
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
മുസ്ലിം മാതാക്കളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിവാഹമോചന,കസ്റ്റഡി കേസുകളില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്കുന്നതിനുമായി യുഎഇ സര്‍ക്കാര്‍ കുടുംബ നിയമങ്ങളില്‍ ക്രിയാത്മകമായ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം, രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ആധുനികവത്കരിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ നീക്കത്തെ പിന്തുണയ്ക്കുന്നതാണ്. സ്വദേശികളെയും പ്രവാസികളെയും ഉള്‍കൊള്ളുന്നതാണ് നടപ്പാക്കാനിരിക്കുന്ന ഫെഡറല്‍ നിയമം. കൂടാതെ സമീപ വര്‍ഷങ്ങളില്‍ പ്രാബല്യത്തില്‍ വന്ന മുസ്ലിംകളല്ലാത്തവരെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തിന്റെ നിയമ ചട്ടക്കൂടില്‍ വരുത്തിയ പുരോഗമനപരമായ മാറ്റങ്ങളും ശ്രദ്ധേയമാണ്. സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും കുടുംബ സ്ഥിരത ശക്തിപ്പെടുത്തുന്നതിനും സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നിയമനിര്‍മാണം സാധ്യമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷിതാക്കളുടെ കസ്റ്റഡി കേസുകളുമായി ബന്ധപ്പെട്ട് അവകാശങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മക്കളുടെ കസ്റ്റഡി പ്രായം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 18 വയസായി ഉയര്‍ത്തിയിട്ടുണ്ട്. മുമ്പ് ആണ്മക്കള്ക്ക് 11 വയസ് തികയുന്നതുവരെയോ പെണ്മക്കള്ക്ക് 13 വയസ് തികയുന്നതുവരെയോ മാത്രമേ മാതാക്കള്‍ക്ക് കസ്റ്റഡി അനുവദിക്കാന്‍ കഴിയുമായിരുന്നുള്ളൂ. 2022 ഡിസംബറില്‍ രാജ്യത്തെ സിവില്‍ കോടതി സംവിധാനത്തില്‍ മുസ്ലിംകളല്ലാത്ത മാതാക്കള്‍ക്കായി നടപ്പാക്കിയ നിയമ ത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പരിഷ്കാരം. മുസ്ലിം പുരുഷന്മാരെ വിവാഹം കഴിച്ച മുസ്ലിം അല്ലാത്ത മാതാക്കള്‍ക്ക് സംരക്ഷണാവകാശ വ്യവസ്ഥകള്‍ സംബന്ധിച്ച് അധിക പിന്തുണയും പുതിയ നിയമം വാഗ്ദാനം ചെയ്യുന്നു. നിലവിലുള്ള നിയമ നിര്‍മാണത്തിലെ പ്രധാന മാറ്റം അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളുടെ സംരക്ഷണാവകാശം നിലനിര്‍ത്താന്‍ അവസരമുണ്ട്. പുതിയ കുടുംബ നിയമം മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കുന്നുവെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. പഴയ നിയമപ്രകാരം, മാതാവ് മുസ്ലിം അല്ലാത്ത സാഹചര്യത്തില്‍ അഞ്ച് വയസിന് മുകളിലുള്ള കുട്ടികളുടെ സംരക്ഷണാവകാശം അവകാശപ്പെടാന്‍ അവള്‍ക്ക് അര്‍ഹതയില്ലായിരുന്നു.
വിദ്യാഭ്യാസ രക്ഷാകര്‍തൃത്വം കോടതി മറ്റുവിധത്തില്‍ തീരുമാനിച്ചില്ലെങ്കില്‍ അവരുടെ കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ മാതാവിന് അധികാരം നല്കുന്നു. 15 വയസ് തികയുമ്പോള്‍ ഏത് രക്ഷിതാവിനോടൊപ്പമാണ് താമസിക്കുന്നതെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശവും കുട്ടികള്‍ക്ക് ഉണ്ടായിരിക്കും. ഈ പ്രായത്തില്‍ കുട്ടികളെ തീരുമാനിക്കാന്‍ അനുവദിക്കുന്നതിലൂടെ, നിയമം അവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുക മാത്രമല്ല, അവരെ മാനിക്കുകയും ചെയ്യുന്നു. ഗുരുതരമായ രോഗങ്ങളോ മാനസികവും ശാരീരികവുമായ അവസ്ഥകളോ ഉള്ള കുട്ടികള്‍ക്ക് അപവാദങ്ങളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍, കോടതി മറ്റുവിധത്തില്‍ വിധിക്കാത്ത പക്ഷം സംരക്ഷണം അമ്മയില്‍ തന്നെ തുടരും.
ദമ്പതികള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമാകുന്ന കാര്യങ്ങള്‍ പരിഹരിക്കുന്നതിനായി പുതിയ നിയമം അമ്മമാര്‍ക്കും പിതാക്കന്മാര്ക്കും തുല്യ യാത്രാ അവകാശങ്ങള്‍ നല്കുന്നു. രക്ഷിതാക്കള്‍ക്ക് വര്‍ഷത്തില്‍ ഒന്നോ അതിലധികമോ തവണ, 60 ദിവസം വരെ, അവരുടെ കുട്ടിയുമായി ഒറ്റയ്ക്ക് യാത്ര ചെയ്യാം. വൈദ്യചികിത്സ അല്ലെങ്കില്‍ മറ്റ് ന്യായീകരിക്കാവുന്ന ആവശ്യങ്ങള്‍ പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ ഈ കാലയളവ് നീട്ടാന്‍ കഴിയും. ജീവനാംശ വിഷയത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കുട്ടികളുടെ എമിറേറ്റ്സ് ഐഡികളും പാസ്പോര്‍ട്ടുകളും പുതിയ നിയമപ്രകാരം കര്‍ശനമായ മേല്‍നോട്ടത്തിന് വിധേയമായിരിക്കും. കുട്ടിയുടെ ഐഡി അമ്മ കൈവശം വയ്ക്കുമ്പോഴും പാസ്പോര്‍ട്ട് പിതാവ് കൈവശം വയ്ക്കുമ്പോഴും, ഈ രേഖകളുടെ ദുരുപയോഗം നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഉദാഹരണത്തിന്, ഒരു രക്ഷിതാവ് കുട്ടിയുടെ ഐഡി ഉപയോഗിച്ച് രാജ്യം വിടുകയാണെങ്കില്‍, മറ്റേ രക്ഷിതാവിന് കോടതിയില്‍ ഇതിനെ ചോദ്യം ചെയ്യാം. കുടുംബ സ്ഥിരതയും സാമൂഹിക ഐക്യവും നിലനിര്‍ത്തുക എന്നതാണ് പുതിയ നിയമനിര്‍മ്മാണം ലക്ഷ്യമിടുന്നത്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴകള്‍ ഈടാക്കും.