
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: മെട്രോക്കും ട്രാമിനും പിന്നാലെ ദുബൈ നഗരത്തില്‍ റെയില്‍ ബസ് ഓടി തുടങ്ങും. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ ബസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. 11.5 മീറ്റര്‍ നീളവും 2.65 മീറ്റര്‍ വീതിയുമുള്ള കാപ്സ്യൂള്‍ പോലുള്ള വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടാനാവും. ഒരു ക്യാപ്സ്യൂള്‍ വാഹനത്തില്‍ 40 യാത്രക്കാരെ ഉള്‍ക്കൊള്ളാനും കഴിയും.
പദ്ധതിയുടെ ലോഞ്ചിങ് തീയതി വ്യക്തമാക്കിയിട്ടില്ല. മിക്കവാറും ഇന്ന് ദുബൈ യില്‍ ആരംഭിക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയി ല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു. ഇത്തരം ബസ്സുകള്‍ ഭാരം കുറഞ്ഞതും വളരെ വഴക്കമുള്ളതുമായിരിക്കും, മാത്രമല്ല അടിസ്ഥാന സൗകര്യങ്ങള്‍ പരിപാലിക്കുന്നതിനുള്ള ചെലവ് ഗണ്യമായി കുറക്കാനും കഴിയും. വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനും സുഗമമായ പൊതുഗതാഗതം സാധ്യമാക്കാനുമുള്ള ദുബൈ ആര്‍ടിഎയുടെ സമീപകാല പ്രഖ്യാപനങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണിത്.
2040 ഓടെ മെട്രോ, ട്രാം സ്റ്റേഷനുകളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍ ജൂണില്‍ പുറത്തിറക്കിയിരുന്നു. കൂടാതെ കാര്‍ബണ്‍രഹിത സുസ്ഥിര ഗതാഗത സംവിധാനത്തിലേക്കുള്ള ദുബൈയുടെ ഉറച്ച ചുവടുവെപ്പിലേക്കുള്ള പ്രധാനപ്പെട്ട പദ്ധതിയാണിത്. ഇന്ന് മദീനത്ത് ജുമൈറയില്‍ നടക്കുന്ന വേള്‍ഡ് ഗവണ്മെന്റ് ഉച്ചകോടിയില്‍ റെയില്‍ ബസിന്റെ ഒരു പ്രോട്ടോടൈപ്പ് നിലവില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബസ്സിന്റെ പുറംഭാഗം മിനുസമാര്‍ന്ന കറുപ്പും സ്വര്‍ണ്ണവും നിറമുള്ളതാണ്. രണ്ട് നിര ഓറഞ്ച് സീറ്റുകള്‍, വൈകല്യമുള്ള യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യം. ഓരോ വണ്ടിയിലും 22 സീറ്റുകളുണ്ട്, 40 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. പൂര്‍ണമായും ഹൈടെക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ ബസില്‍ തത്സമയ യാത്രാ അപ്ഡേറ്റുകള്, കാലാവസ്ഥാ പ്രവചനങ്ങള്‍, സ്റ്റോപ്പ് വിവരങ്ങള്‍ എന്നിവ, യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യും.
ഉയര്‍ന്ന ട്രാക്കുകളില്‍ ഓടുന്ന റെയില്‍ ബസ് നിലവിലുള്ള ഗതാഗത ശൃംഖലയുമായി സംയോജിപ്പിച്ചതിനാല്‍ യാത്രയുടെ തുടക്കവും ഒടുക്കവും എളുപ്പമാക്കും. ദുബൈ മെട്രോക്ക് തുല്യമായി ദുബൈയിലെ പൊതുഗതാഗത മേഖലയിലെ മുഖ്യ ഘടകമായി മാറും റെയില്‍ ബസ്. നിലവില്‍ ദുബൈയില്‍ 55 മെട്രോ സ്റ്റേഷനുകളുണ്ട്,35 എണ്ണം റെഡ് ലൈനിലും 20 എണ്ണം ഗ്രീന്‍ ലൈനിലുമാണ് .
കൂടാതെ 11 ട്രാം സ്റ്റോപ്പുകളും. 2030 ആകുമ്പോഴേക്കും ഈ എണ്ണം 140 കിലോമീറ്റര്‍ വിസ്തൃതിയുള്ള 96 സ്റ്റേഷനുകളായി ഉയര്‍ത്തുമെന്നും ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. നഗരത്തിന്റെ വടക്കുകിഴക്കന്‍ മേഖലയെ പൊതുഗതാഗത മേഖലയുമായി യോജിപ്പിക്കാന്‍ മെട്രോ സംവിധാനത്തിലേക്ക് ഒരു നീല പാത ചേര്‍ക്കുന്നതിനായി 18 ബില്യണ്‍ ദിര്‍ഹം (4.9 ബില്യണ്‍ ഡോളര്‍) ചെലവ് വരുന്ന ഒരു പദ്ധതി പുരോഗമിക്കുന്നു. ഇതില്‍ 14 സ്റ്റേഷനുകളും 30 കിലോമീറ്റര്‍ മെട്രോ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും, അതില്‍ പകുതിയിലധികം ഭൂഗര്‍ഭ പാതയും സ്റ്റേഷനുകളുമായിരിക്കും.