
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ദേവാലയ കൂദാശയും പ്രതിഷ്ഠയും ഈ മാസം 29,30 തീയതികളിലായി നടക്കും. ഈ ദേശത്തിന്റെ സാംസ്കാരിക നന്മയും വികസന പാതയിലൂടെയുള്ള മുന്നേറ്റവും കേട്ടറിഞ്ഞു ധാരാളം ഭാരതീയര്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം ലക്ഷ്യമിട്ട് ഇവിടെ എത്തിയവരില്‍ മലങ്കര ഓര്‍ത്തഡോക്സ് ക്രൈസ്തവ വിശ്വാസികളായ 65 അംഗങ്ങള്‍ ചേര്‍ന്ന് ഒരു ആരാധനസമൂഹമായി മാറി. അവര്‍ ഒരു ദേവാലയം പണിയാനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ രാജ്യ നന്മക്കും സഹിഷ്ണുതക്കും സാഹോദര്യത്തിനും ഏറെ പ്രാധാന്യം നല്‍കിയിരുന്ന യുഎഇ രാഷ്ട്രപിതാവും അന്നത്തെ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് സന്തോഷപൂര്‍വം അതിനാവശ്യമായ സ്ഥലം അനുവദിച്ചു. വലിയ മനസ്സിനുടമയായ അദ്ദേഹം നേരിട്ട് വന്നു പുതിയ ദേവാലയത്തിന് അടിസ്ഥാന ശിലാ പാകിയെന്നത് ഈ ഇടവകക്കും മലങ്കര ഓര്‍ത്തഡോക്സ് സഭക്കും അവിസ്മരണീയവും അഭിമാനകരവും ഒപ്പം ചരിത്ര പ്രാധാന്യം നിറഞ്ഞതുമാണ്. പിന്നീട് 1981-ല്‍ ഖാലിദിയയില്‍ നിന്നും ദേവാലയം മാറ്റി സ്ഥാപിക്കേണ്ടതായ സാഹചര്യം വന്നപ്പോള്‍ അബുദാബിയിലെ ഭരണ നേതൃത്വം അതിനു ആവശ്യമായ സാമ്പത്തിക സഹായമുള്‍പ്പെടെ എല്ലാ പിന്തുണയും ലഭ്യമാക്കി. 1983-ല്‍ മുഷ്രിഫ് ഏരിയയില്‍ മനോഹരമായ ഒരു ദേവാലയം പണിതു. പിന്നീട് 40 വര്‍ഷങ്ങള്‍ക്ക് ശേഷം 2022 ഡിസംബര്‍ 25ന് യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.ജോസഫ് മാര്‍ ദീവന്നാസ്യോസ് എന്നിവര്‍ ശിലാസ്ഥാപനം നിര്‍വഹിച്ച പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 1968-ല്‍ ഖാലിദിയയില്‍ 65 ഇടവകാംഗങ്ങളുമായി ഒരു കോണ്‍ഗ്രിഗേഷനായി ആരംഭിച്ച യുഎഇയിലെ പ്രഥമ ഓര്‍ത്തഡോക്സ് ക്രൈസ്തവ ദേവാലയം ആധ്യാത്മികതയുടെ നിറചൈതന്യവുമായി അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേവാലയ കൂദാശയില്‍ 29ന് വെള്ളിയാഴ്ച 5.30 ന് ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. നിരവധി പ്രമുഖര്‍ പങ്കെടുക്കും.