
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
റിയാദ് : റിയാദ് സീസണിന്റെ ഭാഗമായി സുവൈദി പാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ സാംസ്ക്കാരികോല്‍സവത്തിന് പ്രൗഢോജ്ജ്വല സമാപനം. റിയാദുകാര്‍ക്ക് അവിസ്മരണീയമായ ഒമ്പത് രാവുകള്‍ സമ്മാനിച്ചാണ് ഇന്ത്യന്‍ സാംസ്കാരികോല്‍സവത്തിന് റിയാദ് സീസണില്‍ കൊടിയിറങ്ങിയത്. സുവൈദി അടക്കം 14 സോണുകളിലായി നടന്നു വരുന്ന റിയാദ് സീസണ് ഫെസ്റ്റിവലിലേക്ക് ആദ്യ ആഴ്ചയില്‍ തന്നെ രണ്ട് ദശലക്ഷം സന്ദര്‍ശകരെത്തിയെന്നും ഇത് റെക്കോര്‍ഡാണെന്നും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്മാന് തുര്‍ക്കി അല്‍ ഷൈഖ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സുവൈദി പാര്‍ക്കിലെത്തിയത് ഏറെ ആവേശമായി. പ്രധാന വേദിയില്‍ നൃത്ത ചുവടുകള്‍ വെച്ചും സദസ്സുമായി സംവദിച്ചും ശ്രീശാന്ത് കയ്യടി വാങ്ങി. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിയിലുമായി വേദിയില്‍ നിറഞ്ഞു നിന്ന ശ്രീശാന്ത് സഊദിയുടെ വികസന, സാംസ്കാരിക വിപ്ലവത്തെ പുകഴ്ത്തി. പ്രത്യേകം തയ്യാറാക്കിയ പിച്ചില്‍ ബാറ്റ് വീശിയ ശ്രീശാന്തിനൊപ്പം സെല്‍ഫിയെടുക്കാനും ഓട്ടോഗ്രാഫ് എഴുതാനും സംഘാടകര്‍ അവസരമൊരുക്കിയിരുന്നു.
‘ആഷിക് ബനായാ’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനവുമായി വേദിയിലെത്തിയ ഇന്ത്യന്‍ ഗായകന് ഹിമേഷ് രേഷാമിയ അടക്കം ഒട്ടേറെ ഗായകരും കലാകാരന്മാരും ഇതിനകം ആസ്വാദക ഹൃദയങ്ങളില്‍ ആവേശം പകരാനെത്തി. ഹിന്ദി, മലയാള സംഗീത രംഗത്തെ നിരവധി കലാകാരന്മാരാണ് ഇന്ത്യന്‍ നൈറ്റിനെ സമ്പുഷ്ട്മാക്കാന് ഒമ്പത് ദിനങ്ങളിലായി റിയാദിലെത്തിയത്. വാരാന്ത്യ ദിനങ്ങളില്‍ കുടുംബ സമേതം സുവൈദി പാര്‍ക്കിലെത്തിയ മലയാളികളടക്കമുള്ള ആയിരക്കണക്കിന് സന്ദര്‍ശകര്‍ റിയാദ് സീസണിലെ പുതുക്കാഴ്ചകളായി മാറി.
ഒരാഴ്ചയിലധികം നീണ്ട ഇന്ത്യന്‍ സാംസ്കാരിക, പൈതൃക കലാ പരിപാടികള്‍ ഹൃദ്യവും മനോഹരവുമായിരുന്നുവെന്ന് സൗദി പൗരന് അബ്ദുറഹ്മാന് അല്‍ ഷഹ് രി ‘ഗള്‍ഫ് ചന്ദ്രിക’യോട് പറഞ്ഞു. ഘോഷയാത്രയും നൃത്തനൃത്യങ്ങളും വളരെയധികം ആസ്വാദ്യകരമായിരുന്നു. ഇന്ത്യയുടെ മഹത്തായ കലാ പാരമ്പര്യവും സാംസ്കാരിക ഔന്നത്യവും വിളിച്ചോതുന്നതായിരുന്നു എല്ലാ പരിപാടികളുമെന്നും അദ്ധേഹം ചൂണ്ടിക്കാട്ടി. ദിനേന രണ്ട് സമയങ്ങളിലായി നടക്കുന്ന ഘോഷയാത്രയില്‍ റിയാദ് ടാക്കീസിന്റെ ചെണ്ടമേളം എറെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ത്യയുടെ നാടന്‍ കലാരുപങ്ങളായ ഛൗ നൃത്തം, ഗര്‍ഭ നൃത്തം, ഘുമാര് നൃത്തം, കല് ബേലിയ നൃത്തം, ലാവണി നൃത്തം, പഞ്ചാബി നൃത്തം, നാസിക് ഡോള്‍ തുടങ്ങിയവ സുവൈദി പാര്‍ക്കിലെ പതിവ് ആകര്‍ഷകങ്ങളായിരുന്നു. പൊതുവെ ഇന്ത്യന്‍ സിനിമകളെയും കലാ രൂപങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന അറബികള്‍ക്ക് ഇന്ത്യന്‍ നൈറ്റ് മറക്കാനാവാത്ത അനുഭവമായി മാറി. വൈവിധ്യമാര്‍ന്ന പരമ്പരാഗത ഭക്ഷ്യവിഭവങ്ങളും കരകൗശല വസ്തുക്കളും സുവൈദി പാര്‍ക്കിലെ കമ്മ്യൂണിറ്റി ബസാറിനെ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഇന്ന് മുതല്‍ ഫിലിപ്പീന്‍സ് നൈറ്റ് അരങ്ങേറും. 25 വരെയാണ് ഫിലിപ്പൈനികളുടെ കലാ, സാംസ്കാരിക മഹോല്‍സവം നീണ്ടു നില്ക്കുക. 26 മുതല്‍ 29 വരെ ഇന്തോനേഷ്യ, 30 മുതല്‍ നവമ്പര്‍ രണ്ട് വരെ പാക്കിസ്ഥാന്, നവമ്പര്‍ 3 മുതല്‍ 6 വരെ യെമന്‍, 7 മുതല്‍ 16 വരെ സുഡാന്, 17 മുതല്‍ 19 വരെ സിറിയ, 20 മുതല്‍ 23 വരെ ബംഗ്ലാദേശ്,. 24 മുതല്‍ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളുടെ സാംസ്ക്കാരിക പരിപാടികള്‍ക്ക് സുവൈദി പാര്‍ക്ക് വേദിയാവുക. വിബുക്ക് വഴി നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പാര്‍ക്കിലേക്ക് പ്രവേശനം നല്‍കുക. റിയാദ് സീസണിന്റെ മറ്റൊരു വേദിയായ കിംഗ്ഡം അറീനയില്‍ ബോക്സിംഗ് മല്‍സരം കാണികളെ ആവേശത്തിന്റെ മുള്‍മുനയിലെത്തിച്ചു. ദി വെന്യുവില്‍ നടക്കുന്ന സിക്സ് കിംഗ്സ് സ്ലാമില്‍ അന്താരാഷ്ട്ര ടെന്നീസ് താരങ്ങളുടെ മിന്നും പ്രകടനങ്ങളാണ് നടന്ന് വരുന്നത്. പബ്ജി മൊബൈല്‍ അടക്കമുള്ള നവീന വിനോദാനുഭവങ്ങള്‍ സമ്മാനിക്കുന്ന ബോളിവാര്‍ഡില്‍ നിരവധി പരിപാടികളാണ് കാണിക്യുളെ ആകര്‍ഷിക്കുന്നത്. വികസന കുതിപ്പിനൊപ്പം രാജ്യത്തെ വിനോദത്തിന്റെയും സംസ്ക്കാരത്തിന്റെയും വശ്യവും മനോഹരവുമായ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന വിപുലമായ ലക്ഷ്യത്തോടെയാണ് റിയാദി സീസണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്നു വരുന്നത്.