ഗള്‍ഫിലെ യുദ്ധ സാഹചര്യം: ചില മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു: എം.എ യൂസഫലി

ദുബൈ: ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ സാഹചര്യങ്ങളെക്കുറിച്ച് ചില മലയാള മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി വ്യക്തമാക്കി. മലയാളം മീഡിയ വളരെ അഗ്രസീവ് ആണെന്ന് യുഎഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിട്ടുണ്ട്. എന്തുകൊണ്ട് മലയാളം മീഡിയ മാത്രം ഇല്ലാത്ത കഥകള്‍ ഉണ്ടാക്കി നാട്ടിലുള്ള കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു എന്നതാണ് ഉയരുന്ന ചോദ്യം. യഥാര്‍ത്ഥത്തില്‍ അത്തരം സാഹചര്യങ്ങളൊന്നും ഗള്‍ഫിലില്ല. ഈ സമയത്ത് ആവശ്യമില്ലാത്ത ഗോസിപ്പ്, ആവശ്യമില്ലാത്ത എഐ സൃഷ്ടി, റുമേഴ്സ് പ്രചരിപ്പിക്കുന്നുണ്ട്. ചില മാധ്യമങ്ങള്‍ ഇതൈല്ലാം സത്യമാണെന്ന രീതിയില്‍ ടെലികാസ്റ്റും ചെയ്യുന്നുണ്ട്. നാട്ടില്‍ നിന്നും പലരും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ എന്നെയും വിളിക്കുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ മലയാളി സമൂഹത്തിന് അന്നം തരുന്ന രാജ്യങ്ങളാണ്. ഈ രാജ്യത്തിന് ഒന്നും സംഭവിക്കരുതെന്ന് എല്ലാ വിഭാഗം ആളുകളും പ്രാര്‍ത്ഥിക്കുന്നു. ഈ രാജ്യത്തിനെതിരെയുള്ള ഏത് ഭീഷണിയെയും പ്രതിരോധിക്കാനുള്ള കഴിവും പ്രാപ്തിയും ഭരണാധികാരികള്‍ക്കുണ്ട്. ഈ ഗവണ്മെന്റുകള് അതിന്റേതായ രൂപത്തിലും ഭാവത്തിലും കൃത്യമായി അത് നിര്‍വഹിക്കും. ഈ രാജ്യത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ഭരണകര്‍ത്താക്കള്‍ ചെയ്യുന്നുണ്ട്. കേരളത്തിലുള്ള ഓരോ കുടുംബത്തില്‍ നിന്നും ഏതെങ്കിലുമൊരു ബന്ധു ഗള്‍ഫിലുണ്ടാവും. ഇത്തരം വാര്‍ത്തകള്‍ കേട്ട് ഇവരൊക്കെ വളരെയധികം ആശങ്കയിലാണ്. ഈ സമയത്ത് ആവശ്യമില്ലാത്ത ഗോസിപ്പും എഐ സൃഷ്ടികളും പ്രചരിപ്പിക്കുന്നത് ശരിയല്ല. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ കണ്ട് നാട്ടില്‍ നിന്നും പലരും അന്വേഷിക്കുന്നു. നാട്ടില്‍ കേള്‍ക്കുന്ന ഭീതിയുടെ അന്തരീക്ഷം ഇവിടെ എവിടെയുമില്ല. ഈ രാജ്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ യുഎഇ ഗവണ്മെന്റ് എല്ലാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഗവണ്മെന്റ് സ്വീകരിക്കുമെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ ഇത്തരം മീഡിയകളെ ശക്തമായി നിരീക്ഷിക്കുന്നുണ്ട്. ആരെങ്കിലും വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ മീഡിയ തന്നെ ഇവിടെ നിരോധിക്കും. അതേ തുടര്‍ന്നുണ്ടാവുന്ന അനന്തരഫലങ്ങള്‍ക്ക് അവര്‍ തന്നെയാവും ഉത്തരവാദികള്‍. സര്‍ക്കാര്‍ നല്കുന്ന സത്യസന്ധമായ വാര്‍ത്തകള്‍ നല്കാന് എല്ലാ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും എം.എ യൂസഫലി പറഞ്ഞു.
‘കുടുംബം: മാനവത്വത്തിന്റെ അടിസ്ഥാനം’: സമദാനിയുടെ പ്രഭാഷണം 21ന് ദുബൈയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി