
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
അബുദാബി : ആണവോര്‍ജ രംഗത്ത് യുഎഇ സ്വയംപര്യാപ്തത നേടി. അറബ് മേഖലയിലെ ആദ്യത്തെ ആണവോര്‍ജ പദ്ധതിയായ യുഎഇയുടെ ബറാക്ക പ്ലാന്റ് പൂര്‍ത്തിയായി. യുഎഇയുടെ ബറാക്ക ആണവോര്‍ജ പ്ലാന്റിന്റെ നാലാമത്തെയും അവസാനത്തെയും യൂണിറ്റില്‍ വൈദ്യുതി ഉല്പാദനത്തിന് തുടക്കം കുറിച്ചതായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് അറിയിച്ചു. രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം നിറവേറ്റാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്. ബറാക്ക ആണവോര്‍ജ്ജ പ്ലാന്റിന്റെ നാല് യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമായതോടെ നെറ്റ് സീറോയിലേക്കുള്ള യാത്രയില്‍ യുഎഇ മറ്റൊരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയതായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എക്സിലെ പോസ്റ്റില്‍ കുറിച്ചു. പ്ലാന്റ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായതോടെ ഓരോ വര്‍ഷവും 22.4 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറംതള്ളുന്നത് തടയാന്‍ കഴിയും. അതായത് 4.6 ദശലക്ഷം കാറുകള്‍ റോഡില്‍ നിന്നും നീക്കം ചെയ്യുന്നതിന് തുല്യമാണിത്. 2030-ല്‍ യുഎഇ ലക്ഷ്യമാക്കിയിട്ടുള്ള കാര്ബണൈസേഷന് തടയുന്നതിന്റെ 24 ശതമാനം കൈവരിക്കാന്‍ കഴിയും. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രയോജനത്തിനായി ഊര്‍ജ സുരക്ഷക്കും സുസ്ഥിരതക്കും മുന്‍ഗണന നല്‍കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമും ബറാക്ക പ്ലാന്റിന്റെ പൂര്‍ത്തീകരണത്തില്‍ സന്തോഷം പങ്കുവച്ചു. ഇതൊരു ഇമാറാത്തി നേട്ടമാണെന്നും അറബ് അഭിമാനത്തിന്റെ ഉറവിടമാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. 2012ല്‍ നിര്‍മ്മാണം തുടങ്ങിയ ബറാക്ക പ്ലാന്റിലെ ആദ്യത്തെ ഉല്പാദനത്തിന് രാജ്യം അംഗീകാരം നല്‍കുന്നത് 2020 ഫെബ്രുവരിയിലായിരുന്നു. 2025-ല്‍ അബുദാബിക്ക് ആവശ്യമായ 85 ശതമാനം വൈദ്യുതിയും ഇവിടെ ഉല്പാദിപ്പിക്കാനാവും.