
ദുബൈയില്‍ വാഹന പരിശോധനക്ക് എഐ സാങ്കേതികവിദ്യ
‘നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍’- പുസ്തകമേള നവംബര്‍ 5 മുതല്‍ 16 വരെ
ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളില്‍ ഒന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ 44ാം പതിപ്പില്‍ 118 രാജ്യങ്ങളില്‍ നിന്നുള്ള 2,350 പ്രസാധകരും പ്രദര്‍ശകരും പങ്കെടുക്കും. ജമൈക്ക, ലൈജീരിയ, മാലി, സെനഗല്‍ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും സംബന്ധിക്കും. സാഹിത്യം, സംസ്കാരം, വിജ്ഞാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 66 രാജ്യങ്ങളില്‍ നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാര്‍ജയില്‍ എത്തുക. ഇന്ത്യയില്‍ നിന്ന് കവി കെ. സച്ചിദാനന്ദന്, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാര്‍ അവാര്‍ഡ് ജേതാവുമായ ഇ.സന്തോഷ് കുമാര്‍, ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍ പ്രാജക്ത കോലി എന്നിവരും പങ്കെടുക്കും. കൂടുതല്‍ ഇന്ത്യന്‍ എഴുത്തുകാരെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി(എസ്ബിഎ) അധികൃതര്‍ പറഞ്ഞു. നൈജീരിയന്‍ സാഹിത്യത്തിലെ അതികായയും ഹാഫ് ഓഫ് എ യെല്ലോ സണ്‍, അമേരിക്കാന എന്നീ പ്രശസ്ത നോവലുകളുടെ രചയിതാവുമായ ചിമാമണ്ട എന്‍ഗോസി അഡീച്ചി മേളയുടെ പ്രധാന ആകര്‍ഷണമായിരിക്കും.
നവംബര്‍ 5 മുതല്‍ 16 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. ‘നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള അരങ്ങേറുക. ഇതില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള 750 ശില്പശാലകളും 300ലേറെ സാംസ്കാരിക പരിപാടികളും ഉള്‍പ്പെടെ 1,200ല്‍ അധികം പരിപാടികള്‍ പുസ്തകമേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കും. ഇറ്റാലിയന്‍ ഭൗതികശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാര്‍ലോ റോവെല്ലി, ഐറിഷ് നോവലിസ്റ്റ് പോള്‍ ലിഞ്ച്, ബ്രിട്ടീഷ് മനഃശാസ്ത്രജ്ഞന് ഡോ. ജൂലി സ്മിത്ത് തുടങ്ങിയ രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും മേളയുടെ ഭാഗമാകും. ഈജിപ്റ്റോളജിസ്റ്റ് സാഹി ഹവാസ്, ഈജിപ്ഷ്യന്‍ എഴുത്തുകാരന് മോ ഗൗദത്ത്, കവയിത്രിയും ചലച്ചിത്ര സംവിധായികയുമായ നജൂം അല്‍ ഗാനം തുടങ്ങിയ പ്രമുഖ അറബ് വ്യക്തിത്വങ്ങളും ചര്‍ച്ചകളില്‍ പങ്കെടുക്കും.
അതിഥി രാജ്യം ഗ്രീസ്
ഗ്രീസിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് ആ രാജ്യത്തെയാണ് ഇപ്രാവശ്യത്തെ പുസ്തകമേളയുടെ ബഹുമാനിത രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രീസിന്റെ പ്രസിദ്ധീകരണങ്ങള്‍, ചരിത്രപരമായ രേഖകള്‍, പ്രമുഖ സാഹിത്യകാരന്മാരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഗ്രീസിന്റെ പവിലിയനില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, പോയട്രി ഫാര്‍മസി, പോപ്അപ്പ് അക്കാദമി, പോഡ്കാസ്റ്റ് സ്റ്റേഷന് തുടങ്ങിയ പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ, എട്ട് ഭാഷകളിലുള്ള ബഹുഭാഷാ കവിതാ സന്ധ്യകളും അരങ്ങേറും. ന്യൂയോര്‍ക്ക് ത്രില്ലര്‍ ഫെസ്റ്റിവലുമായി സഹകരിച്ചുള്ള നാലാമത് ത്രില്ലര്‍ ഫെസ്റ്റിവല്‍ നവംബര്‍ 8 മുതല്‍ 11 വരെ നടക്കും.
12 ദിവസത്തെ മേളയില്‍ ഇന്ത്യയില്‍ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ എഴുത്തുകാര്‍, സ്രഷ്ടാക്കള്‍, പ്രസാധകര് എന്നിവര്‍ അണിനിരക്കും. പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംവേദനാത്മക ശില്പശാലകള് എന്നിവ ഉള്‍പ്പെടെയുള്ള സമ്പന്നമായ സാംസ്കാരിക പരിപാടികള്‍ മേളയിലുടനീളം നടക്കും. മേളയ്ക്ക് മുന്നോടിയായി 14ാമത് ഷാര്‍ജ പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് നവംബര്‍ 2 മുതല്‍ 4 വരെ നടക്കും. കൂടാതെ മേളയുടെ ഭാഗമായി 12ാമത് ഷാര്‍ജ രാജ്യാന്തര ലൈബ്രറി കോണ്‍ഫറന്‍സ് നവംബര്‍ 8 മുതല്‍ 10 വരെ നടക്കും. സന്ദര്‍ശകരുടെ സൗകര്യത്തിനായി വിപുലമായ യാത്രാ ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെടുത്തിയ പാര്‍ക്കിങ് സൗകര്യങ്ങള്‍, മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്, ദുബൈയിലെ വിവിധ ഇടങ്ങളില്‍ നിന്നുള്ള ഷട്ടില്‍ ബസ് സര്‍വീസുകള്‍ എന്നിവ വഴി എല്ലാ സന്ദര്‍ശകര്‍ക്കും മേളയിലേയ്ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്ത്വത്തില് എസ്ബിഎ ചെയര്‍പേഴ്സണ്‍ ശൈഖ ബൊദുര് ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയുടെ മാര്‍ഗ നിര്‍ദേശാനുസരണമാണ് പുസ്തകമേള നടക്കുന്നതെന്ന് എസ്ബിഎ സിഇഒ; അഹമദ് റക്കാദ് അല്‍ അംറി പറഞ്ഞു.