
‘ഗള്‍ഫ് ചന്ദ്രിക’ നവനൂറ്റാണ്ടിലെ നവോത്ഥാനം: ബഷീറലി തങ്ങള്‍
റിയാദ് : കുളിരൂറുന്ന കാലാവസ്ഥയിലും മധുരമൂറുന്ന നാരങ്ങയുടെ വൈവിധ്യവും സ്വാദും ആസ്വദിക്കാനെത്തുന്നവരെ കൊണ്ട് നിറയുകയാണ് സഊദി അറേബ്യയിലെ ഹരീഖ് പട്ടണം. തലസ്ഥാനമായ റിയാദില്‍ നിന്നും 193 കിലോ മീറ്റര്‍ അകലെയുള്ള ഹരീഖില്‍ പുതുവത്സര ദിനത്തില്‍ ആരംഭിച്ച ഒമ്പതാമത് ഓറഞ്ച് ഫെസ്റ്റിവലിലേക്ക് ആദ്യ ദിനങ്ങളില്‍ തന്നെ നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. ഈ മാസം പത്തു വരെ നീളുന്ന നാരങ്ങാ മഹോത്സവം രാജ്യത്തെ പ്രമുഖ കാര്‍ഷിക മേളകളിലൊന്നാണ്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 20 ലധികം ഓറഞ്ചുകളും പ്രദേശത്തെ വൈവിധ്യമാര്‍ന്ന മറ്റു കാര്‍ഷിക വിളകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രാദേശിക കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യാനും കാര്‍ഷിക വൈവിധ്യം പ്രദര്‍ശിപ്പിക്കാനുമുള്ള വേദിയായാണ് ഹരീഖ് ഓറഞ്ച് മേള. രാജ്യത്തിനകത്തും പുറത്തു നിന്നുമായി എത്തുന്ന പതിനായിരക്കണക്കിന് സന്ദര്‍ശകര്‍ക്കും ചെറുകിട,വന്‍കിട കച്ചവടക്കാര്‍ക്കും ഹരീഖ് മേഖലയിലെ കാര്‍ഷിക സമൃദ്ധിയെ കുറിച്ചു അടുത്തറിയാനും മികച്ച ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും മേള അവസരമൊരുക്കുന്നു.
ഹരീഖിലെ മുന്നൂറ്റി അമ്പതിലധികം വരുന്ന ഓറഞ്ച് തോട്ടങ്ങളിലെ 94,000 മരങ്ങളില്‍ പ്രതിവര്‍ഷം 5,000 ടണ്‍ പഴങ്ങളാണ് വിളയുന്നത്. അബൂസുറ,വലന്‍സിയ ‘സമ്മര്‍’,ബുര്‍തുകാല്‍ സുക്കരി,ഷമൂത്വി എന്നീ ഓറഞ്ചുകളാണ് അവയില്‍ പ്രധാനപ്പെട്ടവ. കൂടാതെ ഡാലിയ നാരങ്ങ,പോമെലോ നാരങ്ങ,ടാന്‍ജെറിന്‍ നാരങ്ങ,ലിമോ ക്വാറ്റ്,ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ചെറുമധുരനാരങ്ങകള്‍,മാന്‍ടറിന്‍ ഓറഞ്ച്, അബൂ ശബ്ക ഓറഞ്ച്, ക്വിനോവ ഓറഞ്ച്, ക്ലെമറൈന് ഓറഞ്ച് എന്നിവയും പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന വിവിധയിനം ഓറഞ്ചുകളാണ്. അത്യപൂര്‍വ ഇനങ്ങള്‍ ഉള്‍പ്പെടെ വിവിധതരം നാരങ്ങ വിളയുന്ന തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും കാര്‍ഷിക രീതി മനസിലാക്കാനും മേളക്കെത്തുന്നവര്‍ക്ക് അവസരം ലഭിക്കും.
മേളയിലേക് വാരാന്ത്യങ്ങളില്‍ മലയാളി കുടുംബങ്ങളടക്കം ഒട്ടേറെ പേര് സന്ദര്‍ശകരായെത്തുന്നുണ്ട്. വിവിധ സംഘടനകളും കുടുംബ കൂട്ടായ്മകളും ബാച്ലര് ഗ്രൂപ്പുകളുമെല്ലാം ഈ ആഴ്ച ഹരീഖിലേക്ക് യാത്ര ഒരുക്കുന്നുണ്ട്. ചില ടൂര്‍ ഓപ്പറേറ്റര്‍മാരും യാത്ര സൗകര്യമൊരുക്കുന്നു.
പരിസ്ഥിതി,ജലം,കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴില്‍ നാഷണല്‍ അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്ന മേള, കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രചാരവും ജനപ്രീതിയും വര്‍ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള് ഉള്‍പ്പെടെയുള്ള ആധുനിക വിപണന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയും വിപണന സാധ്യത മുതലെടുക്കാനും പ്രാപ്തരാക്കുമെന്ന് അല്‍ ഹരീഖ് ഗവര്‍ണറേറ്റ് പ്രത്യാശിക്കുന്നു.