
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം 92.3 ദശലക്ഷം യാത്രക്കാരെയാണ് ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വരവേറ്റത്. ഇതുവരെയുണ്ടായിരുന്ന റെക്കോര്ഡനുസരിച്ചു 2018ലാണ് ഏറ്റവും കൂടുതല്‍ പേര് ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. 89.1 ദശലക്ഷം. എന്നാല്‍ എല്ലാ കണക്കുകളും പിന്നിലാക്കി കഴിഞ്ഞവര്‍ഷം 92.3 ദശലക്ഷം യാത്രക്കാരാണ് ദുബൈയില്‍ പറന്നിറങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാള്‍ 200,000 യാത്രക്കാര്‍ അധികമായി എത്തിയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 33 ലക്ഷത്തിലധികം വിമാനങ്ങളിലായി 700 ദശലക്ഷത്തിലധികം പേരാണ് ദുബൈ എയര്‍പോര്‍ട്ടില്‍ വരികയോ പോവുകയോ ചെയ്തത്. 2014 മുതല്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ റാങ്കിങ്ങില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബൈ സ്ഥാനം പിടിച്ചിട്ടുണ്ട്.
സര്‍വകാല റെക്കോര്‍ഡ് ഭേദിച്ചതോടെ ദശലക്ഷക്കണക്കിന് യാത്രക്കാരുടെ ഇഷ്ട വിമാനത്താവളമെന്ന ഖ്യാതി ദുബൈ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. ‘ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരു ആഗോള വിജയഗാഥയാണ്. അത് യുഎഇയുടെ ധീരമായ അഭിലാഷങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള കഴിവിനെ അടയാളപ്പെടുത്തുന്നു. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി സ്ഥിരമായി റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള വിമാനത്താവളമാണിത്. ഈ വര്‍ഷത്തെ യാത്രക്കാരുടെ റെക്കോര്‍ഡ് യുഎഇയുടെ പുരോഗതിയെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങളുടെയും മികവിന്റെയും തെളിവാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഈ നേട്ടത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. റാങ്കിങ്ങിനപ്പുറം ഞങ്ങളുടെ ശ്രദ്ധ ലോകത്തിന് അസാധാരണമായ മൂല്യം നല്‍കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍മക്തൂമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. 92 ദശലക്ഷം യാത്രക്കാരുടെ എണ്ണം എന്നത് മഹത്തായ നേട്ടമാണെന്ന് ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്സ് പറഞ്ഞു. ഈ വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം ഞങ്ങളുടെ കണക്കുകൂട്ടലുകളേക്കാള്‍ ഏകദേശം 200,000 അധികമാണ്. ഇത് ദുബൈയുടെ ആഗോള ആകര്‍ഷണത്തിന്റെ ശക്തിയെ അടിവരയിടുന്നു. 2027 ആകുമ്പോഴേക്കും 100 ദശലക്ഷം വാര്‍ഷിക യാത്രക്കാരായി ഉയരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ അല്‍മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 35 ബില്യണ്‍ ഡോളറിന്റെ വിപുലീകരണ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. ദുബൈയിലൂടെ കടന്നുപോയ 700 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്കാന് കഴിഞ്ഞിട്ടുണ്ട്.
107 രാജ്യങ്ങളിലേക്കായി 106 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ 272 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇതൂലുടെ സര്‍വീസ് നടത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ കണക്ടിവിറ്റിയുള്ള വിമാനത്താവളമായി ദുബൈ പ്രയാണം തുടരുകയാണ്. കഴിഞ്ഞവര്‍ഷം 2.2 ദശലക്ഷം ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20.5% വര്‍ധനവുണ്ടായി. കഴിഞ്ഞവര്‍ഷം 81.2 ദശലക്ഷം ബാഗുകള്‍ കൈകാര്യം ചെയ്തുകൊണ്ട് അവിശ്വസനീയമായ ഒരു നാഴികക്കല്ല് കുടിയാണ് പിന്നിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.