റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ദുബൈ: ഫ്ലൈദുബായ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശിച്ചു. വിമാനത്തിലുണ്ടായ സുരക്ഷാ സംഭവത്തെ ഉത്തരവാദിത്തത്തോടെയും ധൈര്യത്തോടെയും കൈകാര്യം ചെയ്ത പൈലറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ആശുപത്രിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍, മനുഷ്യജീവന് സംരക്ഷണം നല്കുന്നതിലുള്ള ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ധൈര്യവും ഉത്തരവാദിത്തബോധവും കരുതലുമാണ് ക്യാപ്റ്റന്‍ മച്ചാര്‍ പ്രകടിപ്പിച്ചതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.
‘രാജ്യത്തിന്റെ നേതൃത്വത്തിന്റെയും ഞങ്ങളുടെയും പൂര്‍ണമായ അഭിനന്ദനവും പ്രശംസയും അദ്ദേഹത്തിനുണ്ട്,’ ശൈഖ് ഹംദാന്‍ വ്യക്തമാക്കി. ‘അദ്ദേഹം നമ്മുടെ ടീമിന്റെ ഭാഗമായതിലും, നമ്മുടെ രാജ്യത്തിന്റെ കഥയുടെ ഭാഗമായതിലും, കരുണയുടെയും സമാധാനത്തിന്റെയും മനുഷ്യജീവന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന യുഎഇയുടെ ഭാഗമായതിലും ഞങ്ങള്‍ അഭിമാനിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരെയും ജീവനക്കാരെയും അഭിനന്ദിച്ചു
ഫ്ലൈദുബായ് FZ1073 വിമാനത്തില്‍ ഉണ്ടായ സുരക്ഷാ സംഭവത്തെ നിയന്ത്രണവിധേയമാക്കുന്നതില്‍ ക്യാപ്റ്റന്‍ മച്ചാര്‍, വിമാനത്തിലെ ജീവനക്കാര്‍, സഹായിച്ച യാത്രക്കാര്‍ എന്നിവരുടെ പങ്കിനെ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നേരത്തെ അഭിനന്ദിച്ചിരുന്നു. സംഭവത്തിനുശേഷം ക്യാപ്റ്റന്‍ മച്ച്ഛര്‍ സുരക്ഷിതമായി യുഎഇയില്‍ തിരിച്ചെത്തിയതായും നിലവില്‍ നല്ല ആരോഗ്യനിലയില്‍ ചികിത്സയില്‍ കഴിയുന്നതായും അതോറിറ്റി അറിയിച്ചു. സംഭവത്തിന്റെ യഥാര്‍ഥ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. യുഎഇ അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം പബ്ലിക് പ്രോസിക്യൂഷന് അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ രഹസ്യസ്വഭാവവും സമഗ്രതയും ഉറപ്പാക്കുന്നതിനൊപ്പം ബന്ധപ്പെട്ട പ്രാദേശിക, അന്താരാഷ്ട്ര ഏജന്‍സികളുമായി യുഎഇ അധികൃതര്‍ ഏകോപനം തുടരുകയാണെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.