
ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം
ദുബൈ : കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ താമസ കുടിയേറ്റ വകുപ്പ് പുതിയ പദ്ധതി ആരംഭിച്ചു. ‘മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം’ എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ജോലി സ്ഥലങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാനും അവരുടെ ജോലിയുടെ പ്രാധാന്യങ്ങളും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാനും അവസരം നല്‍കും. ഇതിനായി 6നും 16നും ഇടയിലുള്ള ജീവനക്കാരുടെ 100 കുട്ടികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന ഓഫീസിലും ഡയറക്ടറേറ്റിന്റെ വിവിധ കേന്ദ്രങ്ങളിലും പദ്ധതി വിപുലപ്പെടുത്തി. ദുബൈ എയര്‍പോര്‍ട്ട് ജിഡിആര്‍എഫ്എ സെക്ടര്‍, ഹത്ത ബോര്‍ഡ് ക്രോസിംഗ്, ലംഘകരുടെ ഷെല്‍ട്ടര്‍ സെന്റര്‍, ജബല്‍ അലി പോര്‍ട്ട് എന്നീ സ്ഥലങ്ങളിലെ ഓഫീസുകളിലേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികളില്‍ സന്നദ്ധപ്രവര്‍ത്തനത്തിന്റെ മനോഭാവം വളര്‍ത്തിയെടുക്കുന്നതിന് വോളണ്ടിയര്‍ ഹീറോസ് എന്ന ശീര്‍ഷകത്തിലുള്ള ശില്പശാലയും സംഘടിപ്പിച്ചു. പുതിയ തലമുറയും തൊഴില്‍ അന്തരീക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ റസിഡന്‍സി ജീവനക്കാരുടെ 100 കുട്ടികളെ ഉള്‍പ്പെടുത്തുന്നതിലൂടെ, ജോലിസ്ഥലത്ത് മാതാപിതാക്കളുടെ റോളുകള്‍ മനസിലാക്കാനും ഓരോരുത്തരും ചെയ്യുന്ന ജോലികള്‍ അവരെ പരിചയപ്പെടുത്താനും അവരുടെ മനസ്സില്‍ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംരംഭം. കുട്ടികളുടെ സാമൂഹികവും വൈകാരികവുമായ കഴിവുകളുടെ വികസനത്തിന് ഇത്തരത്തിലുള്ള പദ്ധതികള്‍ കൂടുതല്‍ സഹായകരമാകുമെന്നും രാജ്യത്തിനും, സമൂഹത്തിനും മികച്ച സംഭാവന നല്കാന് പദ്ധതി വഴിയൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളോടുള്ള കുട്ടികളുടെ അഭിനന്ദനം ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യത്തോടെ ഓരോ കുട്ടിക്കും അവരുടെ മാതാപിതാക്കള്‍ക്ക് ‘ഹൃദയത്തില്‍ നിന്നുള്ള ഒരു സന്ദേശം’ എന്ന വാചകം അടങ്ങിയ നന്ദി കാര്‍ഡ് അവതരിപ്പിക്കുന്നതും ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തി.