
യുഎഇയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം സെപ്തം.7ന്
അന്വേഷണങ്ങളുടെയും പ്രാര്‍ത്ഥനയുടെയും പുസ്തകമെന്ന് ഇതിനെ വിശേഷിപ്പിക്കാം. പല കുറിപ്പുകളിലും ഒരു ജിബ്രാന് ടച്ച് ഞാന്‍ അനുഭവിച്ചു’. റഫീഖ് ബിന്‍ മൊയ്ദുവിന്റെ ‘ഹൃദയ മര്മരങ്ങള്’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ മലയാളത്തിന്റെ വചനപ്രസാദം പി.സുരേന്ദ്രന് കുറിച്ചതാണ് ഈ വരികള്‍. ഒരു വായനക്കാരന് എന്ന നിലയില്‍ എന്തായിരിക്കും ഈ അഭിപ്രായത്തിനു കാരണമെന്ന ചിന്ത പുസ്തകം തുറക്കും മുമ്പേ അലട്ടുന്നുണ്ട്. പുസ്തകം വായിച്ചു തീര്‍ന്നപ്പോള്‍ ഈ അഭിപ്രായം അക്ഷരംപ്രതി ശരിയായി തോന്നി.എന്തുകൊണ്ടും വേറിട്ട ശൈലിയും ചിന്തകളുടെ മുന്നേറ്റവും. ഒരിടത്തും പാളിപ്പോകാതെയുള്ള ചിന്താബന്ധുരമായ ഒഴുക്കും റഫീഖിന്റെ രചനാ വൈഭവത്തെ അടയാളപ്പെടുത്തുന്നു. പി.സുരേന്ദ്രന്റെ വാക്കുകള്‍ ഏറെ അര്‍ത്ഥവത്താകുന്നു.
ഓരോ രചനയും ഗദ്യമായും പദ്യമായും വേറിട്ടുനില്‍ക്കാതെ തുടര്‍ച്ചയുള്ള ഒന്നായി മാറുകയാണിവിടെ. ജീവിതത്തിന്റെ ഭാഷാ ക്രമക്കണക്കാണ് എഴുത്തുകാരന് ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജീവിതത്തിന്റെ അക്സന്റ് ആണ് ഓരോ കുറിപ്പുകള്‍ക്കും. അവ വായനക്കാരെ ആത്മീയതയുടെയും അകംപൊരുളുകളിലേക്കും ഉള്നനവുകളിലേക്കും നയിക്കുന്നു.
പ്രവാസം പകര്‍ന്ന ജീവിതാനുഭവങ്ങളുടെ കരുത്തും മനനങ്ങളിലേക്ക് ക്ഷണിക്കുന്ന ജീവിത കാഴ്ചകളും സാമൂഹിക പാഠങ്ങളും ചിന്തയുടെ മൂശയിലിട്ട് ഊതികാച്ചിയെടുത്ത വാക്കുകളുടെ പ്രവാഹമാണീ പുസ്തകം എന്നു പറയാതെ വയ്യ. കുടുംബവും മനസും ശരീരവും സമൂഹവുമെല്ലാം കാപട്യങ്ങളില്ലാതെ പുസ്തകത്തില്‍ നിറയുന്നു. അതെല്ലാം വേര്ത്തിരിച്ചെടുക്കാവുന്ന മട്ടില്‍ ചിതറിയിട്ടിരിക്കുന്ന ചിത്രങ്ങളാവുന്നു. വെണ്മയുള്ളതും മൂര്‍ച്ചയുള്ളതുമായ ആശയങ്ങളും അതിലൂടെ തന്നെ തന്നെയും വരച്ചുവക്കുകയാണ് ‘ഹൃദയ മര്മരങ്ങള്’. ജീവന്റെ വില എന്ന ശീര്‍ഷകത്തില്‍ ജീവനോളം വിലയുള്ള രണ്ടുവരി ഇങ്ങനെയാണ്: ‘ഒരു കിഡ്നിക്ക് വേണ്ടിയോ അല്ലെങ്കില്‍
കരളിന്റെ ചെറിയ കഷ്ണത്തിനു വേണ്ടിയോ അപരന്റെ മുന്നില്‍ പലപ്പോഴും കൈക്കൂപ്പേണ്ടി വരുന്നതിനേക്കാളും ഭേദമല്ലേ അത് കേടുവരാതെ കാക്കുന്നത്?’ കാശ് കൊടുത്ത് വാങ്ങാന്‍ കിട്ടുന്ന വാഹനങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന ശുഷ്കാന്തി പോലും കോടികള്‍ കൊടുത്താലും കിട്ടാത്ത അവനവന്റെ ആരോഗ്യകാര്യത്തില്‍ കാണിക്കാത്തവര്‍ക്ക് എങ്ങനെയാണ് വിശേഷ ബുദ്ധിയുള്ളവരെന്ന് അവകാശപ്പെടാന്‍ സാധിക്കുന്നത്? ജീവന്റെ വിലയറിയൂ..ലഹരിയെ അകറ്റിനിര്‍ത്തൂ..’
ഒരു വേള വായനക്കാരന്റെ മസ്തിഷ്കത്തില്‍ ചിന്തയുടെ കൊടുംകാറ്റടിപ്പിക്കും ഈ വാചകങ്ങള്‍. ജീവിത സൂക്ഷ്മതയുടെ പാഠങ്ങള്‍ കവിതയിലൊളിപ്പിക്കുന്നുണ്ട് കവി.
പ്രവാചക ജീവിത പാഠങ്ങളില്‍ നിന്നുള്ള ആര്‍ദ്രതയുടെ അടരുകളും വിശുദ്ധ വാക്യങ്ങളുടെ ജീവസാരങ്ങളും
പകര്‍ന്നു തരുന്നുണ്ട് ഈ എഴുത്തുകാരന്. സമൂഹത്തിലെ അരക്ഷിതാവസ്ഥയും സമ്മര്‍ദങ്ങളും പുസ്തകത്തില്‍ പലയിടങ്ങളിലായി പ്രതിഫലിക്കുന്നതു കാണാം. ബന്ധങ്ങളിലെ വീഴ്ചകളും ശത്രുതയും
ഒരു കുടുംബത്തില്‍,സമൂഹത്തില്‍ എത്രമാത്രമാണ് വേദനിപ്പിക്കുന്നത്,ദുരിതപ്പെടുത്തുന്നത് എന്ന് ‘സുന്ദരബന്ധങ്ങള്‍’ എന്ന കുറിപ്പില്‍ വായനയിലൂടെ നമുക്ക് ബോധ്യമാവും. വാക്കുകള്‍ക്കതീതമായ സൗന്ദര്യം എഴുത്തിലുടനീളം കാത്തുവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ‘നിരാശയിലുതിരുന്ന കണ്ണീര്ക്കണങ്ങളിലല്ല, പ്രതീക്ഷകളില്‍ പൊടിയുന്ന വിയര്പ്പുതുള്ളികളിലാണ് അത്ഭുതങ്ങള്‍ ഒളിച്ചിരിക്കുന്നതെന്ന പാഠം. ‘നിശ്ചയിച്ച സമയം വന്നെത്തിയാല്‍ അണയാനുള്ള വിളക്കാണ് ഓരോ ജീവിതവും’. ഇത് പോലെ മനോഹരങ്ങളായ വരികള്‍ ഈ പുസ്തകത്തില്‍ സമൃദ്ധമായി കാണാം. ഇങ്ങനെ വൈവിധ്യവും വ്യത്യസ്തവുമായ ആലോചനകള്‍ക്ക് പാത്രമാകുന്ന ഈ പുസ്തകം വായിച്ചു തീര്‍ന്നാലും വായനക്കാരെ മദിച്ചുകൊണ്ടിരിക്കും.
വിനീതമായ ഈ വായന ഒരിക്കലും പൂര്‍ണമല്ല. വായിക്കുന്നവന്റെ രുചി ഭേദങ്ങള്‍ക്കനുസരിച്ച് ഇനിയും കൂടുതല്‍ കൂടുതല്‍ സത്ത് നുകര്‍ന്നെടുക്കാന്‍ കഴിയും.