
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
പ്രവാസികള്‍ നേരിടുന്ന ആകാശ ചൂഷണം
പലതവണ പാര്‍ലമെന്റില്‍ വിമാനകമ്പനികളുടെ കൊളള ചര്‍ച്ചയായിട്ടും എന്ത് കൊണ്ട് പ്രതിവിധിയുണ്ടാവുന്നില്ല?. ഡിമാന്‍ഡ് കൂടുന്നതിനനുസരിച്ച് വിമാനകമ്പനികള്‍ തോന്നിയ പോലെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയാണ്. വിദേശ വിമാന കമ്പനികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രനിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാണ്. ഓരോ വിമാന റൂട്ടിലും ഈടാക്കാവുന്ന പരമാവധി ടിക്കറ്റ് നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണം. ഇത് നടപ്പായാല്‍ ടിക്കറ്റ് നിരക്ക് പരിധി വിട്ട് ഉയരുന്നത് തടയും. ആഗോള തലത്തിലുള്ള ഘടകങ്ങളാണ് ടിക്കറ്റ് നിരക്കിനെ നിര്‍ണയിക്കുന്നത് എന്നാണ് വാദം. വിമാനക്കമ്പനിയുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് മാറ്റിവെയ്ക്കുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂടുന്നത് വരെ എയര്‍ടിക്കറ്റ് നിരക്കിനെ ബാധിക്കുന്നുവെന്ന് സാങ്കേതിക കാരണങ്ങളായി ഉയര്‍ത്താറുണ്ട്. എന്നാല്‍ ഇന്ധന വിലയുമായി ബന്ധപ്പെട്ട പല ആനുകൂല്യങ്ങളും വിമാനകമ്പനികള്‍ക്കും ലഭിക്കാറുണ്ട്. പല രാജ്യങ്ങളും ഇന്ധന സബ്സിഡി എയര്‍ലൈന്‍സുകള്‍ക്ക് നല്‍കാറുണ്ട്. ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനായ ഖത്തര്‍ എയര്‍വേഴ്സിന് ഖത്തര്‍ ഗവണ്മെന്റ് ഇന്ധന സബ്സിഡി നല്‍കിയിരുന്നു. അതുപോലെ യു.എ.ഇയുടെ ദേശീയ വിമാന കമ്പനി ഇത്തിഹാദ് എയര്‍വേയ്സിനും യു.എ.ഇ സര്‍ക്കാര്‍ ഇന്ധന സബ്സിഡി നല്‍കുന്നുണ്ട്. ഇതുപോലെ കേന്ദ്ര ഗവണ്മെന്റിനും വിമാനങ്ങള്‍ക്ക് ഇന്ധന സബ്സിഡി നല്കി പ്രവാസികളെ രക്ഷിക്കാന്‍ കഴിയും. നിലവില്‍ 116 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഉഭയകക്ഷി വിമാന സര്‍വീസ് കരാറുകളുണ്ട്. ഒരു രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് മറ്റൊരു രാജ്യത്തേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിനും, ഒരു രാജ്യത്ത് നിന്ന് ആഴ്ചയില്‍ എത്ര വിമാനങ്ങള്‍ (സീറ്റുകള്‍) പറക്കാന്‍ അനുവദിക്കാമെന്ന് തീരുമാനിക്കുന്നതാണ് ഉഭയകക്ഷി എയര്‍ സര്‍വീസ് കരാര്‍ എന്ന് പറയുന്നത്. യു.എ.ഇയും ഇന്ത്യയും തമ്മില്‍ 2014 ജനുവരിയില്‍ ഒപ്പുവച്ച ഉഭയകക്ഷി വിമാന സര്‍വീസ് കരാര്‍ പ്രകാരം ദുബായിക്കും 15 ഇന്ത്യന്‍ നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ മൊത്തം 66,000 സീറ്റുകള്‍ ഉപയോഗിക്കാന്‍ ഇരു രാജ്യങ്ങളുടെയും എയര്‍ലൈനുകളെ അനുവദിക്കുന്നുണ്ട്. ഇന്ത്യന്‍, യു.എ.ഇ വിമാനങ്ങള്‍ ഈ ക്വാട്ട പൂര്‍ണമായി ഉപയോഗിക്കുമ്പോള്‍ അതിനുനസരിച്ച് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ലെങ്കില്‍ വിമാന നിരക്കുകള്‍ കുത്തനെ കൂടും. ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ ഇന്ത്യ ദുബായ് സെക്ടറിലെ ഫ്ളൈറ്റുകളില്‍ സീറ്റുകള്‍ നിയന്ത്രിച്ചതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്.
ഓപ്പണ്‍ സ്കൈ പോളിസി അയ്യായിരം കിലോമീറ്റര്‍ പരിധിക്കപ്പുറം മതിയെന്നും സ്വതന്ത്രമായ ആകാശക്കരാര് നടപ്പാക്കുന്നതിന് ചില ഇന്ത്യന്‍ വിമാന കമ്പനികള്‍ വിയോജിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉഭയകക്ഷി കരാറില്‍ മാറ്റങ്ങള്‍ വരുത്താത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉഭയകക്ഷി സീറ്റ് വിതരണത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും പ്രവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന നിരക്കുവര്ധനയില് മാറ്റം കൊണ്ടുവരാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാവണം.
പ്രവാസി വോട്ട് എന്ന സ്വപ്നം
2010ല്‍ പാര്‍ലമെന്റ് പാസാക്കിയ ജനപ്രാതിനിധ്യ (ഭേദഗതി) നിയമമനുസരിച്ച് മറ്റൊരു രാജ്യത്തെ പൗരത്വം നേടിയിട്ടില്ലാത്ത ഒരു ഇന്ത്യക്കാരന് വിദ്യാഭ്യാസത്തിനോ തൊഴിലിനോ മറ്റേതെങ്കിലും ആവശ്യത്തിനോ ആയി വിദേശത്ത് കഴിയേണ്ടിവരുകയാണെങ്കില്‍ അയാളുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടിലെ വിലാസം സ്ഥിതിചെയ്യുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന അസംബ്ലി/പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് സമ്മതിദായകപ്പട്ടികയില്‍ (Electoral Roll) പേര് രജിസ്റ്റര്‍ ചെയ്യാം എന്ന നിയമം വന്നു. എന്നാല്‍ വോട്ടുചെയ്യുന്നതിന് പ്രസ്തുത വ്യക്തിയുടെ ഭൗതികസാന്നിദ്ധ്യം അനിവാര്യമായിരുന്നു. വോട്ടുചെയ്യുന്നതിനു വേണ്ടി മാത്രം വന്‍തുകമുടക്കി നാട്ടില്‍ വരുന്ന കാര്യത്തോട് പ്രവാസികള്‍ താല്പര്യം പ്രകടിപ്പിച്ചില്ല. അതിനാല്‍ തന്നെ ഈ ഭേദഗതി ഉദ്ദേശിച്ച ഫലം കണ്ടില്ല.
നിലവിലുള്ള പ്രവാസി വോട്ടവകാശത്തിലെ പിഴവുകളും പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ വിദേശത്തുനിന്നും വോട്ടുചെയ്യുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി പ്രവാസി പ്രമുഖരും സംഘടനകളും പൊതുതാല്പര്യ ഹര്‍ജികളും നിവേദനങ്ങളുമടക്കമുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. 2014 ല്‍ പ്രമുഖ പ്രവാസി വ്യവസായി ഡോ. ഷംസീര്‍ വയലില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗ് അവകാശം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യഹര്ജി നല്‍കിയിരുന്നു.
ഒക്ടോബര്‍ 2014ല്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് (ECI) നിര്‍ദ്ദേശിച്ചു. ഇതില്‍ ഇപോസ്റ്റല്‍ ബാലറ്റ് എന്ന ഓപ്ഷന് ഇ.സി.ഐ നിര്‍ദ്ദേശിക്കുകയും കേന്ദ്രം തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് 2018 ഓഗസ്റ്റില്‍ പ്രവാസികള്‍ക്ക് പ്രോക്സി വോട്ടിങ് സാധ്യമാക്കുന്നതിന് 1951 ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രം നിര്‍ദ്ദേശിക്കുകയും വിഷയത്തില്‍ ഇ.സി.ഐയുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരാഞ്ഞു. ശേഷം വിദേശ ഇന്ത്യക്കാര്‍ക്ക് പ്രോക്സി വോട്ടിങ് സൗകര്യം പ്രാപ്തമാക്കുന്ന ജനപ്രാതിനിധ്യ (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കുകയും രാജ്യസഭയില്‍ അവതരണത്തിനായി കാത്തിരിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയും വിഷയത്തില്‍ വിധി പറയാന്‍ മാറ്റിവയ്ക്കുകയും ചെയ്തു. പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യത്തിന്റെ സാങ്കേതികവും നിയമപരവുമായ വശങ്ങള് പരിശോധിക്കുന്നുണ്ടെന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കേന്ദ്രവും ഇ.സി.ഐയും കോടതിയെ അറിയിച്ചു. എന്നാല്‍ 2021 മാര്‍ച്ചിനുശേഷം കേസിന്റെ കാര്യത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
പ്രായോഗിക വഴികള്‍
ഓണ്‍ലൈന്‍ വോട്ട്, പ്രോക്സി വോട്ട് വഴി ഇന്ത്യന്‍ പൗരന്മാര്ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നതാണ് പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യം. മറ്റു പല രാജ്യങ്ങളും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ പൗരന്മാര്ക്ക് ഉപാധികളോടെ പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ഇവോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പിന്‍സ്, ഓസ്ട്രിയ, കാനഡ, കൊളംബിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ഇ വോട്ടിംഗ് സംവിധാനമുണ്ട്.
ഫിലിപ്പീനികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവോട്ടിം?ഗ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്. ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ നല്കിയാല് അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. സമ്മതിദായകന്റെ ഇമെയില്‍ വിലാസങ്ങളില്‍ ഇ ബാലറ്റ് തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ അയച്ചുകൊടുത്ത് രഹസ്യ പിന്‍നമ്പറും നല്കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇമെയില്‍ വഴി തിരികെ അയക്കണം. ഇതുപോലെ മറ്റു പല രാജ്യങ്ങളും വിദേശത്തുളള തങ്ങളുടെ പൗരന്മാര്ക്ക് വോട്ട് രേഖപ്പെടുത്താന്‍ അവസരമൊരുക്കുന്നുണ്ട്. ഈ രീതി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിരുന്നു. എന്നാല്‍, വ്യക്തമായ തീരുമാനത്തിലെത്താന്‍ അധികാരികള്‍ക്കായില്ല. അടുത്തിടെ വോട്ടേഴ്സ് ലിസ്റ്റില്‍ വിദേശത്തുനിന്ന് പേര് ഓണ്‍ലൈനായി ചേര്‍ക്കാം എന്ന് പറഞ്ഞ് വെബ്സൈറ്റ് നല്‍കിയിരുന്നു. പിന്നീട് ഈ വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായി. മാത്രമല്ല പ്രവാസി വോട്ടര്‍മാര്‍ നാട്ടിലെത്തി അപേക്ഷ സമര്‍പ്പിക്കുമ്പോഴും മിക്ക അപേക്ഷകളും തള്ളുന്നു എന്ന വ്യാപക പരാതിയും ഉയര്‍ന്നിരുന്നു.
(അബുദാബി കെഎംസിസി പ്രസിഡന്റാണ് ലേഖകന്‍)