
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : 53ാമത് ദേശീയ ദിനം ആഘോഷിക്കുന്ന യുഎഇയിലെ രാജകുടുംബത്തോടൊപ്പം 62 വര്‍ഷം സഞ്ചരിക്കാനും ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാനും അപൂര്‍വ ഭാഗ്യം ലഭിച്ചവരാണ് ഒരുമനയൂരിലെ പികെ അബ്ദുട്ടിഹാജിയും ചീനന് അബൂബക്കര്‍ ഹാജിയും. ഈ രാജ്യം പിറവിയെടുക്കുന്ന സുന്ദരനിമിഷത്തിന്റെ ആഹ്ലാദത്തിനൊപ്പം രാജകൊട്ടാരത്തില്‍ ചുരുക്കം ചില മലയാളികളാണുണ്ടായിരുന്നത്.
കുഞ്ഞുരാജ്യങ്ങളെ കൂട്ടിച്ചേര്‍ത്ത് ഐക്യഎമിറേറ്റ്സ് എന്ന പുതിയ രാജ്യം കെട്ടിപ്പടുക്കാന്‍ അബുദാബി ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ നേതൃത്വത്തില്‍ അബുദാബിയിലും ദുബൈയിലും രാജകൊട്ടാരങ്ങളില്‍ നടന്ന കൂടിക്കാഴ്ചകളില്‍ ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍മക്തൂമിന്റെ പേഴ്സണല്‍ അസിസ്റ്റന്റുമാരായി കൂടെയുണ്ടായിരുന്നത് തൃശൂര്‍ ജില്ലയിലെ ഒരുമനയൂരില്‍ നിന്നും തൊഴില്‍ തേടിയെത്തി,രാജകുടുംബത്തിന്റെ വിശ്വസ്തരായി മാറിയ അബ്ദുട്ടിഹാജിയും അബൂബക്കര്‍ ഹാജിയുമായിരുന്നു.
ദുബൈ ഭരണാധികാരികളായിരുന്ന ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍മഖ്തൂം,ശൈഖ് മക്തൂം ബിന്‍ റാഷിദ് അല്‍മഖ്തൂം,യുഎഇ ധനകാര്യ വകുപ്പ് മന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്തൂം തുടങ്ങി മഖ്തും കുടുബത്തിലെ അടുക്കള മുതല്‍ അരമനവരെ ഒരുമനയൂര്ക്കാരുടെയും കൂടി ഇടമായിരുന്നു. നാടിന്റെ പട്ടിണിമാറ്റാനും മെച്ചപ്പെട്ട ജീവിതം കൈവരിക്കാനും സാധ്യമായത് ദുബൈ രാജകുടുംബത്തില്‍ ലഭിച്ച തൊഴിലും വിശ്വാസ്യതയും തന്നെയായിരുന്നു. തങ്ങളുടെ പൂര്‍വികരുടെ ഓര്‍മകളി ല്‍ ഒരുമനയൂര്ക്കാര് ഇന്നും നിര്‍വൃതികൊള്ളുകയാണ്.
1950കളില്‍ ലാഞ്ചിയില്‍ ദുബൈയിലെത്തിയ അബ്ദുട്ടിഹാജിയും അബൂബക്കര്‍ ഹാജിയുമാണ് ആദ്യമായി ദുബൈ രാജകുടുംബത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അധികം വൈകാതെ സ്വന്തം നാട്ടുകാരനായ കുഞ്ഞിമുഹമ്മദ് ഹാജിയുമെത്തി. 1961ലാണ് പിപി അഹമ്മദുണ്ണിഹാജി(സാബില്‍ പാലസ്) ദുബൈയിലെത്തുന്നത്. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 1962ല്‍ അബൂബക്കര്‍ ഹാജിയാണ് അഹമ്മദുണ്ണിഹാജിക്ക് കൊട്ടാരത്തില്‍ ജോലി തരപ്പെടുത്തിയത്. 1962ല്‍ ഒരുമനയൂര്‍ക്കാരായ നാലുപേര്‍ ദുബൈ ഭരണാധികാരിയുടെ ഇഷ്ടകൂട്ടുകാരായി. 1968ല്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ സഹോദരന് അബ്ദുല്‍ ഖാദര്‍ ഹാജിയുമെത്തി. ഇവരുടെയൊക്കെ സത്യസന്ധതയും ജോലിയിലെ ആത്മാര്‍ത്ഥതയും മനസിലാക്കിയ ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം,മക്കളായ ശൈഖ് മക്തൂം ബിന്‍ റാഷിദ്,ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മക്തൂം എന്നിവര്‍ ഇവരെ തങ്ങളുടെ ഏറ്റവും അടുത്ത വിശ്വസ്തരായി കൂടെക്കൂട്ടി. സ്വന്തം കുടുംബാംഗങ്ങളെപ്പോലെ അതിരറ്റു സ്നേഹിക്കുകയും സര്‍വ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ചെയ്തു.
ശൈഖ് റാഷിദിന്റെ കുടുംബം ഇവരെ പതിറ്റാണ്ടുകളാണ് ചേര്‍ത്തുനിര്‍ത്തിയത്. അബ്ദുല്‍ ഖാദര്‍ ഹാജി രാജകുടുംബത്തില്‍ നീണ്ട 56 വര്‍ഷം പിന്നിടുകയാണ്. സ്വന്തം ജീവിതം മാത്രമല്ല,ഒരുനാടിന്റെ ജീവിത സ്പന്ദനത്തില്‍ മുഖ്യപങ്കുവഹിച്ച മഹാമനീഷിയായി മാറിയ അബ്ദുല്‍ഖാദര്‍ ഹാജി. ധനകാര്യമന്ത്രി ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ഈ ലോകത്തോട് വിടപറയുന്നതുവരെ അദ്ദേഹത്തിന്റെ ഓരോ ശ്വാസത്തിലും കൂടെയുണ്ടായിരുന്നു. തന്റെ സ്വാധീനവും കഴിവും ഉപയോഗപ്പെടുത്തി ആയിരക്കണ ക്കിനുപേരുടെ ജീവിതത്തിന് വെളിച്ചമേകാനും അബ്ദുല്‍ ഖാദര്‍ ഹാജിക്ക് സാധ്യമായി. ഒരുമനയൂരില്നിന്നുള്ള നിരവധി പേര് ഈ കൊട്ടാരത്തിലെത്തുകയും രാജകുടുംബത്തിന്റെ ഇഷ്ടക്കാരായി മാറുകയും ചെയ്തു. ഇവരുടെ പിന്മുറക്കാറായി അബൂബക്കര്‍ഹാജിയുടെ മകന് ഗഫൂറും പിന്നെ ആര്‍എം കബീറും ഉള്‍പ്പെടെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി രാജകുടുംബത്തിലെ വിശ്വസ്തരായി ജോലി ചെയ്യുന്നു. പികെ അബ്ദുട്ടിഹാജിയും അബൂബക്കര്‍ ഹാജിയും കുഞ്ഞിമുഹമ്മദ് ഹാജിയും ഈ ലോകത്തോട് വിട പറഞ്ഞു. 94 വയസ് പിന്നിട്ട പിപി അഹമ്മദുണ്ണിഹാജി പ്രായാധിക്യത്താല്‍ നാട്ടില്‍ കഴിയുന്നു. എങ്കിലും ഈദ് അല്‍ ഇത്തിഹാദിന്റെ ആഹ്ലാദനിറവില്‍ തന്റെ പഴയകാല ഓര്‍മകള്‍ ഗള്‍ഫ് ചന്ദ്രികയോട് പങ്കുവക്കാന്‍ അദ്ദേഹത്തിന് യൗവനത്തിന്റെ ആവേശമായിരുന്നു.