അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അബുദാബി: മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികള്‍ മരണപ്പെട്ട അബുദാബി അപകടത്തിലെ നാലാമത്തെ കുട്ടിയും മരിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റിരുന്ന ഏഴ് വയസ്സുകാരന് അസം ആണ് ഇന്ന് മരിച്ചത്. ഇവരുടെ ഹൗസ് മെയ്ഡ് ഉള്‍പ്പെടെ മരണസംഖ്യ അഞ്ചായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി അബ്ദുല്ലത്തീഫിന്റെയും രുക്സാനയുടെയും മൂന്ന് മക്കളാണ് അപകട ദിവസം മരിച്ചത്. അബ്ദുല്ലത്തീഫിനെയും രുക്സാനയെയും മറ്റു രണ്ട് മക്കളെയും സാരമായി പരിക്കുകളോടെ അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അബുദാബി ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്നതിനിടെ അബുദാബി-ദുബൈ റോഡില്‍ ഞായറാഴ്ച രാവിലെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മരണപ്പെട്ട ഹൗസ് മെയ്ഡ് ബുഷറയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മറ്റു കുട്ടികളുടെ ഖബറടക്കം യുഎഇയില്‍ തിങ്കളാഴ്ച നടക്കേണ്ടതായിരുന്നു. അപ്പോഴാണ് നാലാമത്തെ കുട്ടിയും മരിച്ചത്. പ്രവാസ ലോകത്തെ ഏറെ ദു:ഖത്തിലാഴ്ത്തിയ ദുരന്തമാണ് ഞായറാഴ്ച അബുദാബിയിലുണ്ടായത്. അബ്ദുലത്തീഫും രുക്സാനയും മകന് പത്ത് വയസ്സുകാരന് ഇസ്സയും ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.