എഐ സഹായത്തോടെയുള്ള ഭരണനിര്‍വഹണം; ഗവര്ണന്സ് സര്ട്ടിഫിക്കേഷന് നേടി ജിഡിആര്‍എഫ്എ

ദുബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയുടെ ഉത്തരവാദിത്വപരമായ ഉപയോഗം ഉറപ്പാക്കുന്നതില്‍ ആഗോള തലത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ജിഡിആര്‍എഫ്എ ദുബൈ. അന്താരാഷ്ട്ര നിലവാരമായ ISO/IEC 42001:2023 അനുസരിച്ചുള്ള എഐ മാനേജ്മെന്റ് സിസ്റ്റം സര്ട്ടിഫിക്കേഷന് ഡയറക്ടറേറ്റ് സ്വന്തമാക്കി. ദുബൈയിലെ സ്വദേശികളുടെയും വിദേശികളുടെയും താമസ കുടിയേറ്റ കാര്യങ്ങളും റെസിഡന്‍സി എന്‍ട്രി വിസ സേവനങ്ങളും കൈകാര്യം ചെയ്യുന്ന പ്രധാന സര്‍ക്കാര്‍ സ്ഥാപനമാണ് ജിഡിആര്‍എഫ്എ. ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (BSI) നടത്തിയ ബാഹ്യ ഓഡിറ്റുകളും മാനദണ്ഡങ്ങളുടെ വിജയകരമായ പാലനവും അടിസ്ഥാനമാക്കിയാണ് സര്ട്ടിഫിക്കേഷന് നല്‍കിയത്. നെതര്‍ലാന്‍ഡ്സിലെ ഡച്ച് അക്രഡിറ്റേഷന് കൗണ്‍സില്‍ (RvA) അംഗീകരിച്ച ഈ സര്‍ട്ടിഫിക്കേഷനിന് പൂര്‍ണ അന്താരാഷ്ട്ര അംഗീകാരമുണ്ട്.ഇതുമായി ബന്ധപ്പെട്ട അനുമോദന ചടങ്ങ് ജനറല്‍ ഡയറക്ടറേറ്റിന്റെ മുഖ്യ ഓഫീസില്‍ നടന്നു.മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി, ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ എന്നിവര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. എഐയുടെ സുരക്ഷിതവും സുതാര്യവുമായ ഉപയോഗം ഉറപ്പാക്കി സമഗ്രമായ ഡിജിറ്റല്‍ ഭരണസംവിധാനം രൂപപ്പെടുത്താനുള്ള ജിഡിആര്‍എഫ്എ ദുബൈയുടെ ശ്രമങ്ങളെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. നവീകരണം, ഡാറ്റ സംരക്ഷണം, നിയമാനുസൃതത, പൊതുജന വിശ്വാസം എന്നിവ തമ്മില്‍ സന്തുലിത സമീപനം കൈവരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി.അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് എഐ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നതിലൂടെ, സാങ്കേതികവിദ്യയെ സേവന ഗുണനിലവാരവും പ്രവര്‍ത്തന കാര്യക്ഷമതയും വര്‍ധിപ്പിക്കുന്ന പ്രായോഗിക ഉപകരണങ്ങളാക്കി മാറ്റാനുള്ള സ്ഥാപനത്തിന്റെ കഴിവാണ് വ്യക്തമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ആഗോള തലത്തിലെ മികച്ച എഐ ഗവര്ണന്സ് രീതികള്‍ പിന്തുടരുന്നതിലുള്ള ജിഡിആര്‍എഫ്എ ദുബൈയുടെ പ്രതിബദ്ധതയാണ് ഈ സര്ട്ടിഫിക്കേഷന് തെളിയിക്കുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനമെടുക്കല്‍ പ്രക്രിയ ശക്തിപ്പെടുത്താനും ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ നേതൃത്വവും മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന ഭരണരീതിയും ശക്തിപ്പെടുത്തുകയെന്ന ദുബൈ നേതൃത്വത്തിന്റെ ദര്ശനത്തോടൊപ്പമാണ് ഈ നേട്ടമെന്നും, പൗരത്വം, തിരിച്ചറിയല്‍, താമസാനുമതി തുടങ്ങിയ മേഖലകളില്‍ ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ദുബായ് ആഗോള മാതൃകയാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഡിആര്‍എഫ്എ ഡിജിറ്റല്‍ സര്‍വീസസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ എക്സ്പര്‍ട്ട് ഖാലിദ് അഹമ്മദ് ബിന്‍ മദിയ അല്‍ ഫലാസി, ഈ സര്ട്ടിഫിക്കേഷന് ഡയറക്ടറേറ്റിന്റെ ഡിജിറ്റല്‍ സംവിധാനങ്ങളുടെ വളര്‍ച്ചയും എഐയുടെ ഉത്തരവാദിത്വപരമായ ഉപയോഗത്തോടുള്ള ശക്തമായ പ്രതിബദ്ധതയും വ്യക്തമാക്കുന്നതാണെന്ന് പറഞ്ഞു. ഇതുവഴി ഡിജിറ്റല്‍ പരിഹാരങ്ങളുടെ വിശ്വാസ്യത ഉയരുകയും, ഗവര്ണന്സ്, റിസ്ക് മാനേജ്മെന്റ്, നിയമാനുസൃതത എന്നീ മേഖലകള്‍ കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.ആഗോള തലത്തില്‍ അംഗീകാരം നേടിയ ഈ സര്ട്ടിഫിക്കേഷന്, എഐ സാങ്കേതികവിദ്യയുടെ സുരക്ഷിതവും നൈതികവുമായ ഉപയോഗം ഉറപ്പാക്കുന്നതിനൊപ്പം, ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വിശ്വാസം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നതായും അധികൃതര്‍ അറിയിച്ചു.