
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
15 മാസം നീണ്ട രക്തച്ചൊരിച്ചിലുകള്‍ക്ക് വിരാമം. ഒടുവില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ തകര്‍ന്നടിഞ്ഞ ഗസ്സയിലേക്ക് തിരികെ എത്തുകയാണ് ഫലസ്തീന് ജനത. ഇസ്രാഈലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ബന്ദികളുടെയും ഫലസ്തീന് തടവുകാരുടെയും മോചനവും തുടങ്ങി. മൂന്ന് ഇസ്രാഈല്‍ ബന്ദികളെ ഹമാസ് കൈമാറിയപ്പോള്‍ 90 ഫലസ്തീനി വനിതാ തടവുകാരെ ഇസ്രാഈലും മോചിപ്പിച്ചു.
റോമി ഗൊനേന്‍ (24), എമിലി ദമാരി (28), ഡോറോണ്‍ ഷതന്‍ബര്‍ ഖൈര്‍ (31) എന്നിവരെയാണ് ഹമാസ് കൈമാറിയത്. മധ്യ ഗസ്സയില്‍ റെഡ് ക്രോസ് സംഘടനക്ക് വൈകീട്ട് 5.09 ഓടെ ബന്ദികളെ ഹമാസ് കൈമാറുകയും തുടര്‍ന്ന് റെഡ് ക്രോസ് അവരെ ഐഡിഎഫ് പ്രത്യേക സേനയെ ഏല്‍പ്പിച്ചു. ശേഷം ഐഡിഎഫ് മൂന്ന് ബന്ദികളെയും ഇസ്രാഈല്‍ പ്രദേശത്തേക്ക് എത്തിച്ചു.
എന്നാല്‍ ഹമാസ് ബന്ദികളാക്കിയവരെ കുറിച്ച് ഇസ്രാഈലും അവരെ അനുകൂലിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളും പടച്ചുവിട്ട വാദങ്ങള്‍ പൊളിക്കുന്നതായിരുന്നു പുറത്തുവന്ന വിഡിയോകളും ചിത്രങ്ങളും. ബന്ദികളെ ഹമാസ് പ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തുമെന്നും ഉപദ്രവിക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍. അതുകൊണ്ട് ബന്ദികളെ നേരിടാന്‍ പ്രത്യേക തയ്യാറെടുപ്പുകളും ഇസ്രാഈല്‍ നടത്തിയിരുന്നു. എന്നാല്‍ അത്തരമൊരു സാഹചര്യം ഇല്ലെന്നും ഇവര്‍ക്ക് അടിയന്തര വൈദ്യ സഹായം ആവശ്യമില്ലെന്നും ഇസ്രാഈല്‍ മാധ്യമമായ ദി ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, 90 ഫലസ്തീനികള്‍ ഇസ്രാഈല്‍ തടവറയില്‍ നിന്ന് മോചിതരായി. വെസ്റ്റ് ബാങ്കിലേക്ക് മടങ്ങി എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുളള തടവുകാരെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ വന്‍ ജനക്കൂട്ടം കണ്ണീരും ആലിംഗനവുമായി സ്വീകരിച്ചു. ഫലസ്തീന് പാര്‍ലമെന്റ് അംഗവും ഫലസ്തീനിലെ ഇടതുപക്ഷ പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദെ ലിബറേഷന്‍ ഓഫ് ഫലസ്തീന്റെ നേതാവുമായ ഖാലിദാ ജറാര്‍, മാധ്യമപ്രവര്‍ത്തക ബുഷ്റ അല്‍ തവീല്‍, 2024 ജനുവരിയില്‍ കൊല്ലപ്പെട്ട ഹമാസിന്റെ മുതിര്‍ന്ന നേതാവ് സ്വാലിഹ് അല്‍ അറൂരിയുടെ സഹോദരി ദലാല്‍ അല്‍ അറൂരി തുടങ്ങിയവര്‍ ഇസ്രാഈല്‍ വിട്ടയച്ചവരിലുണ്ട്. വെടിനിര്‍ത്തലിന്റെ ഏഴാം നാളിലാണ് അടുത്ത ബന്ദി കൈമാറ്റം നടക്കുക. ആ ദിവസം നാലു ബന്ദികളെ ഹമാസ് കൈമാറണം എന്നാണ് കരാര്‍. അതേസമയം, ഇസ്രാഈല്‍ പിന്മാറിയ ഗസ്സ പ്രദേശങ്ങളുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ആദ്യം ഖത്തര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ബന്ദികളുടെ പട്ടിക കൈമാറാതെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരില്ലെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ അനിശ്ചിതത്വത്തിലാവുകയും ഇസ്രാഈല്‍ ഗസ്സയില്‍ ആക്രമണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ ഹമാസ് ബന്ദികളുടെ വിവരങ്ങള്‍ കൈമാറുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് പട്ടിക കൈമാറാന്‍ വൈകുന്നതെന്നായിരുന്നു ഹമാസിന്റെ വിശദീകരണം.