
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗജന്യ സേവനവുമായി ദുബൈ കെഎംസിസി
ദുബൈ: ദുബൈയില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതിന് ദുബൈ കെഎംസിസിയില്‍ സംവിധാനമുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വര്‍ഷങ്ങളായി ഈ മേഖലയില്‍ കെഎംസിസിയുടെ സേവനമുണ്ടെന്നും പുതിയ സാഹചര്യത്തില്‍ ഇക്കാര്യം പ്രവാസി സമൂഹത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല, ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര എന്നിവര്‍ പറഞ്ഞു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അംഗീകാരത്തോടെയാണ് ദുബൈ കെഎംസിസി ഈ സേവനം ചെയ്തുവരുന്നത്. ഇതിനായി ഒരു എമെര്‍ജന്‍സി വിങ് പ്രവര്‍ത്തിക്കുന്നുണ്ട്.
ദുബൈ ഗവണ്മെന്റിന് കീഴിലുള്ള കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സി.ഡി.എ)യുടെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ കെഎംസിസിക്ക് പ്രവാസികളെ ഏത് സാഹചര്യത്തിലും നിയമപരമായ രീതിയില്‍ സഹായിക്കാനുള്ള സൗകര്യങ്ങളുണ്ട്. എല്ലാ മാസവും സൗജന്യ ലീഗല്‍ അദാലത്ത് ഉള്‍പ്പെടെ കെഎംസിസി ഓഫീസില്‍ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് ഇസ്മായില്‍ ഏറാമല അധ്യക്ഷനായി.
ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, പി.വി നാസര്‍, അഡ്വ.ഇബ്രാഹിം ഖലീല്‍, ഒ.മൊയ്തു, അഫ്സല് മെട്ടമ്മല്‍, ആര്.ഷുക്കൂര്‍, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, നാസര്‍ മുല്ലക്കല്‍ സംസാരിച്ചു. സേവനങ്ങള്‍ക്ക് (04) 2727773 എന്ന നമ്പറില്‍ നേരിട്ടും വാട്ട്സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.