
ഹൈദരാബാദ് ദമ്പതികളുടെ വേര്‍പാട് അറിയാതെ മക്കള്‍ അബുദാബിയില്‍
അബുദാബി: കഴിഞ്ഞ ദിവസം റൂവൈസിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട ഹൈദരാബാദ് ദമ്പതികളുടെ മൂന്ന് മക്കള്‍ അബുദാബിയില്‍ അമ്മാവനോടൊപ്പം കഴിയുന്നു. ആഗസ്ത് 7 നാണ് അബുദാബിയില്‍ നിന്നും റുവൈസിലെ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്വദേശിയായ സയ്യിദ് വഹീദ് (37), ഭാര്യ സന ബീഗം (27) എന്നിവര്‍ കാറപകടത്തില്‍ മരണപ്പെടുന്നത്. ഇവരുടെ പെണ്മക്കളായ സിദ്ര (7), സാദിയ (2), കൈക്കുഞ്ഞ് നാല് മാസം പ്രായമുള്ള സൈദ് എന്നിവരും അപകട സമയത്ത് ഇവരോടൊപ്പമുണ്ടായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സൈദ് ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ അബുദാബിയിലെ ആസ്പത്രിയിലാണ്. കുട്ടിയുടെ മൂത്ത സഹോദരിമാരായ സിദ്രയുടെയും സാദിയയുടെ കാലുകള്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ആശുപത്രിയില്‍ പരിചരണം നല്‍കിവരികയാണ്. സന ബീഗത്തിന്റെ സഹോദരന് മതീന്റെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. ചെറിയ കുട്ടിയുടെ ജീവന് നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി 25 കാരനായ മതീനെ ഉദ്ധരിച്ച് നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ അപകടത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ മൂന്ന് കുട്ടികളും അനാഥരായി. മൂത്ത സഹോദരി സന ബീഗത്തിന്റെയും സയ്യിദ് വഹീദിന്റെയും മരണത്തില്‍ മതീന് അതീവ ദുഃഖിതനാണ്. അബുദാബിയിലെത്തി മതീനെ സന്ദര്‍ശിച്ച ശേഷമായിരുന്നു കുടുംബം അപകടത്തില്‍ പെടുന്നത്. മാതാപിതാക്കള്‍ മരണപ്പെട്ട വിവരം രണ്ട് പെണ്‍കുട്ടികളും ഇതുവരെ അറിഞ്ഞിട്ടില്ല. കുട്ടികളുടെ മുത്തച്ഛന് പേരക്കുട്ടികളെ ഏറ്റെടുക്കാനായി ഹൈദരാബാദില്‍ നിന്ന് ഉടന്‍ അബുദാബിയിലെത്തും. ദമ്പതികളുടെ മൃതദേഹം ആഗസ്ത് 9 ന് ഹൈദരാബാദില്‍ എത്തിച്ച് ഖബറടക്കിയിരുന്നു. അബുദാബിയിലെ ഒരു ടെക്നോളജി കമ്പനിയില്‍ ജോലി ചെയ്യുന്ന മതീന് പിതാവിന്റെ വരവിനായി കാത്തിരിക്കുകയാണ്. കുട്ടികളെ എങ്ങനെ വിവരമറിയിക്കുമെന്ന പ്രയാസത്തിലാണ് മതീന്. മതീന്റെ വിവാഹനിശ്ചയത്തിന് കഴിഞ്ഞ മാസം കുടുംബം ഹൈദരാബാദില്‍ ഒത്തുകൂടിയിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കി പെങ്ങളുടെയും അളിയന്റെയും പെട്ടെന്നുള്ള വേര്‍പാടിന്റെ ഷോക്കിലാണ് ഈ യുവാവ്. ഹൈദരാബാദ് ദമ്പതികള്‍ ഏഴ് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു.