
ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചു: ഇന്ത്യ-യുഎഇ സൗഹൃദം അഭിമാനകരമെന്ന് സമദാനി
ദുബൈ: പതിറ്റാണ്ടുകളായുള്ള ഇന്ത്യ-യുഎഇ സൗഹൃദം ഏറെ അഭിമാനകരമാണെന്നും രണ്ട് രാജ്യങ്ങളും ബന്ധം സുദൃഢമാക്കി നിലനിര്‍ത്തുന്നതില്‍ കാണിക്കുന്ന താല്പര്യം ശ്ലാഘനീയമാണെന്നും ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശിച്ച് കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ചും വിവിധ മേഖലകളില്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും വഞ്ചനിയിലും നിയമക്കുരുക്കുകളിലും അകപ്പെട്ട് യാത്രാവിലക്കും മറ്റും നേരിടുന്നവരുടെ കാര്യവുമെല്ലാം ചര്‍ച്ച ചെയ്തു. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഓഫ് കാമ്പസ് ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചത് കോണ്‍സുല്‍ ജനറല്‍ സമദാനിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇങ്ങനെ വിവിധ മേഖലകളില്‍ വികാസപരമായ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍സുല്‍ ജനറല്‍ സതീശ്കുമാര്‍ ശിവന് പറഞ്ഞു. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ. അന്‍വര്‍ അമീന്, കെഎംസിസി ഉപദേശക സമിതി ചെയര്മാന് എ.പി.ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്, എം.പി.എ റഷീദ് എന്നിവരും സമദാനിക്കൊപ്പം ഉണ്ടായിയിരുന്നു.