ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദോഹ: അമേരിക്ക-ഇറാന് സംഘര്‍ഷം ആറാം മാസത്തിലേക്ക് കടക്കുന്നതിനിടെ, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി ഇന്ന് ഇറാനിലെത്തും. സംഘര്‍ഷം കുറയ്ക്കാനും അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര സംഭാഷണം പുനരാരംഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുമാണ് സന്ദര്‍ശനം. നിരവധി ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അമേരിക്കക്കും ഇറാനുമിടയില്‍ ഖത്തര്‍ നേരത്തെ തന്നെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂണില്‍ ഖത്തറിന്റെ ഇടപെടലിലൂടെ ഉണ്ടായ ധാരണയെത്തുടര്‍ന്ന് സംഘര്‍ഷത്തിന് താല്‍ക്കാലിക ഇടവേള ഉണ്ടായെങ്കിലും ജൂലൈയില്‍ അത് തകര്‍ന്നു. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയും ഇറാനും വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് ഖത്തറും ഒമാനും മറ്റു രാജ്യങ്ങളും സമാധാനത്തിനായി മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത്. ചര്‍ച്ചക്ക് തിടുക്കമില്ലെന്നും ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതോടെ ഇറാനും വാശിയോടെ പ്രസ്താവനകള്‍ നടത്തി. അമേരിക്കന്‍ ഉപരോധങ്ങളെ ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ‘സാമ്പത്തിക ഭീകരത’ എന്നാണ് വിശേഷിപ്പിച്ചത്.
ഹോര്‍മുസ് കടലിടുക്ക് പ്രശ്നമായിരിക്കും ചര്‍ച്ചകളിലെ പ്രധാന വിഷയമായിരിക്കും. യുദ്ധത്തിന് മുമ്പ് പ്രതിദിനം ഏകദേശം 20 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ കടന്നുപോയിരുന്ന ഇവിടെ ഇപ്പോള്‍ എണ്ണ ഗതാഗതം ഏകദേശം 5 മില്യണ്‍ ബാരലായി കുറഞ്ഞതായി റിപ്പോര്‍ട്ട്. ഖത്തറിന് പുറമെ ഒമാന്‍ വിദേശകാര്യ മന്ത്രി നേരത്തെ തെഹ്റാനിലെത്തി ഇറാനുമായി ചര്‍ച്ച നടത്തിയിരുന്നു. ഹോര്‍മുസില്‍ താല്‍ക്കാലിക പുതിയ ഷിപ്പിംഗ് റൂട്ടിന് ധാരണയായതായി ഇറാന് അറിയിച്ചു. പാകിസ്ഥാന് സൈനിക മേധാവി ജനറല്‍ അസിം മുനീറും ഈ ആഴ്ച ഇറാന് സന്ദര്‍ശിച്ച് സംഘര്‍ഷത്തിലെ തടസ്സം നീക്കാനുള്ള ശ്രമം നടത്തിയിരുന്നു. പരസ്പരമുള്ള ആക്രമണങ്ങള്‍ യുഎസും ഇറാനും താല്കാലികമായി അവസാനിപ്പിച്ചുവെങ്കിലും ഹോര്‍മുസാണ് പ്രധാന തര്‍ക്കവിഷയം. ഹോര്‍മുസ് അന്താരാഷ്ട്ര ജലപാതയായി സ്വതന്ത്രമായി തുറന്നിരിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. അതേസമയം കടലിടുക്കിന്മേല്‍ നിയന്ത്രണം വേണമെന്ന നിലപാടാണ് ഇറാന്റേത്. ഈ തര്‍ക്കം ജൂണിലെ ധാരണ തകരാനുള്ള പ്രധാന കാരണങ്ങളിലൊന്നായി മാറി.
ഖത്തര്‍, ഒമാന്‍, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ ഒരേസമയം നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ യുദ്ധം വീണ്ടും രൂക്ഷമാകുന്നത് തടയാനുള്ള ശ്രമം ശക്തമാകുന്നതിന്റെ സൂചനയാണ്. എന്നാല്‍ അമേരിക്ക-ഇറാന് നിലപാടുകളില്‍ വലിയ വ്യത്യാസങ്ങള്‍ തുടരുന്നതിനാല്‍ ചര്‍ച്ചകള്‍ വിജയിക്കുമോ എന്നത് അനിശ്ചിതമാണ്.