അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ദുബൈ: ഹോര്‍മുസ് കടലിടുക്കില്‍ അജ്ഞാത പ്രോജക്ടൈല്‍ പതിച്ച് കേടുപാടുകള്‍ സംഭവിച്ച കുവൈത്ത് പതാകയുള്ള MT Kazimah III ടാങ്കറിലെ അഞ്ച് ഇന്ത്യന്‍ ജീവനക്കാരെ സുരക്ഷിതമായി കരയിലെത്തിച്ചു. ഒമാന്‍ അധികൃതരുടെ സഹായത്തോടെയാണ് ഇവരെ കരയിലെത്തിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ടാങ്കറിലുണ്ടായിരുന്ന അഞ്ച് ഇന്ത്യന്‍ പൗരന്മാരെയും സുരക്ഷിതമായി കരയിലെത്തിച്ചതായി എംബസി എക്സില്‍ അറിയിച്ചു. ജീവനക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിനായി ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് എംബസി ഏകോപനം നടത്തിയിരുന്നു.
പ്രോജക്ടൈല്‍ എവിടെ നിന്നാണ് എത്തിയതെന്നോ ടാങ്കറിന് എത്രത്തോളം നാശനഷ്ടമുണ്ടായെന്നോ സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിട്ടിട്ടില്ല.
പ്രാദേശിക സുരക്ഷാ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാകുന്നതിനിടെയാണ് സംഭവം. ഗള്‍ഫ് മേഖലയിലെ വാണിജ്യ കപ്പലുകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യന്‍ അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തെ വ്യക്തമാക്കിയതനുസരിച്ച്, മേഖലയിലെ വാണിജ്യ കപ്പലുകളില്‍ 4,500ലേറെ ഇന്ത്യന്‍ നാവികര്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പതാകയുള്ള ആറ് കപ്പലുകളിലും ഇന്ത്യയിലേക്ക് ചരക്കുമായി പോകുന്ന വിദേശ പതാകയുള്ള ആറ് കപ്പലുകളിലുമായി ഏകദേശം 163 ഇന്ത്യന്‍ ജീവനക്കാരും നിലവിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങളില്‍ സഹായം നല്കുന്നതിനുമായി ഇന്ത്യന്‍ ഷിപ്പിങ് മന്ത്രാലയം നയതന്ത്ര ദൗത്യങ്ങളുമായും പ്രാദേശിക അധികൃതരുമായും ഏകോപനം തുടരുകയാണ്.