡുകള്‍,ഗെയിമുകള്‍ എന്നിങ്ങനെ നീളുന്നു ആകര്‍ഷണങ്ങളുടെ നിര. പ്രധാന സ്റ്റേജിലും കിഡ്സ് തിയേറ്ററുകളിലും വിവിധ പവിലിയനുകളിലുമായി 40,000ലേറെ കലാ, സാംസ്കാരിക, വിനോദ പരിപാടികള്‍ അരങ്ങേറും.
വിവിധ വേദികളിലായി ദിവസവും 200ലേറെ കലാ പരിപാടികളുണ്ടാകും. ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകീട്ട് നാല് മുതല്‍ അര്‍ധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും വൈകീട്ട് നാല് മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും ആഗോള ഗ്രാമം പ്രവര്‍ത്തിക്കും. ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രവേശനം പരിമിതപ്പെടുത്തും. ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ഗേറ്റിലും ലഭ്യമാണ്. പൊതു അവധി ദിനങ്ങള്‍ ഒഴികെ ഞായര്‍ മുതല്‍ വ്യാഴം വരെ സന്ദര്‍ശിക്കാന്‍ 25 ദിര്‍ഹമാണ് നല്‍കേണ്ടത്. ഏത് ദിവസവും പ്രവേശനം നല്കുന്ന എനിഡേ ടിക്കറ്റിന് 30 ദിര്‍ഹവും നല്‍കണം. മൂന്ന് വയസില്‍ താഴെയുള്ളവര്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്.
സ്റ്റണ്ട് ഷോ, കാര്‍ണിവല്‍, റിപ്ലീസ് ബിലീവ് ഇറ്റ് ഓര് നോട്ട് എന്നിങ്ങനെ ചില ആകര്‍ഷണങ്ങളിലേക്കും റൈഡുകളിലേക്കും പ്രവേശന ടിക്കറ്റിന് പുറമേ പ്രത്യേക നിരക്കുകള്‍ ബാധകമാണ്. ദുബൈ, അജ്മാന്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍നിന്ന് ഗ്ലോബല്‍ വില്ലേജിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 25 ദിര്‍ഹമാണ് ഒരു വശത്തേക്കുള്ള യാത്രാ നിരക്ക്. മസാര്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.