
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര് സൂക്ഷിക്കുക..
ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്സും പങ്കിടുന്ന ഹജര് പര്വതത്തിന്റെ താഴ്വരകള് അറേബ്യന് ഉപഭൂഖണ്ഡത്തിലെ സൗന്ദരമായ പ്രദേശങ്ങളാണ്. കല്ല് എന്നര്ത്ഥം വരുന്ന ഹജര് മലകളുടെ വൈവിധ്യം മേഖലയിലെ വിനോദ സഞ്ചാരത്തിന് മുതല്ക്കൂട്ടായി മാറിയിട്ടുണ്ട്. ഹജറിന്റെ ഓരോ ഭാഗങ്ങളും വ്യത്യസ്തങ്ങളായ കൗതുകക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. ഷാര്ജയിലെ കല്ബ മലമുകളിലെ സുന്ദരമായ പൂന്തോട്ട താഴ്വര ‘ഹാങ്ങിങ് ഗാര്ഡന്’ മനംമയക്കുന്ന കാഴ്ചയാണ്. ആയിരം പൂക്കള് ഒന്നിച്ചു വിരിയുന്ന സന്തോഷമാണ് ഇവിടെയെത്തുമ്പോള് നമുക്കനുഭവപ്പെടുക. ഒരു താഴ്വാരത്തെ പൂക്കള് കൊണ്ട് എങ്ങനെ മനോഹരമാക്കാമെന്ന് ‘ഹാങ്ങിങ് ഗാര്ഡന്’ നമുക്ക് കാണിച്ചുതരുന്നു. ഇവിടത്തെ ഓരോ കാഴ്ചയും ഉള്ളില് ഏറെ കൗതുകം നിറയ്ക്കുന്നതാണ്.
കുത്തനെ ഉയര്ന്നു നില്ക്കുന്ന മലയുടെ ഒരു വശത്താണ് പൂന്തോട്ടം ഒരുക്കിയിട്ടുള്ളത്. പൂന്തോട്ടത്തിന് അഭിമുഖമായി മറ്റൊരു മലയും തലയെടുപ്പോടെ ഉയര്ന്നു നില്ക്കുന്നതു കാണാം. സമുദ്രനിരപ്പില് നിന്നും 281 മീറ്റര് ഉയരത്തില് സ്ഥിതി ചെയ്യുന്ന പൂക്കള് നിറഞ്ഞ അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണിത്. 1.6 മില്യണ് ചതുരശ്ര അടി വിസ്തൃതിയില് പരന്നു കിടക്കുന്ന ഈ പ്രദേശത്ത് 1,00,000 മരങ്ങള് തണലായി വളര്ന്നു നില്ക്കുന്നു. 15 ഹെക്ടര് വിസ്തൃതിയിലാണ് ഈ പൂന്തോട്ടം വ്യാപിച്ചു കിടക്കുന്നത്. വൈവിധ്യമാര്ന്ന ചെടികളാല് സമ്പന്നമായ ഇവിടെ പല നിറത്തിലുള്ള ബോഗന്വില്ലകളാണ് ഏറെ ആസ്വാദ്യകരം. മലയുടെ മുകളിലും താഴെയുമായി രണ്ട് പ്രവേശന കവാടങ്ങളാണ് ഉള്ളത്. രണ്ടിടത്തും വാഹനപാര്ക്കിംഗ് സൗകര്യവും ലഭ്യമാണ്. താഴെയുള്ള പ്രധാന പ്രവേശന കവാടത്തിലൂടെ കടന്ന് ആദ്യമെത്തുന്നത് അതിമനോഹരമായ ഒരു വെള്ളച്ചാട്ടത്തിനടുത്താണ്. ചെങ്കുത്തായ മലയുടെ മുകളില് നിന്നും സ്വാഭാവികമായുണ്ടാകുന്നതെന്ന് തോന്നിപ്പിക്കുംവിധമാണ് വെളളച്ചാട്ടം നിര്മ്മിച്ചിരിക്കുന്നത്.
തട്ടുകളായി ഒഴുകിറങ്ങുന്ന വെള്ളച്ചാട്ടം കുളിര്പകരും കാഴ്ചയാണ്. സമീപത്തായി വൈവിധ്യങ്ങളായ മത്സ്യങ്ങള് നീന്തിത്തുടിക്കുന്ന ചെറിയ കുളമുണ്ട്. ഇവിടെ നിന്നും മലമുകളിലേക്ക് നോക്കിയാല് വര്ണ്ണാഭമായ കാഴ്ചകളാണ് സന്ദര്ശകരെ കാത്തിരിക്കുന്നത്. സാധാരണ കല്ലുകള് പാകിയ നിരവധി പടികള് കയറി മുകളിലെത്താം. പടികള്ക്കിടയില് പല സ്ഥലങ്ങളിലായി നിര്മ്മിച്ചിട്ടുള്ള കൈവഴികളിലൂടെ സഞ്ചരിച്ചാല് പൂക്കള് കൊണ്ടലങ്കിരച്ച ഇടവഴികളിലൂടെ കാഴ്ചകള് കണ്ട് നടക്കാം. പലയിടത്തും ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം കണ്ടും ആസ്വദിച്ചും മുകളിലെത്തിയാല് നിങ്ങളെ കാത്തിരിക്കുന്നത് താഴേക്ക് നോക്കിയാല് കണ്ണഞ്ചിപ്പിക്കുന്ന അതിമനോഹര കാഴ്ചകളാണ്.
പ്രകൃതിയില് അലിഞ്ഞു ചേര്ന്ന സൗന്ദര്യത്തിന്റെ മനസ് നിറയുന്ന അനുഭവങ്ങളുമായി തിരിച്ചിറങ്ങിയാല് നിങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു ഉല്ലാസ കേന്ദ്രമാണ്. മുതിര്ന്നവര്ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്, കുട്ടികള്ക്ക് കളിക്കാനുള്ള സൗകര്യങ്ങള്, സ്കേറ്റിംഗ് സൗകര്യങ്ങള് എന്നിവയെല്ലാം ഇവിടെയുണ്ട്. മാത്രമല്ല പാര്ക്കിനു നടുവിലായി നിര്മ്മിച്ചിട്ടുള്ള റസ്റ്റോറന്റില് 215 പേര്ക്ക് ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഒരു ക്ലാസിക് അര്ദ്ധവൃത്താകൃതിയിലാണ് റസ്റ്റോറന്റ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഹാംഗിംഗ് ഗാര്ഡന്സിന്റെ മുകള് ഭാഗത്ത് സ്ഥിതി ചെയ്യുന്ന, സമുദ്രനിരപ്പില് നിന്ന് 270 മീറ്റര് ഉയരത്തില് പരമ്പരാഗത തടി വാസ്തുവിദ്യ ഉപയോഗിച്ച് നിര്മ്മിച്ച ഒരു റെസ്റ്റോറന്റ്, 100 അതിഥികളെ ഉള്ക്കൊള്ളുകയും ഹാംഗിംഗ് ഗാര്ഡനിന്റെ മൂന്ന് വശങ്ങളുടെയും അതിശയകരമായ പനോരമിക് കാഴ്ച നല്കുകയും ചെയ്യുന്നു.
2024 മാര്ച്ചിലാണ് ഹാഗിംങ് ഗാര്ഡന് സന്ദര്ശകര്ക്കായി തുറന്നു കൊടുത്തത്. സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി നിരവധി സഞ്ചാരികള് ദിനംപ്രതി ഇവിടെയെത്തിക്കൊണ്ടിരിക്കുന്നു. അവധി ദിവസങ്ങളില് കാഴ്ചകള് കാണാനും ആസ്വദിക്കാനുമായി ഇവിടെയെത്തുന്ന സന്ദര്ശകരുടെ അഭൂതപൂര്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് മണിക്കൂറോളം സമയം ചെലവഴിച്ചാല് ജീവിതം മുഴുവനും ഓര്ത്തു വെയ്ക്കാന് കഴിയുന്ന മനോഹര അനുഭവങ്ങളാണ് സന്ദര്ശകര്ക്ക് ലഭിക്കുക.