ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

ഷാര്‍ജ: അപൂര്‍വവും അല്ലാത്തതുമായി രത്നങ്ങളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍കൊള്ളുന്ന ‘രത്നശാസ്ത്രം’ ഗ്രന്ഥം ഷാര്‍ജ പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്യും. കോട്ടയം സ്വദേശിയും പ്രമുഖ പ്ലാനെറ്ററി ജെമ്മോളജിസ്റ്റുമായ ഉണ്ണികൃഷ്ണന് ശിവാസ് ആണ് ഗ്രന്ഥകര്‍ത്താവ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി രത്നങ്ങളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഉണ്ണികൃഷ്ണന് ശിവാസ്. ഏതാണ്ട് അഞ്ചു വര്‍ഷങ്ങളുടെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് ഇത്തരമൊരു പുസ്തകം എഴുതിയതെന്ന് ഉണ്ണികൃഷ്ണന് ശിവാസ് പറഞ്ഞു. പുരാതന കാലം മുതല്‍ മുത്തും പവിഴവും ഉള്‍പ്പടെയുള്ള രത്നങ്ങള്‍ മനുഷ്യരുടെ ജീവിതത്തില്‍ സൗന്ദര്യത്തിന്റെയും ആത്മീയതയുടേയും പ്രതീകങ്ങളായി നിലകൊള്ളുന്നുണ്ട്. പ്രകൃതിജന്യമായ കല്ലുകളുടെ ഉത്ഭവം, ഖനനം, സംഭരണം, സംസ്കരണം തുടങ്ങി ഉപഭോക്താക്കളുടെ കൈകളില്‍ അവ എത്തുന്നത് വരെയുള്ള വഴികളും വിശദാംശങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നു. രത്നങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് മാത്രമല്ല, രത്ന മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും ജ്വല്ലറികള്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമായി പരിഗണിക്കാവുന്നതാണ് പുസ്തകം. പ്രകൃതിജന്യ രത്നങ്ങളുടെ ശാസ്ത്രീയതയും പുസ്തകത്തില്‍ വിവരിക്കുന്നു. നവംബര്‍ 9ന് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഷാര്‍ജ പുസ്തകോത്സവ വേദിയില്‍ ഏഴാം നമ്പര്‍ ഹാളിലുള്ള റൈറ്റേഴ്സ് ഫോറത്തിലാണ് പ്രകാശന ചടങ്ങ്. പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. കൈരളി ബുക്സാണ് പ്രസാധകര്. ശിവാസ് ഗ്രൂപ്പ് ഡയറക്ടര്‍ ഉല്ലാസ്, കൈരളി ബുക്സ് മാനേജിങ് ഡയറക്ടര്‍ ഒ. അശോക്കുമാര്, മനോജ് ആന്‍ഡ് അസോസിയേറ്റ്സ് ചാര്‍ട്ടേര്‍ഡ് എകൗണ്ടന്സ് സി.ഇ.ഒ ഡോ. മനോജ് ഏഡൂര്‍, ലക്ഷ്മി ശിവാസ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.