
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
കുവൈത്ത് സിറ്റി : കുവൈത്തില്‍ വിസ വ്യവസ്ഥകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കുടുംബ സന്ദര്‍ശക വിസയുടെ കാലാവധി ഉയര്‍ത്തിയിട്ടുണ്ട്. കുടിയേറ്റ കുറ്റങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കും. പുതുതായി അംഗീകരിച്ച കുടിയേറ്റ നിയമപ്രകാരം കുടുംബ സന്ദര്‍ശക വിസയുടെ കാലാവധി മൂന്ന് മാസമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്വാനിയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തില്‍ കുടുംബാംഗങ്ങള്‍ക്ക് വിസയെടുക്കുന്ന പ്രവാസികള്‍ക്ക് ഏറെ ഗുണകരമാണ് ദീര്ഘിപ്പിച്ച കാലാവധി. നേരത്തെ കടുത്ത വ്യവസ്ഥയില്‍ ഒരു മാസക്കാലം മാത്രമായിരുന്നു സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്.
വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി വിസാ ഫീസ് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വിസാ ഫീസ് ഘടനകള്‍ അവലോകനം ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ ഇനി മുതല്‍ കുടുംബ വിസയില്‍ സാധിക്കും. വിസാ കാലാവധി ലംഘനങ്ങള്‍ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം ‘സഹല്‍’ ആപ്ലിക്കേഷനിലൂടെ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. വിസാ കാലാവധി കഴിഞ്ഞെത്തുന്ന സന്ദര്‍ശകര്‍ക്ക് ആപ്ലിക്കേഷന്‍ വഴി മുന്നറിയിപ്പുകള്‍ ലഭിക്കും. നിയമ ലംഘനം തുടര്‍ന്നാല്‍ സമന്‍സിനും കൂടുതല്‍ നിയമനടപടികള്‍ക്കും കാരണമാകും. പുതിയ കുടിയേറ്റ നിയമം കൂടുതല്‍ വിസാ കാലാവധി അനുവദിക്കുന്നുണ്ട്. പ്രഫഷണലുകളായ പ്രവാസികള്‍ക്ക് 5 വര്‍ഷം വരെ വിസാ കാലാവധി ലഭിക്കും.
റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ക്ക് 10 വര്‍ഷം,നിക്ഷേപകര്‍ക്ക് 15 വര്‍ഷം എന്നിങ്ങനെയാണ് ദീര്‍ഘകാല വിസ പരിധി. തൊഴിലാളി വിസ ദുരുപയോഗം ചെയ്യുന്ന തൊഴിലുടമകള്‍ക്ക് കടുത്ത പിഴ ചുമത്താനും പുതിയ കുടിയേറ്റ നിയമം വ്യവസ്ഥ ചെയ്യുന്നു. വിസയില്‍ പറഞ്ഞിട്ടുള്ളതല്ലാത്ത മറ്റു ആവശ്യങ്ങള്‍ക്കായി തൊഴിലാളികളെ നിയമിച്ചാല്‍ 3 മുതല്‍ 5 വര്‍ഷം വരെ തടവോ 5,000 മുതല്‍ 10,000 ദീനാര്‍ വരെ പിഴയോ തൊഴിലുടമകള്‍ അടയ്ക്കേണ്ടി വരും.വിസ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കൈക്കൂലിയില്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയോ 1,000 ദീനാര്‍ പിഴ അടയ്ക്കുകയോ വണം.
സാമ്പത്തിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിനും കുടിയേറ്റ മേഖലയെ മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് കുടിയേറ്റ നിയമത്തെക്കുറിച്ചുള്ള പുതിയ വ്യവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്നത്. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പ്രവാസികളും തൊഴിലുടമകളും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.