ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ഇറാന് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയപ്പോള്‍
ദുബൈ: യുഎസും ഇറാനും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. അമേരിക്ക ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് മറുപടിയായി ബഹ്റൈന്‍, കുവൈത്ത്, ജോര്‍ദാന്‍, ഇറാഖിലെ എര്ബില് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ബഹ്റൈനില്‍ ശൈഖ് ഈസ എയര്‍ബേസിലെ അമേരിക്കന്‍ സേനയുടെ റഡാര്‍ സംവിധാനങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന് സൈന്യം അവകാശപ്പെട്ടു. ജോര്‍ദാനില്‍ യുഎസ് സേന ഉപയോഗിക്കുന്ന ക്യാമ്പ് ടിടിനില് ശക്തമായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്നും ഇറാന്റെ റെവല്യൂഷ്ണറി ഗാര്‍ഡ്സ് അറിയിച്ചു. കുവൈത്തിലും അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിലെ എര്‍ബിനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഒരു മെയിന്റനന്‍സ് സെന്റര്‍, വെയര്‍ഹൗസുകള്‍, യുഎസ് നിരീക്ഷണ എയ്റോസ്റ്റാറ്റിന്റെ ഗൈഡന്‍സ് സംവിധാനം എന്നിവ തകര്‍ത്തതായി ഇറാന് പറഞ്ഞു.
ഹോര്‍മുസില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ രണ്ട് വാണിജ്യ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെ കടല്‍ഗതാഗത ഭീഷണിയും വര്‍ധിച്ചു. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് റിപ്പോര്‍ട്ട്് പ്രകാരം ഇറാന്റെ ഐആര്‍ജിസി വ്യോമപ്രതിരോധ സംവിധാനങ്ങള്‍, റഡാര്‍ കേന്ദ്രങ്ങള്‍, സമുദ്ര സൈനിക സംവിധാനങ്ങള്‍, മൈന്‍ സ്ഥാപിക്കുന്ന ശേഷി, ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവയാണ് പുതിയ ആക്രമണങ്ങളില്‍ ലക്ഷ്യമിട്ടത്.
ഹോര്‍മുസില്‍ കടല്‍മൈനുകള്‍ സ്ഥാപിച്ച് എണ്ണക്കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമം തടയുക എന്നതാണ് ലക്ഷ്യമെന്ന് അമേരിക്ക അവകാശപ്പെട്ടു. യുഎസ്-ഇറാന് ആക്രമണങ്ങള്‍ വീണ്ടും ശക്തമായ സാഹചര്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇരുപക്ഷവും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലും ബാബ് അല്മന്ദബിലും കടല്പാതയിലും സ്വതന്ത്ര കപ്പല്‍ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രണ്ട് കടല്പാതകളിലെയും തടസ്സം ആഗോള ഊര്‍ജ്ജ വിതരണത്തെയും വ്യാപാരത്തെയും ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അതേസമയം ഇറാന് ഹോര്‍മുസിന്റെ നിയന്ത്രണമില്ലെന്ന് യുഎസ് പറയുന്നു.
അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറയുന്നത്, ഹോര്‍മുസിന്റെ തീരങ്ങളില്‍ ഇറാന് റഡാര്‍ ശൃംഖല പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അമേരിക്കന്‍ സൈന്യം അത് ആക്രമിച്ച് തകര്‍ത്തുവെന്നാണ്. നിലവിലെ സ്ഥിതി, ഹോര്‍മുസ് പൂര്‍ണമായി അടച്ചിട്ടില്ലെങ്കിലും, കപ്പല്‍ഗതാഗതം സാധാരണ നിലയില്‍ നിന്ന് വളരെ താഴെയാണ്. അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ഇറാന് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക സാന്നിധ്യങ്ങള്‍ ലക്ഷ്യമിട്ട് തിരിച്ചടിക്കുന്നത് സംഘര്‍ഷത്തെ കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് കൊണ്ടുപോകുകയാണ്.