
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപതയ്ക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടത്തിയ ജന സമ്പര്‍ക്ക പരിപാടിക്കിടെയാണ് കയ്യേറ്റമുണ്ടായത്. പരുക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പൊലീസ് പിടികൂടി. അക്രമിയുടെ കൈയ്യില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. കൈകൊണ്ട് മര്‍ദ്ദിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. രേഖ ഗുപ്ത അധികാരത്തിലേറിയതിന് ശേഷം എല്ലാ ബുധനാഴ്ചയും രാവിലെ ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ ഈ പരിപാടി നടക്കാറുണ്ട്. ഈ സമയത്ത് മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാന്‍ ആളുകള്‍ എത്തുന്നത് പതിവാണ്. ഇതിനിടെയായിരുന്നു ആക്രമണം. ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖത്തടിച്ചു എന്നാണ് ആദ്യം പറഞ്ഞിരുന്നത്. രാജ്കോട്ട് സ്വദേശിയായ 41 കാരന് രാജേഷ് ബായ് കിംജിയാണ് അക്രമിയെന്ന് വ്യക്തമായിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടന്നു വരികയാണ്. ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പ്രതികരിച്ചു. തലസ്ഥാനത്തെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.