റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്കി. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ആയിരിക്കെ നടന്ന കെഎസ്ടിപി അഴിമതിയിലാണ് അന്വേഷണം നടത്തുക. കൂടാതെ, കരാര്‍ ഏറ്റെടുത്ത പതിബെല്‍ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം പ്രഖ്യാപിച്ചു. എഞ്ചിനീയറുടെ ആത്മഹത്യാ കുറിപ്പിലുള്ള പരാമര്‍ശമാണ് ഗ്യാനേഷ്കുമാറിന് കുരുക്കായത്.
മലേഷ്യന്‍ പൗരനായിരുന്ന എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 2006 ല്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തിയ കേസിന്റെ വിവരങ്ങളാണു തേടുന്നത്. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നിര്‍വാഹക സമിതി അംഗം മലയിന്‍കീഴ് വേണുഗോപാലാണ് പരാതി നല്‍കിയത്. മലേഷ്യന്‍ പൗരന് ആത്മഹത്യ ചെയ്യുന്ന സമയത്ത്, കേരളത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ്.
എംസി റോഡ് വികസനപദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്ന പതിബെല്‍ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജര്‍ ലീ സീ ബീന്‍ 2006 ല്‍ മലേഷ്യയില്‍ ആത്മഹത്യ ചെയ്തിരുന്നു. പദ്ധതിയുടെ തുക പാസാക്കുന്നതുമായി ബന്ധപ്പെട്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നു നേരിടേണ്ടിവന്ന കടുത്ത സമ്മര്‍ദമാണു മരണത്തിനു വഴിവച്ചതെന്ന് ലീ ആത്മഹത്യക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. വകുപ്പുസെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനെക്കുറിച്ചും പരാമര്‍ശമുണ്ടായി. പദ്ധതിയിലെ ക്രമക്കേടുകളില്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ലീയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഗ്യാനേഷ് കുമാറിന് പങ്കുണ്ടെന്ന് ഡോ. തോമസ് ഐസക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി (എസ്ഐആര്‍) ബന്ധപ്പെട്ട പരാതികളില്‍ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെയാണു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.