റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആജീവനാന്ത നിയമ പരിരക്ഷ നല്‍കിയതെന്ന ചോദ്യവും അതിന് ഉത്തരവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാറിന് നല്‍കിയിരിക്കുന്ന ആജീവനാന്ത നിയമപരിരക്ഷയെച്ചൊല്ലി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സില്‍’ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ ഗാന്ധി ചോദ്യവും അതിനുള്ള ഉത്തരവും നല്‍കിയിരിക്കുന്നത്.
‘എന്തുകൊണ്ടാണ് ആജീവനാന്ത നിയമപരിരക്ഷ ലഭിക്കുന്ന ഇന്ത്യയിലെ ഏക പൗരനായി ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ മാറുന്നത്? ‘കാരണം, തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഉപയോഗിക്കുന്നത് കൊണ്ടാണ്.- രാഹുല്‍ കുറിച്ചു.
വോട്ടിംഗ് പട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി (എസ്ഐആര്‍) ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്കാന് ഇന്ത്യ മുന്നണിയിലെ ഉന്നത നേതാക്കള്‍ ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഇതിന് പിന്നാലെയാണ് എക്സില്‍ രാഹുല്‍ ഗാന്ധി കുറിപ്പ് പങ്കുവച്ചത്. ഭരണത്തില്‍ തുടരാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ‘വോട്ട് മോഷണ പദ്ധതി’ ഉള്‍പ്പെടെ, ഭരണഘടനയ്ക്ക് നേരെ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളുന്നു എന്ന് യോഗത്തില്‍ കോണ്‍ഗ്രസ് പ്രഖ്യപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ജയ്റാം രമേശ്, കെ.സി വേണുഗോപാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി എന്നിവര്‍ക്കു പുറമെ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
ചീഫ് ഇലക്ഷന് കമ്മീഷണര്‍ സ്ഥാനത്തുനിന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കുക, എസ്ഐആര്‍ നടപടികള്‍ ഉടനടി നിര്‍ത്തിവെക്കുക, വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നിവയാണ് കോണ്‍ഗ്രസും ‘ഇന്ത്യ’ മുന്നണിയും മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങള്‍.