
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
മസ്ക്കത്ത് : ഒമാന്‍ മലയാളം മിഷന് ‘അക്ഷരം 2024’ സാംസ്കാരിക മഹോത്സവം ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് റുസൈലിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നടക്കും. വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലധികം കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ അക്ഷരോത്സവത്തിന് കൊടിയേറും. തുടര്‍ന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കേരള ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര് ബിന്ദു ഉദ്ഘാടനം ചെയ്യും. മലയാളം മിഷന് ഡയരക്ടറും പ്രമുഖ കവിയുമായ മുരുകന് കാട്ടാക്കട,കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രമുഖ ചെണ്ട വാദകനുമായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഒമാനിലെ സാമൂഹിക,സാംസ്കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
മലയാളം മിഷന്റെ പ്രഥമ ‘പ്രവാസി ഭാഷാ പുരസ്കാരം 2024’ പി മണികണ്ഠന് ആര് ബിന്ദു സമര്‍പിക്കും. സംസാകാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ,കവിതാ രചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും നല്‍കും. സാംസ്ക്കാരിക സമ്മേളനത്തിനു ശേഷം മുരുകന് കാട്ടാക്കടയുടെ കാവ്യ സദസ് നടക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ഹാര്‍മോണിയം വിദഗ്ധന്‍ പ്രകാശ് ഉള്ളിയേരിയും അവതരിപ്പിക്കുന്ന ഫ്യുഷന് പ്രോഗ്രാം ‘ദ്വയം’ അരങ്ങേറും.
മലയാളം മിഷന് ഒമാനിലെ മസ്ക്കറ്റ്,സീബ്, സോഹാര്‍,സൂര്, ഇബ്ര,നിസ്വ മേഖലകളില്‍ നിന്നുള്ള പഠിതാക്കളും ഭാഷാധ്യാപകരും ഭാഷാ പ്രവര്‍ത്തകരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുക്കുമെന്ന് മലയാളം മിഷന് ചെയര്മാന് ഡോ.രത്നകുമാര്‍,പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്ടര്‍ വില്‍സണ്‍ ജോര്‍ജ്,പ്രസിഡന്റ് കെ.സുനില്‍കുമാര്‍, സെക്രട്ടറി അനുചന്ദ്രന്,ട്രഷറര്‍ പി.ശ്രീകുമാര്‍, ജോ.സെക്രട്ടറിമാരായ അനുപമ സന്തോഷ്,രാജീവ് മഹാദേവന്,ഗ്ലോബല്‍ ഈവന്റ്സ് മാനേജിങ് ഡയരക്ടര്‍ ആതിര ഗിരീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.