കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ: ഗതാഗത മന്ത്രി

അസീസ് മണമ്മല്‍
‘കണ്ണെത്തുന്നിടത്ത് കോലെത്തണം
കോലെത്തുന്നിടത്ത് മനസ്സെത്തണം
മനസ്സെത്തുന്നിടത്ത് മെയ്യെത്തണം’
കോല്‍ക്കളി പരിശീലനത്തിനിടെ ടി.പി. ആലിക്കുട്ടി ഗുരുക്കള്‍ ശിഷ്യരോട് ആവര്‍ത്തിച്ചുപറഞ്ഞിരുന്ന വാക്കുകളാണിത്. നോട്ടവും കോലും മനസ്സും ശരീരവും ഒരുമിച്ചുനീങ്ങുമ്പോഴാണ് കളി പൂര്ണതയിലെത്തുന്നതെന്ന പാഠം ഈ വാക്കുകളില്‍ നിറഞ്ഞുനില്ക്കുന്നു. ആ പാഠം തലമുറകള്‍ക്ക് പകര്ന്നുനല്കി, വടക്കന്‍ കോല്‍ക്കളിയുടെ പാരമ്പര്യഭംഗി കാത്തുസൂക്ഷിച്ച് അതിന്റെ അവതരണത്തിന് പുതുമയും ജനകീയതയും നല്കിയ ആചാര്യന് വിടപറഞ്ഞിട്ട് ഒക്ടോബര്‍ 21ന് ഇരുപത്തിമൂന്ന് വര്‍ഷം തികയുന്നു. ശിഷ്യര്‍ സ്നേഹാദരങ്ങളോടെ ‘ഉസ്താദ്’ എന്നു വിളിച്ച ആ ബഹുമുഖ പ്രതിഭയുടെ വിയോഗം 2003 ഒക്ടോബര്‍ 21നായിരുന്നു.
കേരളത്തിലെ കോല്‍ക്കളി വേദികളുടെ വളര്‍ച്ചയ്ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട പേരാണ് ആലിക്കുട്ടി ഗുരുക്കളുടേത്. നാട്ടിന്പുറങ്ങളുടെ കലാപാരമ്പര്യമായി നിലനിന്നിരുന്ന കോല്‍ക്കളിയെ കൂടുതല്‍ ആസ്വാദകരിലേക്കെത്തിക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പാട്ടും താളവും ചുവടുകളും ഒരുമിക്കുന്ന ഈ കലയുടെ സൗന്ദര്യം വേദിയില്‍ തെളിയിച്ചുകൊണ്ടായിരുന്നു ആ ദൗത്യം. കളിയുടെ തനിമയില്‍ ഉറച്ചുനിന്ന് അവതരണത്തെ മിനുക്കിയ അദ്ദേഹം, കൃത്യതയും അച്ചടക്കവും ഒത്തിണക്കവുമുള്ള സംഘങ്ങളെ പരിശീലിപ്പിച്ചെടുത്തു.
ഉസ്താദിന്റെ പരിശീലനത്തില്‍ ഓരോ ചുവടിനും ഓരോ കോല്അടിക്കും പ്രാധാന്യമുണ്ടായിരുന്നു. പാട്ടിന്റെ താളത്തിനൊത്ത് ശരീരം ചലിക്കുന്നതിനൊപ്പം സഹകളിക്കാരന്റെ നീക്കവും തിരിച്ചറിയണം. സ്വന്തം ചുവടിന്റെ കൃത്യത സംഘത്തിന്റെ ഒത്തിണക്കത്തിലേക്ക് എത്തണം. കണ്ണും മനസ്സും മെയ്യും കോലും ഒന്നിച്ചുനീങ്ങണമെന്ന അദ്ദേഹത്തിന്റെ ഉപദേശം ഈ പരിശീലനത്തിന്റെ സാരമായിരുന്നു. വേദിയിലെ ചടുലതയ്ക്കു പിന്നില്‍ ഏകാഗ്രതയും നിരന്തരമായ അഭ്യാസവും വേണമെന്ന് അദ്ദേഹം ശിഷ്യരെ പഠിപ്പിച്ചു.
വടക്കന്‍ കോല്‍ക്കളിയെ ‘വൈമലക്കൂത്ത്’ എന്നാണ് ആലിക്കുട്ടി ഗുരുക്കള്‍ വിശേഷിപ്പിച്ചിരുന്നത്. നാട്ടുവഴികളില്‍ പാട്ടും കോല്ത്താളവും ഉയരുമ്പോള്‍ ചുറ്റും ഒത്തുകൂടിയ മനുഷ്യരുടെ കൂട്ടായ്മയെ ഓര്‍മിപ്പിക്കുന്ന പ്രയോഗമാണത്. മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ക്കൊപ്പം ചുവടുവെക്കുന്ന ഈ കലയില്‍ പരസ്പരം ശ്രദ്ധിക്കാനും ഒരേ താളത്തില്‍ നീങ്ങാനും കൂട്ടുകാരന് ഇടം നല്‍കാനും പഠിക്കുന്നു. ആ ഒത്തിണക്കത്തിലാണ് കോല്‍ക്കളിയുടെ സാമൂഹികഭംഗി. പാട്ടും ചുവടും പകര്ന്നുനല്കുന്നതിനൊപ്പം സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ഈ പാഠങ്ങളും ഗുരുക്കള്‍ ശിഷ്യരിലേക്ക് എത്തിച്ചു.
ആലിക്കുട്ടി ഗുരുക്കളുടെ പരിശീലനത്തിലൂടെ രൂപപ്പെട്ട അവതരണസവിശേഷതകളാണ് പിന്നീട് കോല്‍ക്കളിയിലെ ‘എടരിക്കോടന്‍ കളിരീതി’ എന്നും ‘എടരിക്കോടന്‍ ടച്ച്’ എന്നും അറിയപ്പെട്ടത്. അതില്‍ പ്രധാനമായിരുന്നു കോലുകള്‍ കൂട്ടിയടിക്കുന്ന ‘പെണ’യിലെ കൃത്യത. കളിക്കിടയില്‍ വ്യക്തമായും താളപ്പൊരുത്തത്തോടെയും കേള്‍ക്കുന്ന പെണയ്ക്ക് അദ്ദേഹം പ്രത്യേക പ്രാധാന്യം നല്കി. പാട്ടിനും ചുവടിനുമൊപ്പം കോലുകളുടെ പെണയും ഒത്തുചേരുമ്പോഴാണ് കളിയുടെ ഭംഗി പൂര്‍ണമാകുന്നതെന്ന ബോധ്യത്തോടെയായിരുന്നു പരിശീലനം.
പാട്ടിന്റെ അവതരണം, താളത്തിന്റെ ചടുലത, ചുവടുകളുടെ വ്യക്തത, സംഘത്തിന്റെ ഒത്തിണക്കം എന്നിവയും ആ ശൈലിക്ക് കരുത്തേകി. അദ്ദേഹത്തിന്റെ ശിഷ്യരും ശിഷ്യപരമ്പരയില്‍പ്പെട്ട പരിശീലകരും വിവിധ പ്രദേശങ്ങളിലേക്ക് കളി പകര്‍ന്നതോടെ എടരിക്കോടന്‍ കളിരീതിയുടെ സ്വാധീനവും വ്യാപിച്ചു. കാലത്തിനൊത്ത അവതരണവ്യത്യാസങ്ങള്ക്കിടയിലും ഉസ്താദ് നല്കിയ പരിശീലനത്തിന്റെ അടയാളങ്ങള്‍ പല സംഘങ്ങളിലും ഇന്നും നിലനില്ക്കുന്നു.
സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കോല്‍ക്കളിക്ക് സ്വീകാര്യത നേടിക്കൊടുത്ത പരിശീലകരില്‍ അദ്ദേഹത്തിന് പ്രധാന സ്ഥാനമുണ്ട്. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കോല്‍ക്കളി സംഘങ്ങളെ മികവിലേക്ക് നയിച്ച അദ്ദേഹത്തിന്റെ ശിക്ഷണം ഒരു വിദ്യാലയത്തിന്റെ വിജയചരിത്രത്തിനപ്പുറം നാടിന്റെ അഭിമാനമായി മാറി. കലോത്സവങ്ങളിലെ ആവര്‍ത്തിച്ചുള്ള നേട്ടങ്ങളിലൂടെ എടരിക്കോടിന്റെ പേര് കോല്‍ക്കളിയുമായി ചേര്‍ന്നുനിന്നു. ആ വിജയങ്ങള്‍ക്കു പിന്നില്‍ ദീര്‍ഘമായ പരിശീലനവും കളിയോടുള്ള ഗുരുനാഥന്റെ സമര്‍പ്പണവുമുണ്ടായിരുന്നു.
കോല്‍ക്കളിയിലൂടെ ഏറെ അറിയപ്പെട്ടെങ്കിലും ആലിക്കുട്ടി ഗുരുക്കളുടെ പ്രതിഭയ്ക്ക് നിരവധി മുഖങ്ങളുണ്ടായിരുന്നു. മാപ്പിളപ്പാട്ട് രചയിതാവും ഗായകനും സംഗീതസംവിധായകനും ഹാര്‍മോണിയം വാദകനുമായിരുന്ന അദ്ദേഹം കളരി അഭ്യാസത്തിലും മര്‍മചികിത്സയിലും പ്രാവീണ്യം നേടി. സംഗീതത്തിലെ അറിവും ശരീരാഭ്യാസത്തിലെ പരിചയവും അദ്ദേഹത്തിന്റെ കോല്‍ക്കളിയെ സമ്പന്നമാക്കി. പാട്ടിന്റെ ഭാവവും ചുവടിന്റെ കരുത്തും ഒരുപോലെ ഉള്‍ക്കൊണ്ട കലാകാരനായിരുന്നു അദ്ദേഹം.
1929ല്‍ കോട്ടക്കലിനടുത്ത സൂപ്പിബസാറില് മുല്ല മെയ്തീന്കുട്ടിയുടെയും ഫാത്തിമയുടെയും മകനായാണ് ജനനം. ചെറുപ്പത്തിലേ കലാ കായിക രംഗങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചു. പതിമൂന്നാം വയസ്സില്‍ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് താമസം മാറിയതോടെ കലാപഠനത്തിനും കലാകാരന്മാരുമായുള്ള സഹവാസത്തിനും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. അറിയാനും അഭ്യസിക്കാനുമുള്ള ആഗ്രഹം അദ്ദേഹത്തെ വിവിധ സ്ഥലങ്ങളിലേക്കും ഗുരുനാഥന്മാരിലേക്കും എത്തിച്ചു.
ചെട്ടിയാന്‍കണ്ടി മമ്മദ് കോയ ഗുരുക്കളില്നിന്നാണ് കോല്‍ക്കളിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചത്. തുടര്‍ന്ന് ഇബ്രാഹിം ഗുരുക്കള്‍, അബ്ദു ഗുരുക്കള്‍, തിക്കോടി മമ്മദ് കോയ ഗുരുക്കള്‍, ഫാറൂഖ് ബിച്ചി കോയ ഗുരുക്കള്‍ തുടങ്ങി നിരവധി ഗുരുനാഥന്മാരില്‍നിന്ന് കളി അഭ്യസിച്ചു. വ്യത്യസ്ത ഗുരുക്കന്മാരുടെ ശിക്ഷണത്തിലൂടെ കോല്‍ക്കളിയുടെ വിവിധ രീതികളും ചുവടുകളും അവതരണ സവിശേഷതകളും പരിചയപ്പെട്ടു. ഓരോ ഗുരുവില്‍നിന്നും ലഭിച്ച അറിവിനെ ആദരവോടെ സ്വീകരിച്ച അദ്ദേഹം, നിരന്തരമായ അഭ്യാസത്തിലൂടെ സ്വന്തം കലാവഴി തെളിച്ചു. ആ പഠനസമ്പത്ത് പിന്നീട് അനേകം ശിഷ്യരിലേക്ക് പകര്ന്നുനല്കുകയും ചെയ്തു.
എസ്.എം കോയയില്‍ നിന്നാണ് അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. പൊന്നാനി പുറങ്ങിലെ ബാപ്പു ഗുരുക്കളായിരുന്നു കളരിയിലെയും മര്മചികിത്സയിലെയും ഗുരുനാഥന്. കടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജിയില്‍നിന്ന് മാപ്പിളപ്പാട്ട് രചനയും അഭ്യസിച്ചു. പാട്ടെഴുതാനും ഈണമൊരുക്കാനും പാടാനും വാദ്യോപകരണം കൈകാര്യം ചെയ്യാനുമുള്ള കഴിവുകള്‍ അദ്ദേഹത്തിന്റെ കലാസപര്യയ്ക്ക് വിശാലത നല്കി.
മാപ്പിളപ്പാട്ട് രചനയിലും ആലിക്കുട്ടി ഗുരുക്കള്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. ആയിരത്തോളം ഗാനങ്ങളാണ് അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നത്. ഭക്തിയും പ്രവാചകസ്നേഹവും ജീവിതബോധവും നിറഞ്ഞ ആ രചനകള്‍ പ്രമുഖ ഗായകരുടെ ശബ്ദത്തിലൂടെ ആസ്വാദക ഹൃദയങ്ങളിലെത്തി. പാട്ടുവേദികളിലും കോല്‍ക്കളി അവതരണങ്ങളിലും കലോത്സവ മത്സരങ്ങളിലും അവക്ക് ഇടം ലഭിച്ചു.
ഗാനഗന്ധര്വന് കെ.ജെ. യേശുദാസ് ആലപിച്ച ‘സുരലോക മണിഹൂറുല്‍ ഹിസാനീങ്ങളേ’ എന്ന ഗാനം ആലിക്കുട്ടി ഗുരുക്കളുടെ രചനയാണ്. ഗായകന് ഫിറോസ് ബാബു പാടിയ ‘ഖൈറുല്‍ ബറായ സയ്യിദി, കരുണക്കടല്‍ മുഹമ്മദി’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തിന്റെ ഗാനസമ്പത്തിലുണ്ട്. ഒരുകാലത്ത് കലോത്സവങ്ങളിലെ മാപ്പിളപ്പാട്ട് വേദികളില്‍ തിളങ്ങിനിന്ന ‘അമ്പവന് പുകഴമ്പിയ സകലമ്പിയര്ക്കും രാജാ, ആദവും പുകഴോതിയ മദിമാന്‍ മുഹമ്മദ് രാജാ’ എന്നു തുടങ്ങുന്ന ഗാനവും ആ രചനാവൈഭവത്തിന്റെ ഉദാഹരണമാണ്. തലമുറകള്‍ ഏറ്റുപാടിയ ഈ ഗാനങ്ങള്‍ കോല്‍ക്കളി ആചാര്യനൊപ്പം മാപ്പിളപ്പാട്ട് രചയിതാവായും അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.
ഗ്രാമഫോണ്‍ റെക്കോര്‍ഡുകളിലൂടെയും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ശ്രോതാക്കളിലേക്കെത്തി. സംഗീതഗുരുവായ എസ്.എം കോയയോടൊപ്പം നിരവധി കാസറ്റ് ഗാനങ്ങളില്‍ പിന്നണി ആലാപനത്തിലും പങ്കെടുത്തു. ഗാനരചനക്കൊപ്പം ആലാപനത്തിലും സംഗീതാവതരണത്തിലും സജീവമായിരുന്ന അദ്ദേഹത്തിന് പാട്ടിന്റെ സാഹിത്യവും ഈണവും താളവും ഒരുപോലെ പരിചിതമായിരുന്നു. ഈ അറിവ് കോല്‍ക്കളിക്ക് അനുയോജ്യമായ ഗാനങ്ങള്‍ ഒരുക്കുന്നതിലും അവതരിപ്പിക്കുന്നതിലും ശിഷ്യരെ പരിശീലിപ്പിക്കുന്നതിലും കരുത്തായി.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം വിശാലമായ ശിഷ്യപരമ്പരയാണ്. ഉസ്താദില്‍നിന്ന് കളി പഠിച്ചവര്‍ പിന്നീട് പരിശീലകരായി മാറി. അവര്‍ പകര്‍ന്ന അറിവുമായി പുതിയ തലമുറകള്‍ വേദിയിലെത്തി. ഇതോടെ ഒരു ഗുരുനാഥന്റെ കലാപരിചയം പല നാടുകളിലേക്കും അനേകം സംഘങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിലെ കോല്‍ക്കളി പരിശീലനവേദികളില്‍ അദ്ദേഹത്തിന്റെ സ്വാധീനം തുടരുന്നതും ഈ അറിവിന്റെ കൈമാറ്റത്തിലൂടെയാണ്.
കടല്‍ കടന്നും ആ ഗുരുപാരമ്പര്യം സജീവമാണ്. രണ്ടു പതിറ്റാണ്ടിനോടടുക്കുന്ന കാലമായി യു.എ.ഇ ഉള്‍പ്പെടെയുള്ള പ്രവാസവേദികളില് കോല്‍ക്കളിയെ നിലനിര്‍ത്തുന്നവരില്‍ ആലിക്കുട്ടി ഗുരുക്കളുടെ ശിഷ്യരും ശിഷ്യപരമ്പരയില്‍പ്പെട്ട കലാകാരന്മാരും മുന്‍പന്തിയിലുണ്ട്. നാടിന്റെ പാട്ടും താളവും കൈവിടാതെ അവര്‍ നടത്തുന്ന പരിശീലനങ്ങളും അവതരണങ്ങളും അദ്ദേഹം പകര്‍ന്ന കലാപൈതൃകത്തിന് തുടര്‍ച്ച നല്കുന്നു. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും പുതിയ തലമുറയെ ഈ കലയുടെ ഭാഗമാക്കാനുള്ള അവരുടെ ശ്രമങ്ങളില്‍ ഉസ്താദിന്റെ ശിക്ഷണവും കളിയോടുള്ള സമര്‍പ്പണവും പ്രതിഫലിക്കുന്നു.
കോല്‍ക്കളിയെ ജനകീയമാക്കാനും അതിന്റെ ഭാവിക്ക് കരുത്തായ കലാകാരന്മാരെ വാര്‍ത്തെടുക്കാനും ജീവിതം സമര്‍പ്പിച്ച ആചാര്യനായിരുന്നു ടി.പി ആലിക്കുട്ടി ഗുരുക്കള്‍. അദ്ദേഹം എഴുതിയ പാട്ടുമായി, പകര്‍ന്ന ചുവടുകളുമായി മറ്റൊരു തലമുറ അരങ്ങിലെത്തുമ്പോള്‍ ആ കലാജീവിതത്തിന്റെ മഹത്വവും തെളിയുന്നു. വിടപറഞ്ഞിട്ട് ഇരുപത്തിമൂന്ന് വര്‍ഷമായെങ്കിലും ഈ ഗുരുനാഥന് തെളിച്ച വഴിയില്‍ ചുവടുകള്‍ നിലച്ചിട്ടില്ല.
പുതിയൊരു സംഘത്തിന്റെ പരിശീലനവേളയില്‍ കണ്ണും കോലും മനസ്സും മെയ്യും ഒന്നിച്ചുനീങ്ങണമെന്ന് ഒരു പരിശീലകന് ഓര്‍മിപ്പിക്കുമ്പോള്‍ ഉസ്താദിന്റെ വാക്കുകള്‍ക്ക് വീണ്ടും ജീവന് ലഭിക്കുന്നു. നാട്ടിലും പ്രവാസലോകത്തും മുഴങ്ങുന്ന കോല്ത്താളങ്ങളിലും കൃത്യതയോടെ കേള്‍ക്കുന്ന പെണയിലും തലമുറകള്‍ ഏറ്റുപാടുന്ന ഇശലുകളിലും ആലിക്കുട്ടി ഗുരുക്കളുടെ ഓര്മ ഇന്നും സജീവമാണ്…