
കാറുകളെ വഹിക്കുന്ന കൂറ്റന്‍ കപ്പല്‍ ജബല്‍ അലി തുറമുഖത്ത്
ദുബൈ : മലനാടിനെ നെടുകെ പിളര്‍ന്ന മലവെള്ളപ്പാച്ചിലില്‍ വയനാടിന് സര്‍വ്വതും നഷ്ടപ്പെട്ടപ്പോള്‍ തേങ്ങലടക്കാനാവാതെ പ്രവാസ ലോകവും. ഇന്നലെ മുണ്ടക്കൈ ഭാഗത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് വയനാടന്‍ ദുരന്തത്തിന്റെ വ്യാപ്തി ഒന്നുകൂടി വ്യക്തമായത്. സര്‍വ്വതും നഷ്ടപ്പെട്ട വയനാടന്‍ ജനത എന്തുചെയ്യണമെന്നറിയാതെ പരക്കം പായുന്ന കാഴ്ചയായിരുന്നു. ദുരന്തമുഖമായി മാറിയ മേപ്പാടി പഞ്ചായത്താകെ മരണത്തിന്റെ മണം മാത്രം. ആര്‍ക്ക് ആരെയൊക്കെ നഷ്ടപ്പെട്ടുവെന്നോ, ആരൊക്കെ മണ്ണിലടിയിലായെന്നോ, ആരൊക്കെ ജീവനോടെ ഉണ്ടെന്നോ അറിയാനാവാത്ത അവസ്ഥ. മുണ്ടക്കൈ എന്ന പ്രദേശമാകെ മണ്ണിനടിയിലായ കാഴ്ചയാണ് ഇന്നലെ രാവിലെ ദൃശ്യമായത്. ഇവിടെയുണ്ടായിരുന്ന നാനൂറിലധികം വീടുകള്‍ എവിടെ പോയെന്ന് ഒരു നിശ്ചയവുമില്ല. രണ്ട് ഗ്രാമങ്ങള്‍ മുഴുവനായും ശ്മശാനമായി മാറിയിരിക്കുന്നു. വയനാടിനായി എന്തുചെയ്യാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാനാവാത്ത സാഹചര്യം. പ്രവാസ ലോകത്തും ഇന്നലെയും തേങ്ങലായിരുന്നു. ദുരന്തത്തിന്റെ ആഴം പുറംലോകമറിഞ്ഞതോടെ പ്രവാസി കുടുംബങ്ങള്‍ കടുത്ത ആശങ്കയിലാണ്. കേരളമാകെ കനത്ത മഴ തുടരുമ്പോള്‍ ഇവിടെ ഓരോ പ്രവാസിയും പ്രാര്‍ത്ഥനയിലാണ്. കുടുംബങ്ങളെയും ഉറ്റവരെയും ഓര്‍ത്ത് ഉറക്കമില്ലാത്ത രാത്രികള്‍. ഒപ്പം വയനാടിനെ ദുരന്തത്തില്‍ നിന്നും പിടിച്ചുയര്‍ത്താന്‍ ജീവന് നല്കാന് വരെ തയ്യാറായി നില്‍ക്കുകയാണ് പ്രവാസ ലോകം. രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞാല്‍ വയനാടിന് വേണ്ടി എന്തിനും തയ്യാറായി നില്‍ക്കുകയാണ് പ്രവാസികള്‍. മുഖ്യമന്ത്രി പിണറായി വിജയന് ദുരിതാശ്വാസ പ്രവര്‍ത്തനം പ്രഖ്യാപിച്ചതോടെ യുഎഇയിലെ പ്രമുഖ വ്യവസായികളായ എം.എ യൂസുഫലി, രവി പിള്ള, ജോയ് ആലുക്ക, കല്യാണ രാമന് എന്നിവരും മലബാര്‍ ഗോള്‍ഡ് എം.പി എ.പി അഹമ്മദ് തുടങ്ങിയവര്‍ ധനസഹായം പ്രഖ്യാപിച്ചു കഴിഞ്ഞു. യുഎഇ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ വിവിധ കെഎംസിസി ഘടകങ്ങളെ ഏകോപിപ്പിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍, ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര എന്നിവര്‍ അറിയിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഡോ.പുത്തൂര്‍ റഹ്്മാന്‍ ആവശ്യപ്പെട്ടു. വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ വയനാടിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി മാറ്റിവെച്ചു
അനിയന്ത്രിതമായ യാത്രാക്കൂലി വര്‍ധനവിനെതിരെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടകളുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 8ന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രത്യേക സമ്മിറ്റ് മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി പരിപാടിക്ക് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിപാടി മാറ്റിവെക്കുകയായിരുന്നു. അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ഡയസ്പോറ ഇന്‍ ഡല്‍ഹി ഒരുക്കിയിരുന്നത്. ഈ സാഹചര്യത്തില്‍ പുനരധിവാസ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. വയനാട് പുനരധിവാസ പാക്കേജുകള്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ഓരോ സംഘടനകളും.