
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഖത്തര്‍ കെഎംസിസിയുടെ അരനൂറ്റാണ്ട് മുമ്പത്തെ പ്രസ്ഥാന ചരിത്രത്തിന്റെ ഓര്‍മ്മച്ചെപ്പ് തുറന്ന് അബ്ദുല്ലമാര്‍. അമ്പതാണ്ടിന്റെ പാരമ്പര്യവും ആധുനിക ഖത്തറിന്റെ വികസനക്കുതിപ്പും സമന്വയിച്ച ചരിത്ര തുരുത്തിലൂടെ പൂര്‍വകാല സഹപ്രവര്‍ത്തകരുടെ മുമ്പില്‍ മൂന്ന് അബ്ദുല്ലമാര്‍ സഞ്ചാരപഥം തീര്‍ത്തപ്പോള്‍ പ്രവാസ ജീവിതം നയിക്കാന്‍ ഖത്തറില്‍ കുടിയേറിയ ആ പഴയ എഴുപതുകളിലേക്ക് അറിയാതെ സദസ്യരുടെ മനസ് പ്രയാണം നടത്തി. വലിയ സൗകര്യങ്ങളോ സംവിധാനങ്ങളോ ഒന്നുമില്ലാത്ത കാലം. മുമ്പില്‍ പരന്നു കിടക്കുന്ന മരുഭൂമി. അങ്ങിങ്ങായി ചെറിയ കടകള്‍ മാത്രം. കുടുംബത്തിന്റെ പ്രയാസങ്ങള്‍ മാറ്റാനായി കലിതുള്ളുന്ന കടലില്‍ തിരമാലകളെ വകഞ്ഞുമാറ്റി ലാഞ്ചിയില്‍ കയറിപ്പറ്റിയവരും മുംബൈ വഴി പല മാര്‍ഗങ്ങളിലായി ദോഹയില്‍ എത്തിയവരുമായ ഏതാനും മലയാളികള്‍. അവര്‍ക്കിടയില്‍ ഹരിത രാഷ്ട്രീയ സംഘബോധത്തിന്റെ പ്രാധാന്യം പാത്തും പതുങ്ങിയും പറഞ്ഞുകൊടുത്ത ത്രസിപ്പിക്കുന്ന ഓര്മ.
എസി യോ കൃത്യമായ വൈദ്യുതിയോ ഇല്ലാത്ത അടച്ചിട്ട മുറിയിലെ അരണ്ട വെളിച്ചത്തിലാണ് മുസ്്ലിംലീഗിനെ കുറിച്ച് അവര്‍ വിവരിച്ചുകൊടുത്തത്. ആ കൂട്ടായ്മ മെല്ലെ മെല്ലെ വളര്‍ന്നു. പിന്നീട് ലോകത്തോളം വളര്‍ന്ന കെഎംസിസിയുടെ ഖത്തറിലെ അരനൂറ്റാണ്ട് മുമ്പത്തെ ചരിത്രം അന്ന് കെഎംസിസി രുപീകരണത്തിന് നേതൃത്വം നല്കിയ പികെ അബ്ദുല്ലയും പിന്നീട് നേതൃത്വത്തിലെത്തിയ മുന്‍ എംഎല്‍എയും കെഎംസിസി ഖത്തര്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ലയും തന്റെ ബൗദ്ധിക കരുത്തുകൊണ്ട് ദോഹയുടെ ഇടവഴികളിലെ മുറികള്‍ക്കുള്ളില്‍ സമുദായ രാഷ്ട്രീയത്തിന്റെ ആവശ്യകത പറഞ്ഞു നടന്ന സ്ഥാപക നേതാവ് ഇ.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ ജാതിയേരിയുമാണ് തങ്ങളുടെ പ്രാസ്ഥാനികാനുഭവങ്ങള് പങ്കുവച്ചത്. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കെഎംസിസി എന്ന നാലക്ഷര കാരുണ്യ കൂട്ടായ്മയായി പരിണമിച്ചപ്പോള്‍ പ്രവാസലോകവും പൊതുസമൂഹവും അതേറ്റെടുത്തു ലോകോത്തരമാക്കിയ ചരിത്ര വഴികളിലൂടെയുള്ള വിവരണം ആദ്യകാല സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഹൃദ്യമായി. ഖത്തര്‍ പ്രവാസം മതിയാക്കി നാട്ടില്‍ സ്ഥരാതാമസമാക്കിയ കോഴിക്കോട് ജില്ലയിലെ കെഎംസിസി നേതൃനിരയില്‍ പ്രവര്‍ത്തിച്ചവര്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ഓര്‍മച്ചെപ്പ് പരിപാടിയിലാണ് സ്ഥാപക നേതാക്കള്‍ ഖത്തറിലെ കെഎംസിസിയുടെ ആരംഭ കാലത്തെ നിറവാര്‍ന്ന ചരിത്രവും സംഘടന നേരിട്ട പ്രതിസന്ധികളും പ്രയാസങ്ങളും സമര്‍പ്പിത പ്രവര്‍ത്തനത്തിന് നേതൃപരമായ പങ്കുവഹിച്ചവരുടെ സേവന തൃഷ്ണയും വരച്ചുകാട്ടി ഓര്‍മചെപ്പ് തുറന്നത്. ആധുനിക ഖത്തറില്‍ ഏറെ സഹായകരമായ രീതിയില്‍ പ്രവര്‍ത്തനം ശക്തമിപ്പെടുത്താനായത് ഇ.അഹമ്മദ് സാഹിബ് നടത്തിയ ഇടപെടലുകളും ശൈഖ് ഉബൈദാനെ പോലുള്ള തദ്ദേശീയ പ്രമുഖരുടെ ചേര്‍ത്ത് പിടിക്കലുമാണെന്ന് പാറക്കല്‍ അബ്ദുല്ല ഓര്‍ത്തെടുത്തു. വര്‍ത്ത മാനകാലത്ത് കെഎംസിസി പ്രവര്‍ത്തകര്‍ക്ക് കാവലൊരുക്കി സ്നേഹവും സുരക്ഷയും കോര്‍ത്തിണക്കി സ്നേഹപൂര്‍വമായ പദ്ധതികളിലൂടെ ജീവകാരുണ്യ,ആതുര വിദ്യാഭ്യാസ രംഗത്ത് നാട്ടിന്റെ മുഖഛായ മാറ്റി ലോകത്തോളം വളര്‍ന്ന പ്രസ്ഥാനമായി വളര്‍ന്ന സംഘടനയുടെ ഖത്തറിലെ ഇന്നലെ കളിലേക്ക് സദസിനെ തിരികെ നടത്തിച്ച അനുഭവക്കുറിപ്പുകളായി മാറി മൂന്ന് അബ്ദുല്ലമാരുടെയും അനുഭവകഥകള്‍.
സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെയും സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളുടെയും ആത്മീയമായ തണലും തലോടലും സിഎച്ചിന്റെയും പിവി മുഹമ്മദിന്റെയും കരുത്തും പ്രവര്‍ത്തന ചടുലതയും ഏറെ കണ്ട ഹരിത രാഷ്ട്രീയത്തിന്റെ വളക്കൂറുള്ള മണ്ണായ കൊയിലാണ്ടിയില്‍ നിന്ന് ഖത്തറിന്റെ മണ്ണില്‍ മുസ്്ലിംലീഗിന്റെ യശസ്സുയര്‍ത്തിയ അബ്ദുല്ലമാരുടെ മുഴുസമയ സാന്നിധ്യവും അനുഭവ സാക്ഷ്യങ്ങളും ഏഴു മണിക്കൂര്‍ നേരം ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്നുമെത്തിയ കെഎംസിസി നേതൃനിരയിലുണ്ടായിരുന്ന നൂറ്റി അമ്പതോളം പ്രതിനിധികളുടെ മനസിനെ കുളിരണിയിച്ചു. സിപി സദഖത്തുല്ല,മമ്മൂട്ടി പുളിയത്തുങ്കല്‍,സിപി ഷാനവാസ്,ഒഎ കരീം,സലാം ചീക്കൊന്ന്,അബ്ദുല്ല സികെ,ടിടി അബ്ദുറഹ്മാന്,ഇകെ മായിന്‍ മാസ്റ്റര്‍,ഖാസിം വണ്ണാറത്ത്,മൂസ കുന്നോത്ത്,ഇസ്മായില്‍,അബ്ദുല്‍ ഖാദര്‍ ഇല്ലത്ത്,ഹുസൈന് കുട്ടി.എം,മൊയ്തു പുറമണ്ണില്‍,അബ്ദുറഹ്മാന് മണ്ണങ്കര,ഉമ്മര്‍ പൂനൂര്,കുഞ്ഞമ്മദ്,ഉസ്മന്‍ പാഞ്ചാല നേതൃത്വം നല്കി.