
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: യുഎന്നുമായി ബന്ധപ്പെട്ട അറബ് മീഡിയ യൂണിയനില്‍ അംഗത്വം നേടിയ ആദ്യ ഇമാറാത്തി മാധ്യമ പ്രവര്‍ത്തകയായി നജ്ല അല്‍ദൂഖി ചരിത്രത്തില്‍ ഇടം നേടി. ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ)യുടെ മാര്‍ക്കറ്റിങ് ആന്റ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയരക്ടറായി പ്രവര്‍ത്തിക്കുന്ന നജ്ലയ്ക്ക്, സ്ഥാപനത്തിന് നല്കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയാണ് നജ്ലയെ നാമനിര്‍ദേശം ചെയ്തത്. ജിഡിആര്‍എഫ്എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മര്‍റിയുടെ സാന്നിധ്യത്തില്‍ നജ്ല അല്ദൂഖിക്ക് അംഗത്വ കാര്‍ഡ് കൈമാറി. നജ്ലയുടെ നേട്ടം ഇമാറാത്തി മാധ്യമ മേഖലയിലെ ഉയര്‍ച്ചക്കും അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതാപം വര്‍ധിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കുമെന്ന് യുഎന്‍ അറബ് മീഡിയ യൂണിയന്റെയും അറബ് ക്രിയേറ്റേഴ്സ് യൂണിയന്റെയും മേധാവി ഡോ.അഹ്്മദ് നൂര്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍,മാര്‍ക്കറ്റിങ് മേഖലകളിലെ സേവനം മെച്ചപ്പെടുത്തുന്നതില്‍ നജ്ല വഹിച്ച നിര്‍ണായക പങ്കാണ് ഈ അംഗീകാരത്തിന് കാരണമായതെന്ന് അല്‍ മര്‍റി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിലും ദുബൈയുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിലും നജ്ല നടത്തിയ ശ്രമങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അഭിമാനകരമായ നേട്ടത്തിന് തന്നെ നാമനിര്‍ദേശം ചെയ്തതിന് ലഫ്.ജനറല്‍ അല്‍ മര്റിയ്ക്ക് നജ്ല അല്‍ദൂഖി നന്ദി അറിയിച്ചു. ‘ജനറല്‍ ഡയരക്ടറേറ്റിന്റെ ശക്തമായ പിന്തുണയും മാര്‍ഗനിര്‍ദേശവും ഇല്ലാതെ ഈ നേട്ടം കൈവരിക്കാന്‍ സാധിക്കില്ല. കൂട്ടായ ശ്രമങ്ങളും സഹകരണവുമാണ് വിജയത്തിലേക്ക് നയിക്കുന്നതെന്നും നജ്ല പറഞ്ഞു. ഇമാറാത്തി മാധ്യമ രംഗം ആഗോള തലത്തില്‍ കൂടുതല്‍ ഉയര്ത്തിപിടിക്കാനുള്ള തന്റെ പ്രതിബദ്ധത തുടരുമെന്നും അവര്‍ അറിയിച്ചു. നജ്ല അല്ദൂഖിയുടെ നേട്ടം ഇമാറാത്തി മാധ്യമ മേഖലയിലും സര്‍ക്കാര്‍ കമ്മ്യൂണിക്കേഷനിലും പുതിയ അധ്യായമായി മാറുന്നതോടൊപ്പം ആഗോള തലത്തില്‍ ഇമാറാത്തി വനിതകളുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമാകും.