
ഇന്ന് യുഎഇ സായുധസേനാ ദിനാചരണം
റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ശൈഖ് സൈഫ് ബിന്‍ സായിദ് കൂടിക്കാഴ്ച നടത്തി
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിന് പരിസമാപ്തി കുറിച്ചാണ് സെയ്ഫ് ബിന്‍ സായിദ് പുടിനുമായി ചര്‍ച്ച നടത്തിയത്. പ്രസിഡന്റ് പുടിനും റഷ്യയിലെ ജനതയ്ക്കും എക്കാലവും പുരോഗതിയും സമൃദ്ധിയും നിലനില്‍ക്കട്ടെയെന്ന യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് വ്ളാദ്മിര്‍ പുടിനെ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെ ആഴം അടയാളപ്പെടുത്തുന്നതായിരുന്നു രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്ച. അന്താരാഷ്ട്ര സമാധാനം മുന്നോട്ടു കൊണ്ടുപോകുന്നതിലും ആഗോള ഐക്യദാര്‍ഢ്യം വളര്‍ത്തുന്നതിലും ഇരുരാജ്യങ്ങളുടെയും സഹകരണം സ്ഥിരീകരിക്കുന്ന ആശയങ്ങള്‍ പുടിനും ശൈഖ് സൈഫും പങ്കുവച്ചു.
പരസ്പര സഹകരണം,പൊലീസ് സംഭാഷണം,കുട്ടികളുടെ സംരക്ഷണത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംയുക്ത പരിശീലനം എന്നിവയുള്‍പ്പെടെ സുരക്ഷാ,നിയമ നിര്‍വഹണ മേഖലകളിലെ നിരവധി ഉഭയകക്ഷി പദ്ധതികളും സംയുക്ത സംരംഭങ്ങളും അവര്‍ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിന്റെ സഹകരണ കാഴ്ചപ്പാട് പിന്തുടരുന്നതിന് ഈ ശ്രമങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള വഴികളും ചര്‍ച്ച ചെയ്തു. റഷ്യയിലെ യുഎഇ അംബാസഡര്‍ ഡോ.മുഹമ്മദ് അഹമ്മദ് അല്‍ ജാബിറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.