
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
അബുദാബി : ഫലസ്തീന് ചലച്ചിത്രശേഖരം നീക്കം ചെയ്ത പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആഗോളതല പ്രതിഷേധം പടരുന്നു. ഇസ്രാഈല്‍ കടന്നാക്രമണത്തില്‍ ദുരിതമനുഭവക്കുന്ന ഫലസ്തീന് ജനതയുടെ ജീവിതം പ്രമേയമാക്കിയ ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തതില്‍ ഏറെയും. 2021ലാണ് ഫലസ്തീന് ചലച്ചിത്ര നിര്‍മാതാക്കള്‍ സംവിധാനം ചെയ്തതും ഇസ്രാഈല്‍ അധിനിവേശത്തെ അതിജീവിക്കുന്ന ഫലസ്തീന് ജനതയുടെ ജീവിതം വരച്ചുകാട്ടുന്നതുമായ 32 സിനിമകള്‍ ഉള്‍പ്പെടുന്ന ‘ഫലസ്തീനിയന്‍ സ്റ്റോറീസ്’ എന്ന സിനിമാ ശേഖരം നെറ്റ്ഫ്ലിക്സ് പുറത്തിറത്തിറക്കുന്നത്. ഇതിലെ 19 സിനിമകളാണ് നിലവില്‍ നെറ്റ്ഫഌക്സ് നീക്കം ചെയ്തിരിക്കുന്നത്.
എന്നാല്‍ സിനിമകളുടെ ലൈസന്‍സ് അവസാനിച്ചതിനാലാണ് ഈ സിനിമകള്‍ നീക്കം ചെയ്തതെന്നാണ് നെറ്റ്ഫഌക്സിന്റെ വാദം. ഇതിനെതിരെ ‘ബോയ്കോട്ട് നെറ്റ്ഫ്ലിക്സ്’ എന്ന ഹാഷ്ടാഗുകള്‍ക്കൊപ്പം ‘നെറ്റ്ഫ്ലിക്സ് വേട്ടക്കാര്‍ക്കൊപ്പം’ എന്ന പ്രതിഷേധ കാമ്പയിന് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. പ്രതിഷേധം പ്രകടിപ്പിച്ച് നിരവധിപേരാണ് നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷന് ഉപേക്ഷിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്സ് ഫലസ്തീനികളുടെ കഥകളെയും വീക്ഷണങ്ങളെയും ജനകീയ സംസ്കാരത്തില്‍ നിന്ന് മായ്ച്ചുകളയുകയാണെന്ന് കുറ്റപ്പെടുത്തി ഫലസ്തീന് അനുകൂല സാമൂഹിക നീതി സംഘടനയായ കോഡ്പിങ്ക് രംഗത്തെത്തിയിട്ടുണ്ട്. കോഡ് പിങ്കിന് പുറമേ സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം ഫോര്‍വേഡ് എന്ന മനുഷ്വാവകാശ സംഘടനയും നെറ്റ്ഫ്ലിക്സിനെതിരെ തുറന്ന കത്തും നിവേദനവും നല്‍കിയിട്ടുണ്ട്.
2021ല്‍ ഫലസ്തീന് സിനിമാ ശേഖരം നെറ്റ്ഫ്ലിക്സില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ഇതിനെതിരെ സയണിസ്റ്റ് സംഘടനകള്‍ പ്രചാരണം ആരംഭിച്ചിരുന്നു. തീവ്ര വലതുപക്ഷ ഇസ്രാഈല്‍ സംഘടനയായ ‘ഇം ടിര്ട്സു’ സിനിമാ ശേഖരത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇസ്രാഈലിനെതിരായ ബഹിഷ്കരം,വിഭജനം,ഉപരോധം എന്നിവയെ പിന്തുണക്കുന്നവരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. എന്നാല്‍, ലോകമെമ്പാടുമുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആധികരിക കഥകള്‍ക്കുമുള്ള പിന്തുണ ഊന്നിപ്പറഞ്ഞാണ് അന്ന് ഈ നീക്കത്തെ നെറ്റ്ഫ്ലിക്സ് ചെറുത്തത്.
ഫലസ്തീന് ജനതയുടെ ജീവിതം,സ്വപ്നം,കുടുംബം,സൗഹൃദം,സ്നേഹം എന്നിവ എന്നിവ ഒപ്പിയെടുക്കുന്ന അനുഭവങ്ങളാണ് ഈ ശേഖരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും നെറ്റ്ഫഌക്സ് അന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷത്തിനുശേഷം നിലപാടില്‍നിന്ന് നെറ്റ്ഫ്ലിക്സ് പിന്വാങ്ങിയെതിനാലാണ് ഇപ്പോള്‍ വിമര്‍ശനം രൂക്ഷമായിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ നിരവധി ചിത്രങ്ങളും നീക്കിയവയില്‍ ഉള്‍പെടുന്നുണ്ട്.
അഭയാര്‍ഥി ക്യാമ്പിലെ ജീവിതം രണ്ട് കുട്ടികളുടെ കണ്ണിലൂടെ ചിത്രീകരിക്കുന്ന മായ് മസ്രി സംവിധാനം ചെയ്ത ‘ചില്‍ഡ്രന്‍ ഓഫ് ഷാതില’, ഇസ്രാഈല്‍ കുടിയേറ്റ കുടുംബത്തെ സഹായിക്കുന്ന ഫലസ്തീന് കന്യാസ്ത്രീകളെ കുറിച്ചുള്ള ബേസില്‍ ഖലീല്‍ ചിത്രം ‘ആവേ മരിയ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നെറ്റ്ഫ്ലിക്സ് നീക്കിയിട്ടുണ്ട്.