
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : അര നൂറ്റാണ്ട് നീണ്ട സംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല,ജീവിതം തന്നെയെന്ന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞന് ഇളയരാജ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂര്‍ണമായി സംഗീതത്തില്‍ ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 43 മാത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ‘മഹാ സംഗീതജ്ഞന്റെ യാത്ര ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ് നാട്ടിലെ വിദൂര ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യകാലം മുതല്‍ താല്പര്യം ഉണ്ടായിരുന്നു. ചേട്ടന് ഭാസ്കരന് പ്രദേശത്തെ വിവിധ പരിപാടികളില്‍ പാടുമായിരുന്നു. വീട്ടില്‍ ഹാര്‍മോണിയം ഉണ്ടായിരുന്നെങ്കിലും തൊടാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല.തൊട്ടാല്‍ ചുട്ട അടി കിട്ടുമായിരുന്നു.എന്നിട്ടും ചേട്ടന് അറിയാതെ ഹാര്‍മോണിയം വായിക്കാന്‍ പഠിച്ചു. കമ്പത്ത് നടന്ന ഒരു കച്ചേരിയില്‍ സ്ഥിരമായി ഹാര്‍മോണിയം വായിച്ചിരുന്ന ആള് വന്നില്ല.അന്നാണ് പൊതുവേദിയില്‍ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സില്‍ നിന്ന് ലഭിച്ച കൈയടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനമെന്ന് ഇളയരാജ പറഞ്ഞുതീരുമ്പോഴേക്ക് കയ്യടികളുടെ ആരവം ഉയര്‍ത്തി ബോള്‍ റൂമിലെ ആസ്വാദകര്‍. പിന്നീട് സ്വര്‍ണ മെഡലോടെ ഗിറ്റാര്‍ പഠനവും പൂര്‍ത്തിയാക്കി. 1976 ഇല് ആദ്യ സിനിമയായ ‘അന്നക്കിളിക്ക്’ സംഗീതം നല്‍കുന്നതിന് മുന്‍പ് രാജ്കുമാര് നായകനായ ഒരു കന്നഡ സിനിമക്ക് വേണ്ടി സഹ സംഗീത സംവിധായകനായി പ്രവര്‍ത്തിച്ച അനുഭവം ഇളയരാജ പങ്കുവെച്ചു. സംഗീത സംവിധായകന് 10 വ്യത്യസ്തമായ ഈണങ്ങള്‍ ഒരുക്കി. അവയുടെ നോട്ട്സ് തയ്യാറാക്കാന്‍ ഇളയരാജയോട് ആവശ്യപ്പെട്ടു. നോട്ട്സ് തയ്യാറാക്കാന്‍ അറിയില്ലെന്ന് ഇളയരാജ മറുപടിയും നല്കി. പിന്നീട് ഈണങ്ങള്‍ കേള്‍ക്കുന്നതിന് സംവിധായകനും നിര്‍മാതാവും എത്തിയപ്പോള്‍ നേരത്തെ ഹൃദിസ്ഥമാക്കിയ പത്ത് ഈണങ്ങളും ഒന്നിന് പുറകെ ഒന്നായി അവതരിപ്പിച്ച് എല്ലാവരെയും ഞെട്ടിച്ചു ഇളയരാജ. വര്‍ഷത്തില്‍ 58 സിനിമകള്‍ക്ക് വരെ സംഗീതം നല്‍കിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് തിയറ്ററുകളിലായി ഒരേ ദിവസം മൂന്ന് സിനിമകള്‍ക്ക് സംഗിതം നല്കിയ അപൂര്‍വ അനുഭവം പങ്കുവെച്ചപ്പോള്‍ അത്ഭുതത്തില്‍ നിറഞ്ഞ് സദസ്സ്. പഞ്ചു അരുണാചലം നിര്‍മിച്ച കാക്കിച്ചട്ടൈ എന്ന കമലഹാസന് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ പടത്തിന് വേണ്ടിയല്ലാതെ ആറ് പാട്ടുകള്‍ക്ക് കൂടി അദ്ദേഹം ഈണം നല്കി. വേറെ സിനിമ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കാമെന്ന് രാജ പറയുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ പാട്ടുകളും ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെയാണ് ‘വൈദേഹി കാത്തിരുന്താള്‍’ എന്ന വിജയകാന്ത്രേവതി ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പിറവിയെടുക്കുന്നത്. ‘ രാസാത്തി ഉന്നൈ കാണാതെ നെഞ്ച്’, ‘അഴക് മലരാട്’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും പ്രിയ ഗാനങ്ങളായി തുടരുന്നു.