
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ഷാര്‍ജ : യുഎഇ പതാകദിനം ഷാര്‍ജയില്‍ സമുചിതമായി ആഘോഷിച്ചു. മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ കാര്യാലയങ്ങളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലും രാവിലെ 11 മണിക്ക് ദേശീയ പതാക ഉയര്‍ത്തി. അല്‍ ലയ്യ ഫഌഗ് ഐലന്‍ഡിലെ 123 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ കൊടി മരത്തില്‍ പതാക ഉയര്‍ത്തിയതോടെ എമിറേറ്റില്‍ 53ാമത് ദേശീയ ദിന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ആഘോഷ കമ്മിറ്റി ചെയര്മാന് ഖാലിദ് ജാസിം അല്‍ മിദ്ഫ നേതൃത്വം നല്കി. ഇനി ഡിസംബര്‍ രണ്ട് വരെ ആഘോഷത്തിന്റെ രാപകലുകളാണ്.
ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നിരവധി പ്രമുഖര്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് ആഘോഷിക്കുന്ന പതാക ദിനം എമിറേറ്റുകളിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വസ്തതയുടെയും സ്വത്വത്തിന്റെയും ചൈതന്യം ഉള്‍ക്കൊള്ളുന്നതാണ്. ദേശീയ ഐക്യത്തിന്റെയും സാമൂഹിക ഒരുമയുടെയും ശക്തമായ പ്രതീകമാണ് ദേശീയ പതാക ദിനമെന്നും ഖാലിദ് ജാസിം അല്‍ മിദ്ഫ പറഞ്ഞു. എമിറേറ്റുകളിലെ ജനങ്ങള്‍ക്ക് മാതൃരാജ്യത്തോടുള്ള വിശ്വസ്തതയുടെയും അടുപ്പത്തിന്റെയും ആഴത്തിലുള്ള മൂല്യങ്ങളെയാണ് പതാക ദിനാഘോഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. ഈ ദിനം അഭിമാനത്തിന്റെയും ഐക്യത്തിന്റെയും ചൈതന്യം വര്ധിപ്പിക്കുന്നുയെന്നും ഖാലിദ് ജാസിം മിദ്ഫ പറഞ്ഞു.
ദേശീയ പതാകയെ സൂചിപ്പിക്കുന്ന പച്ച വെള്ള കറുപ്പ് ചുവപ്പ് നിറങ്ങളിലുള്ള ഷോളുകളുമണിഞ്ഞാണ് ഇന്നലെ മിക്കവരും ആഘോഷ ചടങ്ങുകള്‍ക്കെത്തിയത്. പതാക ദിന,ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ച് ചതുര് വര്‍ണത്തിലുള്ള വിത്യസ്ത അലങ്കാര വസ്തുക്കളും വിപണിയില്‍ സ്ഥാനം പിടിച്ചു.