
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈയില്‍ പദ്ധതികള്‍ വിലയിരുത്തി
ദുബൈ: സമൂഹത്തിലെ എല്ലാതരം ആളുകളുടെയും ക്ഷേമത്തിനായി യുഎഇ സര്‍ക്കാറിന്റെ സേവനങ്ങള്‍ കൂടുതല്‍ സാര്‍വത്രികവും മികവുറ്റതുമാക്കുമെന്ന് ഭരണാധികാരികള്‍ വ്യക്തമാക്കി. ഇന്നലെ ദുബൈയിലെ അല്‍ മര്‍മൂമില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തിന്റെയും മുഴുവന്‍ ജനങ്ങളുടെയും സര്‍വ മേഖലകളിലും തുടര്‍ച്ചയായ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ളതാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ദേശീയ വികസനം,സമ്പദ്വ്യവസ്ഥയിലെ അഭിവൃദ്ധി എന്നിവ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളും ചര്‍ച്ച ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും സമൃദ്ധിക്കും കരുത്തുറ്റ പിന്തുണ നല്കുന്ന തരത്തില്‍ സമ്പദ്വ്യവസ്ഥ വളര്‍ന്നിട്ടുണ്ടെന്ന് കൂടിക്കാഴ്ച വിലയിരുത്തി. രാജ്യത്തെ മറ്റു ഗുണപരമായ മുന്നേറ്റങ്ങളും വിവിധ ദേശീയ,അന്തര്‍ദേശീയ വിഷയങ്ങളും രാഷ്ട്രനേതാക്കള്‍ ചര്‍ച്ച ചെയ്തു. രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചാണ് കൂടിക്കാഴ്ച അവസാനിച്ചത്. ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ സ്പെഷ്യല്‍ അഫയര്‍ ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാനും എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം,യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്്നൂന്‍ അല്‍ നഹ്യാന്,യുഎഇ പ്രസിഡന്റിന്റെ സ്ട്രാറ്റജിക് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് ടെക്നോളജി അഫയേഴ്സ് ഉപദേഷ്ടാവ് ഫൈസല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ബന്നായ്,നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.