ഷാര്‍ജ പുസ്തകോത്സവം: ‘രത്നശാത്രം’ പുസ്തക പ്രകാശനം ഞായറാഴ്ച

രക്തസമര്ദമുണ്ടോ? കൊളസ്ട്രോള്‍ ഉണ്ടോ? മെഡിക്കല്‍ ലാബുകള്‍ തിരഞ്ഞു നടക്കേണ്ട. പണം ചെലവാകുമെന്ന ആശങ്കയുമില്ല. വരുന്നു… എഐ പവേര്‍ഡ് സാങ്കേതിക വിദ്യ. കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇതെല്ലാം നിഷ്പ്രയാസം കണ്ടെത്താനാവും. യുഎഇയിലെ രോഗികള്‍ക്ക് ഉടന്‍ തന്നെ അവരുടെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് അവരുടെ സുപ്രധാന ആരോഗ്യ വിവരങ്ങള്‍ തല്‍ക്ഷണം പരിശോധിക്കാന്‍ കഴിയും. ദുബൈയില്‍ നടന്ന അറബ് ഹെല്‍ത്തിലാണ് യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം എഐയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പ്രഖ്യാപിച്ചത്.
സ്മാര്‍ട്ട് ഫോണുകളെയും ടാബുകളെയും വ്യക്തിഗത ആരോഗ്യ നിരീക്ഷണ ഉപകരണങ്ങളാക്കി മാറ്റുന്ന നൂതന കൃത്രിമ ബുദ്ധി സംവിധാനമായ ‘ബയോസൈന്‍സ്’ എന്നറിയപ്പെടുന്ന പുതിയ സാങ്കേതികവിദ്യയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആരോഗ്യ സംരക്ഷണ സംവിധാനം നവീകരിക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ് ബയോസൈന്‍സ്. കൊളസ്ട്രോള്‍,ഹീമോഗ്ലോബിന്‍,ഹൃദയമിടിപ്പ്,രക്തസമ്മര്‍ദം,സമ്മര്‍ദനില എന്നിവ പോലുള്ള സുപ്രധാന അടയാളങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അളക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ക്യാമറകള്‍ക്ക് കഴിയും. അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡി എ) അംഗീകരിച്ചതാണ് ഈ സംവിധാനം.
വ്യക്തിയുടെ മുഖം വിശകലനം ചെയ്ത് ചര്‍മത്തിന്റെ നിറത്തിലും ചര്‍മത്തിനടിയിലെ രക്തപ്രവാഹത്തിലുമുള്ള സൂക്ഷ്മമായ മാറ്റങ്ങള്‍ കണ്ടെത്തി കൃത്യമായ തത്സമയ ആരോഗ്യ വായനകള്‍ നടത്താന്‍ ഈ സംവിധാനത്തിന് കഴിയും. ആരോഗ്യ നിരീക്ഷണം എളുപ്പത്തില്‍ ചെയ്യുന്നതിനും പതിവ് ലാബ് സന്ദര്‍ശനങ്ങളുടെയും ചെലവേറിയ മെഡിക്കല്‍ പരിശോധനകളുടെയും ആവശ്യകത കുറയ്ക്കുന്നതിനുമാണ് ബയോസൈന്‍സ് സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ ആപ്പ് അല്ലെങ്കില്‍ വെബ് പ്ലാറ്റ്ഫോം വഴി ഫലങ്ങള്‍ തല്‍ക്ഷണം ലഭ്യമാകുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ആരോഗ്യം എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ കഴിയും.
രക്തസാമ്പിളുകളോ ബാഹ്യ സെന്‍സറുകളോ ആവശ്യമുള്ള പരമ്പരാഗത ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബയോസൈന്‍സ് ഒരു സ്മാര്‍ട്ട്ഫോണ്‍ കാമറയെ മാത്രം ആശ്രയിക്കുന്നു. ഇത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഒരു ബദലാക്കി മാറും. യുഎഇയിലെ അംഗീകൃത ആരോഗ്യ ആപ്ലിക്കേഷനുകളുമായി ഈ സംവിധാനം സംയോജിപ്പിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. രാജ്യത്തിന്റെ ഏകീകൃത ആരോഗ്യ റെക്കോര്‍ഡ് സിസ്റ്റവുമായി നേരിട്ട് ബന്ധിപ്പിക്കും. വ്യക്തികളെ വീടുകളില്‍ തന്നെ നിരീക്ഷിക്കാന്‍ പ്രാപ്തരാക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്തി സമയബന്ധിതമായ ചികിത്സ തേടാനും മറ്റു സമര്‍ദങ്ങള്‍ കുറയ്ക്കുന്നതിനും സാങ്കേതികവിദ്യ ഉപകരിക്കും.
ബയോസൈന്‍സ് സാങ്കേതികവിദ്യ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക മാത്രമല്ല,കാര്യക്ഷമതയും ഗുണനിലവാരവും ഇത് മെച്ചപ്പെടുത്തും. ഡിജിറ്റല്‍ ആരോഗ്യ ഡാറ്റാ സംവിധാനത്തിലൂടെ ആരോഗ്യ മേഖലയിലെ നവീകരണം സാധ്യമാക്കുന്നതായും ആരോഗ്യ മന്ത്രാലയം സപ്പോര്‍ട്ട് സര്‍വീസസ് സെക്ടറിന്റെ ആക്ടിങ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്ല അഹ്ലി പറഞ്ഞു. മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് കൃത്രിമ ഇന്റലിജന്‍സ് സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.