അബുദാബിയില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ അവയവങ്ങള്‍ 6 പേര്‍ക്ക് ദാനം നല്കി

പുതുജീവന്‍ ലഭിച്ചത് ആറ് പേര്‍ക്ക്
അബുദാബി: ഇ-സ്കൂട്ടര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി, അവയവ ദാനത്തിലൂടെ പുതുവര്‍ഷത്തില്‍ ആറ് പേര്‍ക്ക് ജീവന് നല്കി. മലയാളിയായ സ്വര്ണപ്പണിക്കാരന് എം.ബാബുരാജിന്റെ (50) അവയവങ്ങളാണ് ദാനം ചെയ്യാന്‍ ബന്ധുക്കള്‍ അനുമതി നല്‍കിയത്. ആറ് രോഗികള്‍ക്കാണ് ഈ ദാനത്തിലൂടെ പുതുജീവന്‍ ലഭിക്കുന്നത്. ഡിസംബര്‍ 16നാണ് അബുദാബി വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തുള്ള ട്രാഫിക് സിഗ്നലില്‍ വെച്ച് ബാബുരാജിന് അപകടം സംഭവിക്കുന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബാബുരാജിനെ ഇലക്ട്രിക് സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച് അദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു. മുമ്പ് ജോലി ചെയ്തിരുന്ന ഒരു ജ്വല്ലറിയില്‍ ജോലിക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് ഇസ്കൂട്ടര് അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബാബുരാജ് റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. ബാബുരാജനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പക്ഷേ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ബാബുരാജന്റെ അയല്‍ക്കാരനും അബുദാബിയിലുള്ള സുഹൃത്തുമായ ഷിബു മാത്യുവാണ് അവയവദാനം നടത്താനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ‘അത് വേദനാജനകമായ ഒരു നിമിഷമായിരുന്നെങ്കിലും, മസ്തിഷ്ക മരണം സംഭവിച്ച ആളുകള്‍ അവയവദാനത്തിലൂടെ മറ്റുള്ളവരുടെ ജീവന് രക്ഷിച്ചതിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ കണ്ടതിനാല്‍ ആ ചിന്ത പെട്ടെന്ന് എന്റെ മനസ്സിലേക്ക് കടന്നുവന്നു. അടുത്തിടെ കേരളത്തില്‍ നിന്ന് അത്തരം ഹൃദയസ്പര്‍ശിയായ ചില കഥകള്‍ ഉണ്ടായിട്ടുണ്ട്,’ ഐടി സൊല്യൂഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റംസ് കമ്പനി നടത്തുന്ന ഷിബു പറയുന്നു. ബാബുരാജന്റെ കുടുംബം അത് സമ്മതിക്കുകയായിരുന്നു.
ദാനവുമായി മുന്നോട്ട് പോകാന്‍ കുടുംബവും സുഹൃത്തുക്കളും ഹയാത്ത് ദേശീയ അവയവദാന പരിപാടിയിലെ അംഗങ്ങളുമായി ഏകോപിപ്പിച്ചു. ബാബുരാജനെ അബുദാബിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി, അവയവം വീണ്ടെടുക്കുന്നതിനുള്ള ശസ്ത്രക്രിയ ചൊവ്വാഴ്ച നടത്തി. അവയവദാനത്തിനായി കാത്തിരിക്കുന്ന ആറ് രോഗികള്‍ക്ക് അദ്ദേഹത്തിന്റെ ഹൃദയം, വൃക്ക, പാന്‍ക്രിയാസ്, കരള്‍, ശ്വാസകോശം എന്നിവ മാറ്റിവച്ചെന്ന് ഷിബുവിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബാബുരാജന്റെ കുടുംബത്തിന്റെ വലിയ മനസ്സോടെയുള്ള തീരുമാനം ആറ് ജീവന് രക്ഷിച്ചതായും ആരോഗ്യകരവും അച്ചടക്കമുള്ളതുമായ ജീവിതം നയിച്ച ഒരാളില്‍ നിന്നാണ് സ്വീകര്‍ത്താക്കള്‍ക്ക് അവയവങ്ങള്‍ ലഭിച്ചതെന്ന് ഷിബു പറഞ്ഞു. നേരത്തെ യെമനിലും സഊദിയിലും ജോലി ചെയ്തിരുന്ന ബാബുരാജന് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നുവെന്ന് ബന്ധുവായ ശ്രീകണ്ഠന് പറഞ്ഞു. 10 വര്‍ഷം മുമ്പ് യുഎഇയിലെത്തുന്നത്. നേരത്തെ ഷാര്ജിയിലുണ്ടായിരുന്ന ജോലി കോവിഡ് കാലത്ത് നഷ്ടപ്പെട്ടു, പിന്നീടാണ് ബന്ധുവിന്റെ സഹായത്തോടെ അബുദാബിയില്‍ ജോലിക്കെത്തുന്നത്. അവധി കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ബാബുരാജ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. 90 വയസ്സുള്ള അമ്മയുണ്ട്. ഭാര്യ: കുമാരി. മക്കള്‍: പ്രീതി, കൃഷ്ണപ്രിയ.