ദുബൈ സ്റ്റുഡിയോ സിറ്റിയില്‍ ബിഗ് ബാഡ് വുള്‍ഫ് പുസ്തകമേള മാര്‍ച്ച് 15 വരെ തുടരും

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ പുസ്തക വില്‍പ്പന മേളയായ ‘ബിഗ് ബാഡ് വുള്‍ഫ് ബുക്സ് ദുബൈ 2026’ മാര്‍ച്ച് 15 തിങ്കളാഴ്ച വരെ ദുബൈ സ്റ്റുഡിയോ സിറ്റിയില്‍ തുടരും. യുഎഇയിലുടനീളമുള്ള കൂടുതല്‍ കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വായനാപ്രേമികള്‍ക്കും മേള സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതിനായാണ് മേളയുടെ കാലാവധി നീട്ടിയതെന്ന് സംഘാടകര്‍ അറിയിച്ചു. മേള പ്രതിദിനം രാവിലെ 10 മുതല്‍ പുലര്‍ച്ചെ 2 വരെ തുറന്നിരിക്കും. എല്ലാ സന്ദര്‍ശകര്‍ക്കും സൗജന്യ പ്രവേശനവും പരിസരത്ത് സൗജന്യ പാര്‍ക്കിംഗ് സൗകര്യവും ലഭ്യമാണ്. മേളയുടെ സ്ഥിരം സന്ദര്‍ശകരും ആദ്യമായി എത്തുന്നവരുമായ ആയിരക്കണക്കിന് വായനക്കാരില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളെ തുടര്‍ന്നാണ് മേള ഒരാഴ്ചതേക്ക് കൂടി നീട്ടുന്നതെന്ന് ബിഗ് ബാഡ് വുള്‍ഫ് ബുക്സ് സ്ഥാപകന്‍ ആന്‍ഡ്രൂ യാപ് അറിയിച്ചു. സ്റ്റുഡിയോ സിറ്റിയിലെ സൗണ്ട് സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു മില്യണിലധികം പുസ്തകങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ക്ക് അവരുടെ ഇഷ്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വിനോദ, സൗഹൃദ അന്തരീക്ഷത്തില്‍ ഒരുക്കിയിരിക്കുന്ന പുസ്തക മേളയില്‍ യുവ വായനക്കാര്‍ക്കായി പ്രത്യേക വിഭാഗങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ആന്‍ഡ്രൂ പറഞ്ഞു. ‘വായനക്കാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള, വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ തിരഞ്ഞുനോക്കാനും കണ്ടെത്താനുമാണ് തങ്ങള്‍ അവസരം ഒരുക്കുക്കുന്നതെന്ന് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏകദേശം 18,000 ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ശേഖരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള ബോര്‍ഡ് ബുക്കുകള്‍, ആക്ടിവിറ്റി ബുക്കുകള്‍, ഫിക്ഷന്‍, യുവജന സാഹിത്യം എന്നിവ ഉള്‍പ്പെടെ വിവിധ പ്രായക്കാര്‍ക്കും വായനാരുചികള്ക്കുമായി വിപുലമായ ശേഖരമാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ‘ബിയോണ്ട് ദ് നോയിസ്’ എന്ന ആശയം കേന്ദ്രീകരിച്ചാണ് ഈ വര്‍ഷത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരന്തരം ശ്രദ്ധ തിരിക്കുന്ന ഡിജിറ്റല്‍ ലോകത്തിന്റെ തിരക്കിനിടയില്‍ അര്‍ത്ഥപൂര്‍ണമായ വായനയിലേക്ക് വീണ്ടും തിരിഞ്ഞുനോക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുകയാണ് ഈ ആശയം. പുസ്തകങ്ങളെ ഏറ്റവും കുറഞ്ഞ വിലയില്‍ വായനക്കാര്‍ക്ക് എത്തിക്കുക, കുടുംബങ്ങള്‍ വീടുകളില്‍ സ്ഥിരമായ വായനാശീലം വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണയ്ക്കാനും വ്യക്തിഗതവും ക്ലാസ്റൂം ലൈബ്രറികളും വികസിപ്പിക്കാനും ബിഗ് ബാഡ് വുള്‍ഫ് ബുക്സ് പ്രതിബദ്ധമാണെന്നും ആന്‍ഡ്രൂ യാപ് പറഞ്ഞു. സാധുവായ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മേളയില്‍ ലഭ്യമായ എല്ലാ ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കും 5 ശതമാനം അധിക വിലക്കുറവ് ലഭിക്കും; കുറഞ്ഞ വാങ്ങല്‍ പരിധി ആവശ്യമില്ല. മേളയുടെ ഭാഗമായി സന്ദര്‍ശകര്‍ക്കായി ഭാഗ്യനറുക്കെടുപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഒരേ ബില്ലില്‍ 200 ദിര്‍ഹം ചെലവഴിക്കുന്നവര്‍ക്ക് ഒരു ലക്കി ഡ്രോ എന്‍ട്രി ലഭിക്കും. ഇതിലൂടെ മാക്ബുക്ക് എയര്‍ ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. കൂടുതല്‍ ചെലവഴിക്കുന്നവര്‍ക്ക് കൂടുതല്‍ എന്‍ട്രികളും ലഭിക്കും. കൂടാതെ 1,000 ദിര്‍ഹം മൂല്യമുള്ള വൗച്ചറുകളും സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ബിഗ് ബാഡ് വുള്‍ഫ് ബുക്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളില്‍ ലഭ്യമാണ്.
മേള കലയളവില്‍ രാവിലെ 10 മുതല്‍ പുലര്‍ച്ചെ 2 വരെ തുറന്നിരിക്കുന്ന ബിഗ് ബാഡ് വുള്‍ഫ് വൈകുന്നേരങ്ങളില്‍ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍, സന്ദര്‍ശകര്‍ക്ക് ഇഫ്താര്‍ നിര്‍വഹിക്കാന്‍ വേണ്ടി വിവിധ അന്താരാഷ്ട്ര മെനുകളുമായി ഫുഡ് ട്രക്കുകള്‍, വിശാലമായ പ്രാര്‍ത്ഥനാ ഇടങ്ങള്‍ എന്നിവയും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക വായനാ ഇടങ്ങള്‍, മുതിര്‍ന്നവര്‍ക്കും, കുട്ടികള്മായി വിവിധ ക്രിയാത്മക, ഇന്ററാക്ടീവ് വര്‍ക്ക്ഷോപ്പുകള്‍, രചനാ, കഥപറയല്‍ വര്‍ക്ക് ഷോപ്പുകള്‍ ഒരുക്കിയിട്ടുണ്ട്.