
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
റിയാദ് : ലോകത്തിലെ ഏറ്റവും വലിയ ശൈത്യകാല വിനോദ, സംസ്കാരിക പരിപാടികളില്‍ ഒന്നായ റിയാദ് സീസണ് വര്‍ണാഭമായ തുടക്കം. കിംഗ്ഡം അറീനയില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്മാന് തുര്‍ക്കി അല്‍ ശൈഖ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ഇനിയുള്ള നാലു മാസക്കാലം തലസ്ഥാന നഗരി വിനോദ, സാംസ്കാരിക, കായിക വിസ്മയങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.സഊദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിക്ക് കീഴില്‍ റിയാദിലെ 14 കേന്ദ്രങ്ങളിലാണ് മാര്‍ച്ച് വരെ നീണ്ടുനില്‍ക്കുന്ന പരിപാടി നടക്കുന്നത്. റിയാദ് ബോളിവാര്‍ഡ് സിറ്റിയിലെ കിംഗ്ഡം അറീനയില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സംഗീത വിരുന്നിന് കിയാറ,മിസ്സി ഏലിയറ്റ്, ബുസ്റ്റ റിംസ് എന്നിവര്‍ നേതൃത്വം നല്കി. ആകാശത്ത് ഡ്രോണുകള്‍ മായാജാലം തീര്‍ത്ത് ലേസര്‍ രശ്മികള്‍ കൊണ്ട് വരച്ച റിയാദ് സീസണിന്റെ ലോഗോയും മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത വെടിക്കെട്ടും ഉദ്ഘാടന പരിപാടിയെ പ്രൗഢമാക്കി. കാണികള്‍ക്കായി ഒരുക്കിയ നറുക്കെടുപ്പിലെ വിജയിക്ക് മെര്‍സിഡസ് ബെന്‍സ് ജി ക്ലാസ് കാറും ചടങ്ങില്‍ സമ്മാനിച്ചു. തിങ്ങി നിറഞ്ഞ ഉദ്ഘാടന വേദിയില്‍ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് റിയാദ് സീസണിനെ വരവേറ്റത്.
‘ഫോര്‍ ക്രൗണ്‍ ഷോ ഡൗണ്‍’ ബോക്സിങ് പോരാട്ടമായിരുന്നു ആദ്യദിനത്തിന്റെ ഹൈലൈറ്റ്. കൈക്കരുത്തിന്റെ ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ റഷ്യന്‍ താരം ദിമിത്രി ബിവോളിനെ തറപറ്റിച്ച് കനേഡിയന്‍ താരം ആര്‍ചര്‍ ബെറ്റര്‍ ബിയേവ് നാലാമത് വേള്‍ഡ് ബോക്സിങ് അസോസിയേഷന് ബെല്‍റ്റ് സ്വന്തമാക്കി. അജയ്യ ശക്തികളായ ഇരുതാരങ്ങളുടെയും പോരാട്ടം കാണികളില്‍ അത്യന്തം ആവേശം ജ്വലിപ്പിച്ചു. അണ്ടര്കാര്ഡ് മിഡില്‍ വെയ്റ്റ് ബോക്സിങ് പോരാട്ടത്തില്‍ കാലിഫോര്‍ണിയന്‍ താരം മാര്‍കോ മാരിക് മെക്സിക്കന്‍ ബോക്സര്‍ ക്രിസ്റ്റ്യന്‍ ലോപ്പസിനെ പരാജയപ്പെടുത്തി. ഇതേവിഭാഗത്തില് കൊളമ്പിയന്‍ താരം ജീസസ് ഗോണ്സലസിനെതിരെ സഊദി ബോക്സര്‍ മുഹമ്മദ് അല്‍ അഖല്‍ നേടിയ വിജയം ശ്രദ്ധേയമായി. ബ്രിട്ടീഷ് താരങ്ങളായ വില്യം കാമറൂണും ബെന്‍ വിറ്റേക്കറും തമ്മില്‍ നടന്ന മത്സരം പരിക്കേറ്റതിനെ തുടര്‍ന്ന് സമനിലയില്‍ അവസാനിപ്പിച്ചു. വനിതാ വിഭാഗത്തില്‍ ആസ്ട്രേലിയന്‍ താരം സ്കൈ നിക്കോള്സന് കിരീടം നിലനിര്‍ത്തി. മിഡില്‍ വെയ്റ്റ് പോരാട്ടത്തില്‍ ക്രിസ് യു ബാങ്ക് ചാമ്പ്യനായി.
പ്രധാന വേദികളിലൊന്നായ സുവൈദി പാര്‍ക്കില്‍ ആദ്യദിനത്തില്‍ ഇന്ത്യന്‍ സാംസ്കാരികോത്സവത്തിന് കൊടിയേറി. ഇന്ത്യയുടെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന തനത് കലാ രൂപങ്ങളും പരിപാടികളും ചിട്ടപ്പെടുത്തിയ ഘോഷയാത്രയോടെയാണ് സുവൈദി പാര്‍ക്കിലെ റിയാദ് സീസണ് പരിപാടിക്ക് തുടക്കമായത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് അണിനിരന്ന ഘോഷയാത്ര രാജ്യത്തിന്റെ സാംസ്കാരിക പരിഛേദമായി മാറി. ചെണ്ട മേളം, ഗര്‍ബ നൃത്തം, ഛൗ നൃത്തം,ഘുമാര് നൃത്തം, നാസിക് ഡോള്‍, കല് ബെലിയ നൃത്തം,ലാവണി നൃത്തം,പഞ്ചാബി നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ താളമേളങ്ങളുടെ അകമ്പടിയോടെ സുവൈദി പാര്‍ക്കിനെ വലയംവച്ചപ്പോള് തടിച്ചുകൂടിയ സ്വദേശികളൂം വിദേശികളുമായ കാണികള്‍ക്ക് കൗതുകമായി മാറി. വിവിധ പരിപാടികളാണ് ഈ മാസം 21 വരെ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സംസ്കാരികോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. ദിവസവും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ രൂപങ്ങളും സാംസ്കാരിക പരിപാടികളും അടങ്ങിയ ഘോഷയാത്രയുണ്ടാകും. ക്രിക്കറ്റര്‍ ശ്രീശാന്ത് അടക്കം കലാ,കായിക രംഗത്തുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കാനയി എത്തും. ദിവസവും വൈകീട്ട് 4 മുതല്‍ രാത്രി 11 വരെയാണ് സുവൈദി പാര്‍ക്കിലെ പരിപാടികള്‍ നടക്കുക. സന്ദര്‍ശകര്‍ക്ക് പരിപാടി സൗജന്യമാണെങ്കിലും വെബൂക്.കോം എന്ന വെബ്സൈറ്റ്/ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യണം.
പ്രദര്‍ശന നഗരിയില്‍ വിവിധ പവലിയനുകളും കാണികളെ ആകര്‍ഷിക്കുന്നുണ്ട്. രുചിവൈവിധ്യങ്ങള്‍ ഒരുക്കിയ ഭക്ഷണശാലകളൂം കുട്ടികള്‍ക്കുള്ള തിയേറ്ററുകള്‍,ഗെയിമുകള്‍,വിവിധ ഉത്പന്നങ്ങളുടെ വിപണന ശാലകളും നഗരിയിലുണ്ട്. കുടുംബ സമേതം മലയാളികളടക്കം ആയിരങ്ങളാണ് പ്രദര്‍ശന നഗരിയിലേക്ക് ആദ്യദിനം തന്നെ ഒഴുകിയെത്തിയത്. റിയാദ് സീസണിന്റെ അഞ്ചാം പതിപ്പിന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.