
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
ദുബൈ: വാഹന മാനേജ്മെന്റിന് നൂതന എഐ ആപ്പുമായി വി സോണ്‍ ഇന്റര്‍നാഷണല്‍. ഈ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ‘വി സോണ്‍ എഐ’ എന്ന പുതിയ സാങ്കേതികവിദ്യക്ക് ദുബൈയില്‍ തുടക്കം കുറിച്ചതായി കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഡോ.അന്‍വര്‍ മുഹമ്മദ് പറഞ്ഞു. ഫ്ലീറ്റ് മാനേജ്മെന്റിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ലോകത്തിലെ ആദ്യത്തെ സംഭാഷണ എഐ അസിസ്റ്റന്റാണിത്. ലളിതമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിലൂടെ വാഹനങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ തല്‍ക്ഷണം നേടാന്‍ ഇത് ഓപ്പറേറ്റര്‍മാരെ സഹായിക്കുന്നു.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ് ഈ മുന്നേറ്റം സാധ്യമായത്. നിലവിലുള്ള ഫ്ലീറ്റ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളുടെ സങ്കീര്‍ണ്ണതകളും പരിമിതികളും മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വി സോണ്‍ എഐ നിര്‍മ്മിച്ചിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ കമ്പനി ഉടമകള്‍, ഫ്ലീറ്റ് മാനേജര്‍മാര്‍, ഓപ്പറേഷന്‍സ് മാനേജര്‍മാര്‍ എന്നിവര്‍ക്ക് തങ്ങളുടെ വിരല്‍ത്തുമ്പില്‍ ശക്തവും ലളിതവുമായ ഒരു ഡിജിറ്റല്‍ സഹായിയെ ലഭിക്കുന്നതായും അന്‍വര്‍ മുഹമ്മദ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രത്യേക പരിശീലനം ആവശ്യമില്ലാതെ, ടെക്സ്റ്റ് വഴിയോ ശബ്ദം വഴിയോ സ്വാഭാവികമായി ചോദ്യങ്ങള്‍ ചോദിക്കാം. എപ്പോള്‍ വേണമെങ്കിലും തല്‍ക്ഷണ മറുപടികള്‍ നല്‍കും. വിവിധ വ്യവസായങ്ങളിലും സര്‍ക്കാര്‍ മേഖലകളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വി സോണ്‍ എഐ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഫ്ലീറ്റ് മാനേജ്മെന്റ് രംഗത്ത് ഇതുവരെ അവതരിപ്പിക്കപ്പെട്ടതില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന പ്ലാറ്റ്ഫോമുകളിലൊന്നായി മാറുന്നു. ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കല്‍, മോഷണം കണ്ടെത്തല്‍, അപകട മുന്നറിയിപ്പുകള്‍, നഗരാസൂത്രണത്തിനുള്ള വിവരങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഇത് സഹായകരമാവും. വാഹനങ്ങളുടെ തത്സമയ ട്രാക്കിംഗ്, ചെലവ് നിയന്ത്രണം, മുന്‍കൂട്ടിയുള്ള മെയിന്റനന്‍സ് അറിയിപ്പുകള്, ഡിസ്പാച്ച് ഓപ്റ്റിമൈസേഷന്‍ തുടങ്ങി ചരക്ക് ഗതാഗത മേഖലകളിലും ഉപയോഗിക്കാം. ഡാറ്റ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല ചെയ്യുന്നത്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും നഷ്ടങ്ങള്‍ തടയുകയും ഉപഭോക്താക്കള്‍ക്ക് ലാഭം ഉറപ്പാക്കുകയും ചെയ്യുന്നു. 18 വര്‍ഷത്തിലേറെയായി യുഎഇയിലും പുറത്തും നൂതനമായ ഫ്ലീറ്റ് മാനേജ്മെന്റ്, ജിപിഎസ് ട്രാക്കിംഗ് സേവനങ്ങള്‍ നല്കുന്നതില് മുന്‍പന്തിയിലാണ് വി സോണ്‍ ഇന്റര്‍നാഷണല്‍ എല്‍എല്‍സി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി, ലോജിസ്റ്റിക്സ്, ഗതാഗതം, സര്‍ക്കാര്‍ മേഖലകള്‍ തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് സേവനം നല്കുന്നു. ഓപ്പറേഷന്‍സ് മാനേജര്‍ എന്‍.എം ഷരീഫ്, ബിസിനസ് ഡവലപ്മെന്റ് ഡയറക്ടര്‍ ഷബീര്‍ അലി, അഡ്മിന് മാനേജര്‍ റാഫി പള്ളിപ്പുറം, ഐടി മാനേജര്‍ ഷെനുലാല് എന്നിവരും പങ്കെടുത്തു.