
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : രാജ്യത്തെ മസ്ജിദുകളുടെ പരിസരം ഹരിതാഭമാക്കാനുള്ള പദ്ധതിയുമായി യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് രംഗത്ത്. ‘നമ്മുടെ പള്ളികളെ പുനരുജ്ജീവിപ്പിക്കുക’ എന്ന സംരംഭത്തിന് പിന്തുണയായി 10,000 മരങ്ങള്‍ അദ്ദേഹം സംഭാവന ചെയ്തു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് വകുപ്പാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. യുഎഇയുടെ 53ാമത് ഈദ് അല്‍ ഇത്തിഹാദിനോട് അനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
രാജ്യവ്യാപകമായി പള്ളികളുടെ മുറ്റത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുക,വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കുക എന്ന യുഎഇയുടെ കാഴ്ചപ്പാടിന് അനുസൃതമായി പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അബുദാബിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി ഡയരക്ടര്‍ ജനറല്‍ സഈദ് അല്‍ ബഹ്രി സലേം അല്‍ അമേരിക്കൊപ്പം ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,എന്‍ഡോവ്മെന്റ്,സകാത്ത് ചെയര്മാന് ഡോ.ഉമര്‍ ഹബ്തൂര് അല്‍ ദാരെ പങ്കെടുത്തു. ഉദ്യമത്തിന് തുടക്കം കുറിച്ച് ഒരു മസ്ജിദ് അങ്കണത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതില്‍ അവര്‍ പങ്കെടുത്തു.
ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ 10,000 മരങ്ങള്‍ പള്ളി അങ്കണങ്ങള്‍ മോടിപിടിപ്പിക്കാന്‍ സംഭാവന ചെയ്തത് സുസ്ഥിര പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്ത് അബ്ദുല്ല അല്‍ ദഹക്ക് പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ യുഎഇയെ ഹരിതാഭമാക്കാനുള്ള കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്ലാന്റ് ദി എമിറേറ്റ്സ് പ്രോഗ്രാമുമായി ഈ സംരംഭം യോജിപ്പിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉദാരമായ സംരംഭത്തെ ഡോ.അല്‍ ദാരെ പ്രശംസിച്ചു, യുഎഇക്ക് അകത്തും പുറത്തുമുള്ള ജീവകാരുണ്യ, കമ്മ്യൂണിറ്റി പ്രോജക്ടുകള്‍ക്ക് അദ്ദേഹം നല്കുന്ന തുടര്‍ച്ചയായ പിന്തുണയെ ഡോ.അല്‍ ദാരെ എടുത്തുപറഞ്ഞു.